Asianet News MalayalamAsianet News Malayalam

ഉറക്കത്തില്‍ ദുസ്വപ്നങ്ങള്‍ പതിവോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

ഒരു വിഭാഗം ആളുകളില്‍ കാണുന്നൊരു ഉറക്കപ്രശ്നമാണ് ദുസ്വപ്നങ്ങള്‍ പതിവാകുന്നത്. ദുസ്വപ്നങ്ങള്‍ പതിവാകുമ്പോള്‍ അത് ഉറക്കത്തിന്‍റെ 'ക്വാളിറ്റി'യെ ആണ് ബാധിക്കുക. ഇത് ഒരു തരത്തില്‍ ഉറങ്ങാതിരിക്കുന്നതിന് തന്നെ തുല്യമായി വരാം

study says that regular nightmares in middle age may be the sign of dementia
Author
First Published Sep 25, 2022, 10:16 PM IST

രാത്രിയില്‍ നല്ലരീതിയില്‍ ഉറങ്ങിയില്ല എങ്കില്‍ അത് തീര്‍ച്ചയായും പിറ്റേ ദിവസത്തെ പകലിനെ ദോഷമായി ബാധിക്കും. എന്നാല്‍ മിക്ക രാത്രികളും ഇതുപോലെ തന്നെയാണ് കഴിച്ചുകൂട്ടുന്നതെങ്കില്‍ അത് പകല്‍സമയത്തെ ജോലികളെ മാത്രമല്ല ബാധിക്കുക, മറിച്ച് ആകെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. 

ഒരു വിഭാഗം ആളുകളില്‍ ഇത്തരത്തില്‍ കാണുന്നൊരു ഉറക്കപ്രശ്നമാണ് ദുസ്വപ്നങ്ങള്‍ പതിവാകുന്നത്. ദുസ്വപ്നങ്ങള്‍ പതിവാകുമ്പോള്‍ അത് ഉറക്കത്തിന്‍റെ 'ക്വാളിറ്റി'യെ ആണ് ബാധിക്കുക. ഇത് ഒരു തരത്തില്‍ ഉറങ്ങാതിരിക്കുന്നതിന് തന്നെ തുല്യമായി വരാം. 

ദുസ്വപ്നങ്ങള്‍ എല്ലാവരും കാണും. എന്നാല്‍ പതിവായി ദുസ്വപ്നങ്ങള്‍ കാണുകയും ഉറക്കം പ്രശ്നമാവുകയും ചെയ്യുന്നത് തലച്ചോര്‍ നേരിടുന്ന ചില പ്രശ്നങ്ങളുടെ സൂചനയാണ്. പ്രത്യേകിച്ച് മദ്ധ്യവയസായ ആളുകളാണെങ്കില്‍ ഇത് ഭാവിയില്‍ ഡിമെൻഷ്യ (തലച്ചോറിനെ ബാധിക്കുന്ന രോഗം) പിടിപെടുന്നതിനുള്ള സൂചനയാണെന്നാണ് ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്.

ബിര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.  നേരത്തെ നടന്നിട്ടുള്ള മൂന്നോളം പഠനങ്ങളുടെ ഫലം കൂടി ഉള്‍പ്പെടുത്തിയാണ് ഇവര്‍ തങ്ങളുടെ പഠനം നടത്തിയിരിക്കുന്നത്. 

മദ്ധ്യവയസിലുള്ളവര്‍ പതിവായി ദുസ്വപ്നങ്ങള്‍ കാണുന്നത് അവരുടെ തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയാണെന്നാണ് ഇവര്‍ പറയുന്നത്. അല്‍ഷിമേഴ്സ് പോലുള്ള മറവിരോഗങ്ങള്‍ അടക്കമുള്ള പല പ്രശ്നങ്ങളും ഉള്‍പ്പെടുന്ന, തലച്ചോര്‍ ആകെയും ബാധിക്കപ്പെടുന്ന അവസ്ഥയെ ആണ് സത്യത്തില്‍ ഡിമെൻഷ്യ എന്ന് വിളിക്കുന്നത്. ഇത് ഒരൊറ്റ അസുഖമല്ല. ഇതിലേക്കുള്ള സൂചനയാണ് പതിവായ ദുസ്വപനങ്ങളെന്നാണ് ഇവര്‍ പറയുന്നത്. 

മദ്ധ്യവയസ്കരില്‍ അല്ലെങ്കിലും ദുസ്വപ്നങ്ങള്‍ പതിവാകുന്നത് നേരത്തെ സൂചിപ്പിച്ചത് പോലെ അത്ര ആരോഗ്യകരമായ സൂചനയല്ല. എന്നാലിതെ കുറിച്ച് അധികമാരും ശ്രദ്ധിക്കാറുമില്ല, ഡോക്ടര്‍മാരെ കണ്ട് വേണ്ട പരിശോധന നടത്താറുമില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഉറക്കപ്രശ്നങ്ങള്‍ ഒഴിവാക്കാൻ ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വൈകുന്നേരം മുതല്‍ തന്നെ കഫീൻ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക, സ്ട്രെസില്‍ നിന്ന് 'ഫ്രീ' ആകുന്നതിന് വേണ്ടി വൈകീട്ട് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവിടുക, സ്ക്രീൻ ടൈം പരിമിതപ്പെടുത്തുക, ഗ്യാസ്- അസിഡിറ്റി എന്നിവയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍ അത്താഴത്തിന് ഒഴിവാക്കുക, ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ജോലി- പഠനം എന്നിവ നിര്‍ത്തുക- ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കാം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെയോ അസുഖങ്ങളുടെയോ ഭാഗമായി ഉറക്കം ബാധിക്കപ്പെടുന്നവരാണെങ്കില്‍ അവര്‍ ഇക്കാര്യം ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷം പരിഹരിക്കുക. 

Also Read:- വണ്ണം കുറയ്ക്കാൻ അത്താഴം ഒഴിവാക്കണോ?

Follow Us:
Download App:
  • android
  • ios