userpic
user icon
0 Min read

അർജന്‍റീനയുടെ അടുത്ത സൂപ്പർ താരത്തിനായി യൂറോപ്പിൽ പിടിവലി; റയലും സിറ്റിയും അടക്കം ഏഴ് ക്ലബ്ബുകള്‍ രംഗത്ത്

Real Madrid and Man City chasing U-17 World Cup stars Claudio Echeverri
Claudio Echeverri

Synopsis

ഇക്കഴിഞ്ഞ അണ്ടർ 17 ലോകകപ്പിലെ താരോദയമാണ് ക്ലോഡിയോ എച്ചവേരി. ബ്രസീലിനെതിരായ ക്വാർട്ടർ ഫൈനലിലെ ഹാട്രിക്കോടെ ലിയോണല്‍ മെസിയുടെ പിൻഗാമി എന്ന വിശേഷണവും എച്ചവേരിയെ തേടിയെത്തി. അറ്റാക്കിംഗ് മിഡ്ഫീൽഡറായ എച്ചെവേരി ലോകകപ്പിൽ അഞ്ച് ഗോൾ നേടിയിരുന്നു

ബ്യൂണസ് അയേഴ്സ്: അ‍ർജന്‍റൈൻ ഫുട്ബോളിലെ പുത്തൻ താരോദയമായ ക്ലോഡിയോ എച്ചവേരിയെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബുകൾ രംഗത്ത്. മാഞ്ചസ്റ്റർ സിറ്റിയും, റയൽ മാഡ്രിഡുമടക്കം ഏഴ് ക്ലബുകളാണ് എച്ചവേരിയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

ഇക്കഴിഞ്ഞ അണ്ടർ 17 ലോകകപ്പിലെ താരോദയമാണ് ക്ലോഡിയോ എച്ചവേരി. ബ്രസീലിനെതിരായ ക്വാർട്ടർ ഫൈനലിലെ ഹാട്രിക്കോടെ ലിയോണല്‍ മെസിയുടെ പിൻഗാമി എന്ന വിശേഷണവും എച്ചവേരിയെ തേടിയെത്തി. അറ്റാക്കിംഗ് മിഡ്ഫീൽഡറായ എച്ചെവേരി ലോകകപ്പിൽ അഞ്ച് ഗോൾ നേടിയിരുന്നു. ഇതോടെയാണ് റിവർപ്ലേറ്റ് താരമായ എച്ചെവേരിയെ ടീമിലെത്തിക്കാനായി യൂറോപ്യൻ ക്ലബുകൾ കൂട്ടത്തോടെ ഇറങ്ങിയത്.

'ഞാനെന്തൊരു വിഡ്ഢി, അന്നത് ചെയ്തതില്‍ ഇപ്പോള്‍ ഖേദിക്കുന്നു'; ഖത്തര്‍ ലോകകപ്പിലെ പെരുമാറ്റത്തക്കുറിച്ച് മെസി

മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, എസി മിലൻ, യുവന്‍റസ്, പിഎസ്‌ജി, ബെൻഫിക്ക എന്നിവരാണ് യുവതാരത്തെ ടീമിലെത്തിക്കാൻ മത്സരിക്കുന്നത്. മെസിയുടെ പാത പിന്തുടർന്ന് ബാഴ്സലോണയിൽ കളിക്കുകയാണ് എച്ചെവേരിയുടെ സ്വപ്നം. എന്നാൽ ബാഴ്സലോണ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനാൽ എച്ചെവേരിയുടെ മോഹം ഉടൻ നടക്കാനിടയില്ല.

നിലവിലെ സാഹചര്യത്തിൽ അ‍ർജന്‍റൈൻ യുവതാരം മാഞ്ചസ്റ്റ‍ർ സിറ്റിയിൽ എത്താനാണ് സാധ്യതകൂടുതൽ. മെസിയുടെ കരിയറിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള പരിശീലകൻ പെപ് ഗാർഡിയോളയ്ക്ക് കീഴിലാണ് സിറ്റി കളിക്കുന്നത്. ഇതുതന്നെയാണ് എച്ചെവേരിയെ സിറ്റിയിലേക്ക് ചേക്കേറാനുള്ള സാധ്യത വർധിപ്പിക്കുന്നതും.

യുറോപ്യൻ ഫുട്ബോളിലെ വമ്പൻ ക്ലബുകളെല്ലാം രംഗത്ത് എത്തിയതോടെ എച്ചെവേരിയുടെ റിലീസ് ക്ലോസ് ഉയർത്താനാണ് റിവർപ്ലേറ്റിന്‍റെ തീരുമാനം. അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്‍റീന സെമിയില്‍ ജര്‍മനിയോട് തോറ്റ് പുറത്തായിരുന്നു. കഴിഞ്ഞ സീസണിൽ റിവർപ്ലേറ്റിൽ നിന്നാണ് ജൂലിയൻ അൽവാരസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. അൽവരാസ് 69 മത്സരങ്ങളിൽ നിന്ന് സിറ്റിക്കായി 25 ഗോളുകൾ നേടി തിളങ്ങിയിരുന്നു.ലോകകപ്പിലും അല്‍വാരസ് അര്‍ജന്‍റീനക്കായി മിന്നും പ്രകടനം പുറത്തെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos