Asianet News MalayalamAsianet News Malayalam

ISL 2021-22: മുംബൈയെ മുക്കി പ്ലേ ഓഫിലേക്ക് ആദ്യ ചുവടുവെച്ച് കേരളാ ബ്ലാസ്റ്റേഴ്സ്

ആല്‍വാരോ വാസ്ക്വസിന്‍റെ ഇരട്ടഗോളും മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്‍റെ വണ്ടര്‍ ഗോളുമാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന് ഡിഗോ മീറീഷ്യോ ആണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്.

ISL 2021-22: Kerala Blasters beat Mumbai City FC 3-1, brighten playoff chances
Author
Bambolim, First Published Mar 2, 2022, 9:28 PM IST

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ മുംബൈ സിറ്റിയെ(Mumbai City FC)  ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ മുംബൈ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്ന് മൂന്നാം ഗോളും നേടിയാണ് സെമി പ്രതീക്ഷ സജീവമാക്കിയത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്നാണ് മുംബൈ ആശ്വാസ ഗോള്‍ നേടിയത്.

ആല്‍വാരോ വാസ്ക്വസിന്‍റെ((Alvaro Vazquez) ഇരട്ടഗോളും മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്‍റെ(Sahal Abdul Samad) വണ്ടര്‍ ഗോളുമാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന് ഡിഗോ മീറീഷ്യോ( (Diego Mauricio)) ആണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ ഒരു സീസണില്‍ രണ്ടു തവണ തോല്‍പ്പിക്കുന്നത്. ജയത്തോടെ 19 കളികളില്‍ 33 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തിയപ്പോള്‍ തോല്‍വിയോടെ 19 കളികളില്‍ 31 പോയന്‍റുള്ള മുംബൈ സിറ്റി എഫ് സിക്ക് ഹൈദരാബാദ് എഫ് സിക്കെതിരായ അവസാന മത്സരം ജയിച്ചാലും സെമി സ്ഥാനം ഉറപ്പില്ല.

സഹലിന്‍റെ വണ്ടര്‍ ഗോള്‍

തുടക്കത്തിലെ മുംബൈയുടെ ആക്രമണങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായ ആക്രമണങ്ങളുമായി കളം നിറഞ്ഞ ബ്ലാസ്റ്റേഴ്സിനെ  സഹല്‍ അബ്ദുള്‍ സമദാണ് വണ്ടര്‍ ഗോഗിലൂടെ മുന്നിലെത്തിച്ചത്. 19-ാ ംമിനിറ്റില്‍ നാല് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് സഹല്‍ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് വലയില്‍ കയറുന്നത് നോക്കി നില്‍ക്കാനെ മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിനായുള്ളു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ആല്‍വാരെ വാസ്ക്വസിനെ പെനല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച സ്പോട് കിക്ക് വാസ്ക്വസ് തന്നെ വലയിലാക്കി കേരളത്തെ രണ്ടടി മുന്നിലെത്തിച്ചു.

മുംബൈ മുന്നേറ്റനിരയില്‍ലെ സൂപ്പര്‍ താരം ഇഗോര്‍ അംഗൂളോ ഓഫ് സൈഡില്‍ കുടുക്കി ബ്ലാസ്റ്റേഴ്സ് പ്രതിരോധം അവരുടെ മുനയൊടിക്കുക കൂടി ചെയ്തതോടെ മുംബൈ പതറി. നാലു തവണയാണ് ആദ്യ പകുതിയില്‍ മാത്രം അംഗൂളോ ഓഫ് സൈഡായത്. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് മുംബൈക്ക് ഒപ്പമെത്താന്‍ അവസരം ലഭിച്ചെങ്കിലും ബിപിന്‍ സിംഗിന്‍റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയത് മുംബൈക്ക് തിരിച്ചടിയായി.

നവാസിന്‍റെ ദാനം, വാസ്ക്വസിന്‍റെ ഫിനിഷിംഗ്

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ആക്രമണങ്ങളുമായി മുംബൈ പടനയിച്ചതോടെ ബ്ലാസ്റ്റേഴ്സ് ഏത് നിമിഷവും ഗോള്‍ വഴങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ കളിയുടെ ഗതിക്ക് പ്രതികൂലമായി മുംബൈ ബോക്നിന് പുറത്തുനിന്ന് മൗര്‍ത്താദോ ഫാള്‍ നല്‍കിയ ബാക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിന് പിഴച്ചപ്പോള്‍ ഓടിയെത്തിയ വാസ്ക്വസ് അനായാസം പന്ത് വലയിലാക്കി. മൂന്ന് ഗോള്‍ ലീഡെടുത്തോടെ കളി തണുപ്പിക്കാനുള്ള ബ്ലാസ്റ്റഴ്സിന്‍റെ ശ്രമങ്ങള്‍ മുംബൈ തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ കെടുത്തി.

ലൂണയുടെ വണ്ടര്‍ ഫ്രീ കിക്ക്, മുംബൈക്ക് റഫറിയുടെ പെനല്‍റ്റിദാനം

ഒടുവില്‍ 71-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കെടുക്കുന്നതിനിടെ ഹോര്‍മിപാം ബോക്സില്‍ ഡീഗോ മൗറീഷ്യയോ തള്ളി വീഴ്ത്തിയതിന് മുംബൈക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഹോര്‍മിപാം മൗറീഷ്യോയെ തൊട്ടതേയുള്ളൂവെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. പിഴവേതുമില്ലാതെ മൗറീഷ്യ പന്ത് വലയിലാക്കി മുംബൈയുടെ ആശ്വാസ ഗോള്‍ നേടി. ഒരു ഗോള്‍ വീണതിന് പിന്നാലെ സഹലിനെ പിന്‍വലിച്ച് മറ്റൊരു മലയാളി താരം രാഹുല്‍ കെ പിയെ കോച്ച് ഇവാന്‍ വുകാമനോവിച്ച് ഗ്രൗണ്ടിലിറക്കി.

81-ാം മിനിറ്റില്‍ മുംബൈ ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ ബ്ലാസ്റ്റേഴ്സ് നാലാം ഗോളിന് അടുത്തെത്തി. ലൂണയെടുത്ത ഫ്രീ കിക്ക് മുംബൈ ഗോളഅ‍ കീപ്പര്‍ നവാസിന്‍റെ കൈകളില്‍ തട്ടില്‍ പോസ്റ്റില്‍ തട്ടി തിരിച്ചുവന്നു. റീബൗണ്ടില്‍ പന്ത് കാലിലെത്തിയ കെ പി രാഹുല്‍ അത് വാസ്ക്വസിന്‍റെ കാലുകളിക്ക് നല്‍കിയെങ്കിലും അത് ഗോളാക്കി ഹാട്രിക്ക് തികക്കാന്‍ വാസ്ക്വസിനായില്ല.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യപകുതിയില്‍ ഇറങ്ങിയത്. സസ്പെന്‍ഷനിലുള്ള ഹര്‍മന്‍ജ്യോത് ഖബ്രക്ക് പകരം സന്ദീപ് സിംഗും ചെഞ്ചോക്ക് പകരം കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്ലില്ലാതിരുന്ന സഹല്‍ അബ്ദുള്‍ സമദും ആദ്യ ഇലവനിലെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios