Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: ഒഡീഷയെ രണ്ട് ഗോളിന് തീര്‍ത്തു; എടികെ മോഹന്‍ ബഗാന്‍ ആദ്യ മൂന്നില്‍

15 മത്സരങ്ങളില്‍ പൂര്‍ത്തിയാക്കി ബഗാന് 27 പോയിന്റാണുള്ളത്. 16 മത്സരങ്ങളില്‍ 26 പോയിന്‍ുള്ള എഫ്‌സി ഗോവയെയാണ് എടികെ പിന്തള്ളിയത്. അതേസമയം, ഒഡീഷ തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക വീണു.

ATK Mohun Bagan into top three of ISL after beating odisha FC
Author
First Published Jan 28, 2023, 9:56 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബഗാന്‍ ആദ്യ മൂന്നിലെത്തിയത്. ബഗാന്റെ ഹോം ഗ്രൗണ്ടായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദിമിത്രി പെട്രാടോസിന്റെ ഇരട്ട ഗോളാണ് ബഗാന് ജയമൊരുക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ബഗാന്റെ മലയാളി താരം ആഷിഖ് കുരുണിയന്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായിരുന്നു.

15 മത്സരങ്ങളില്‍ പൂര്‍ത്തിയാക്കി ബഗാന് 27 പോയിന്റാണുള്ളത്. 16 മത്സരങ്ങളില്‍ 26 പോയിന്‍ുള്ള എഫ്‌സി ഗോവയെയാണ് എടികെ പിന്തള്ളിയത്. അതേസമയം, ഒഡീഷ തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക വീണു. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒഡീഷയ്ക്ക്  22 പോയിന്റാണുള്ളത്. ചെന്നൈയിന്‍ എഫ്‌സിയെയാണ് ഒഡീഷ അടുത്ത മത്സരത്തില്‍ നേരിടുക. ബഗാന് ബംഗളൂരു എഫ്‌സിയാണ് അടുത്ത എതിരാളി.

അതേസമയം, ബംഗളൂരു എഫ്‌സി പ്ലേ ഓഫ് സാധ്യതകല്‍ നിലനിര്‍ത്തി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാന്‍ ബംഗളൂരുവിനായി. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം. ശിവശക്തി നാരായണന്റെ ഇരട്ട ഗോളാണ് ബംഗളൂരുവിന് ജയമൊരുക്കിയത്. രോഹിത് കുമറാണ് ഒരു ഗോള്‍ നേടിയത്. എഡ്വിന്‍ സിഡ്‌നിയാണ് ചെന്നൈയിന്റെ ആശ്വാസഗോള്‍ നേടിയത്.

16 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരുവിന് 22 പോയിന്റാണുളളത്. കഴിഞ്ഞ നാല് മത്സരങ്ങളിലും ബംഗളൂരുവിനെ തോല്‍പ്പിക്കാനായിട്ടില്ല. അതേസമയം ചെന്നൈയിന്‍ എട്ടാം സ്ഥാനത്ത് തുടരുന്നു. 15 മത്സരങ്ങളില്‍ 17 പോയിന്റാണ് ചെന്നൈയിന്. 

നാളെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. കൊച്ചിയിലാണ് മത്സരം. ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാമതെത്താനുള്ള അവസരമുണ്ട്. നിലവില്‍ 16 മത്സരങ്ങളില്‍ 25 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്. നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്.

എന്തിനും തയ്യാറായി സഞ്ജു സാംസണ്‍! ഓസീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് സന്തോഷ വാര്‍ത്ത

Follow Us:
Download App:
  • android
  • ios