Asianet News MalayalamAsianet News Malayalam

ISL : ഐഎസ്എല്‍ എടികെയുടെ വമ്പൊടിച്ച് മുംബൈ

ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് മുന്നിലായിരുന്നു മുംബൈ. രണ്ടാം പകുതിയുടെ തുടക്കത്തിലെ ദീപക് ടാംഗ്രി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ എടികെയുടെ വലയിലേക്ക് രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി അടിച്ചു കയറ്റിയാണ് മുംബൈ വമ്പന്‍ ജയം സ്വന്തമാക്കിയത്. ഡേവിഡ് വില്യംസാണ് എടികെയുടെ ആശ്വാസ ഗോള്‍ നേടിയത്.

ISL : Mumbai City FC beat ATK Mohun Bagan
Author
Fatorda Stadium, First Published Dec 1, 2021, 9:36 PM IST

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL) പരാജയമറിയാതെ കുതിച്ച എ ടി കെ മോഹന്‍ ബഗാന്‍റെ(ATK Mohun Bagan) വമ്പൊടിച്ച് വമ്പന്‍ ജയവുമായി നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സി(Mumbai City FC). ഒന്നിനെതിരെ അ‍ഞ്ച് ഗോളുകള്‍ക്കാണ് എടികെയെ മുംബൈ മുക്കിക്കളഞ്ഞത്. മൂന്ന് മത്സരങ്ങളില്‍ എടികെയുടെ ആദ്യ തോല്‍വിയാണിത്. മൂന്ന് കളികളില്‍ രണ്ടാം ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ എ ടി കെ നാലാം സ്ഥാനത്തായി.

ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് മുന്നിലായിരുന്നു മുംബൈ. രണ്ടാം പകുതിയുടെ തുടക്കത്തിലെ ദീപക് ടാംഗ്രി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ എടികെയുടെ വലയിലേക്ക് രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി അടിച്ചു കയറ്റിയാണ് മുംബൈ വമ്പന്‍ ജയം സ്വന്തമാക്കിയത്. ഡേവിഡ് വില്യംസാണ് എടികെയുടെ ആശ്വാസ ഗോള്‍ നേടിയത്.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ മുംബൈ മുന്നിലെത്തി. ബിപിന്‍ സിംഗിന്‍റെ ക്രോസില്‍ നിന്ന് വിക്രം സിംഗാണ് തുടക്കത്തിലെ മുംബൈക്ക് ലീഡ് സമ്മാനിച്ചത്. ആദ്യ ഗോളിന്‍റെ ഞെട്ടലില്‍ നിന്ന് ഉണരാതിരുന്ന എടികെയുടെ ഭാഗത്തു നിന്ന് പിന്നീടും കാര്യമായ ഗോള്‍ശ്രമങ്ങളൊന്നും ഉണ്ടായില്ല. 25- ാം മിനിറ്റില്‍ വിക്രം സിംഗ് രണ്ടാം ഗോളിലൂടെ എടികെയെ തളര്‍ത്തി.

ആദ്യ ഗോളിന്‍റെ തനിയാവര്‍ത്തനം പോലെ ബിപിന്‍റെ ക്രോസില്‍ നിന്നായിരുന്നു വിക്രം സിംഗിന്‍റെ ഫിനിഷിംഗ്. വിക്രമിന്‍റെ ആദ്യ ഷോട്ട് അമ്രീന്ദര്‍ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടില്‍ പന്ത് വലയിലാക്കി വിക്രം സിംഗ് ഡബിള്‍ തികച്ചു. അമ്രീന്ദറിനെ ഫൗള്‍ ചെയ്തെന്ന എടികെ കളിക്കാരുടെ പ്രതിഷേധത്തിനിടെയിലും റഫറി ഗോള്‍ അനുവദിച്ചു. ആദ്യ പകുതി തീരും മുമ്പ് മുംബൈ ഒരിക്കല്‍ കൂടി എടികെ വലയില്‍ പന്തെത്തിച്ചു.

ഇത്തവണ ഇഗോര്‍ അംഗൂളോ ആയിരുന്നു സ്കോറര്‍. കോര്‍മറില്‍ നിന്നാണ് അംഗൂളോ സ്കോര്‍ ചെയ്തത്. രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ വിക്രം സിംഗിനെ അപകടകരമായി ഫൗള്‍ ചെയ്തതിന് ദീപക് ടാംഗ്രി ചുവപ്പു കാര്‍ഡ് കണ്ടതോടെ എടികെ തളര്‍ന്നു. തൊട്ടുപിന്നാലെ ജാഹോയുടെ ക്രോസില്‍ നിന്ന് മൗര്‍ത്തൂദാ ഫാള്‍ നാലാം ഗോളും കണ്ടെത്തിയതോടെ മുംബൈ ജയമുറപ്പിച്ചു. ഫാള്‍ ഓഫ് സൈഡായിരുന്നുവെന്ന് എടികെ വാദിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചു.

അധികം വൈകാതെ മുംബൈ അഞ്ചാം ഗോളും കണ്ടെത്തി. ഇത്തവണ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയ ബിപിന്‍ സിംഗായിരുന്നു മനോഹരമായ ഫിനിഷിംഗിലൂടെ മുംബൈക്ക് അഞ്ച് ഗോളിന്‍റെ ലീഡ് സമ്മാനിച്ചത്. അറുപതാം മിനിറ്റില്‍ വില്യംസിലൂടെ ഒരു ഗോള്‍ മടക്കി എടികെ തോല്‍വിഭാരം കുറച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios