Asianet News MalayalamAsianet News Malayalam

നൃത്തം ചെയ്യുന്നത് ജില്ലാ കളക്‌ടറോ? വൈറല്‍ വീഡിയോയുടെ യാഥാര്‍ഥ്യം പുറത്ത്

വനിത കളക്ടറുടെ നൃത്ത വീഡിയോ എന്ന അവകാശവാദത്തോടെ ഇത് നിരവധിയാളുകള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

Viral video of dance by Ananya Das IAS is fake Fact Check jje
Author
First Published Feb 2, 2024, 2:30 PM IST

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ശ്രീരാമനും അയോധ്യയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. രാമഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ഒരു കളക്ടറുടെ വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. വീഡിയോ പങ്കുവെക്കുന്നവര്‍ അവകാശപ്പെടുന്നതുപോലെ ഇവര്‍ ഐഎഎസ് ഉദ്യോഗസ്ഥ തന്നെയോ? വിശദമായി പരിശോധിക്കാം. 

പ്രചാരണം 

ഒഡിഷയിലെ സാംബല്‍പുരിലെ ജില്ലാ കളക്ടറും ഐഐടി ബിരുദധാരിയുമായ അനന്യ ദാസിന്‍റെ ഗംഭീര നൃത്ത ദൃശ്യമാണിത് എന്നു തലക്കെട്ടോടെയാണ് 2024 ഫെബ്രുവരി 1ന് ബ്രജേഷ് ജലാന്‍ എന്ന വ്യക്തി വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മിനുറ്റും 19 സെക്കന്‍ഡുമാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. ഇതേ വീഡിയോ വനിത കളക്ടറുടെ നൃത്ത വീഡിയോ എന്ന സമാന അവകാശവാദത്തോടെ ട്വിറ്ററില്‍ നിരവധിയാളുകള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

Viral video of dance by Ananya Das IAS is fake Fact Check jje

വസ്‌തുതാ പരിശോധന

ഫേസ്‌ബുക്ക് പോസ്റ്റുകളിലും ട്വീറ്റുകളിലും പറയുന്നത് പോലെ വീഡിയോയിലുള്ളത് അനന്യ ഐഎഎസ് തന്നെയോ എന്ന് തിരിച്ചറിയാന്‍ അവരെ കുറിച്ച് പരതി. @AnanyaDasIAS എന്ന യൂസര്‍ നെയിമിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ പരിശോധിച്ചപ്പോള്‍ വീഡിയോ തന്‍റേതല്ല എന്ന് അനന്യ ട്വീറ്റ് ചെയ്തിട്ടുള്ളതാണ് എന്ന് കാണാനായി. 'ഇതൊരു നല്ല നൃത്തമാണ്, സങ്കടമെന്ന് പറയട്ടേ ഇത് ഞാനല്ല' എന്ന് ചിരിക്കുന്ന ഇമോജി സഹിതമാണ് അനന്യ ദാസിന്‍റെ ട്വീറ്റ്. വീഡിയോയില്‍ നൃത്തം ചെയ്യുന്നതായി കാണുന്നത് അനന്യ ദാസ് ഐഎഎസ് അല്ല എന്ന് ഇതോടെ ഉറപ്പിച്ചു. 

നൃത്തം ചെയ്യുന്ന വീഡിയോയിലുള്ളത് ആരാണ് എന്ന് കണ്ടെത്താനുള്ള ശ്രമമായി അടുത്തത്. വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ദൃശ്യം മ്രദുല മഹാജന്‍ എന്ന വ്യക്തി ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും സമാന വീഡിയോ 2024 ജനുവരി 20ന് പങ്കുവെച്ചതാണ് എന്ന് മനസിലാക്കാന്‍ സാധിച്ചു. മ്രദുല മഹാജനാണ് ന‍ൃത്തരംഗത്തിലുള്ളത് എന്നതാണ് ഇതില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുന്നത്. 

Viral video of dance by Ananya Das IAS is fake Fact Check jje

നിഗമനം

ഒഡിഷയിലെ സാംബല്‍പുരിലെ ജില്ലാ കളക്ടറും ഐഐടി ബിരുദധാരിയുമായ അനന്യ ദാസ് നൃത്തം ചെയ്യുന്നതായി പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു കോണ്ടന്‍റ് ക്രിയേറ്ററുടെ വീഡിയോയാണ് കളക്ടറുടെ ഡാന്‍സ് എന്ന അവകാശവാദത്തോടെ നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. അതേസമയം സാംബല്‍പുര്‍ കളക്ടറായിരുന്ന അനന്യ ദാസ് ഐഎഎസ് അടുത്തിടെ സ്ഥലംമാറി പോയെന്നും പകരം ആള്‍ ജില്ലാ അധികാരിയായി സ്ഥാനമേറ്റിട്ടുണ്ട് എന്നും വ്യക്തമായിട്ടുണ്ട്. 

Read more: സരയൂ നദീ തീരത്ത് 823 അടി ഉയരമുള്ള ശ്രീരാമ പ്രതിമ വരുന്നു, ചിത്രമോ ഇത്? വസ്‌തുത അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios