Asianet News MalayalamAsianet News Malayalam

'ചോരചിന്തിയും നമ്മള്‍ സ്വാതന്ത്ര്യം നേടേണ്ടിയിരിക്കുന്നു'; ഐഎൻഎയുടെ ചരിത്രം നേതാജിയുടെയും

ജപ്പാന്റെ സഹായത്തോടെയും സായുധ പോരാട്ടത്തിലൂടെയും ബ്രിട്ടണിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുകയായിരുന്നു ഐഎഎൻഎയുടെ അത്യന്തികമായ ലക്ഷ്യം. 1944 മാര്‍ച്ച്‌ 18ന്‌ ഐഎന്‍എ അതിര്‍ത്തി കടന്ന്‌ ഇന്ത്യയില്‍ പ്രവേശിച്ചു. ഇന്ത്യന്‍ മണ്ണിൽ അവര്‍ ത്രിവര്‍ണപതാക ഉയർത്തുകയും ചെയ്തു

history of indian national army and struggle for independence india
Author
Delhi, First Published Mar 23, 2022, 6:59 PM IST

                                      'എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ദിവസം. ആയുധശക്തികൊണ്ടും ചോരചിന്തിയും നമ്മള്‍ സ്വാതന്ത്ര്യം നേടേണ്ടിയിരിക്കുന്നു. ഇന്ത്യ മോചിക്കപ്പെട്ടു കഴിയുമ്പോള്‍ സ്വതന്ത്ര ഇന്ത്യ ഒരു സ്ഥിരം സൈന്യത്തെ സംഘടിപ്പിക്കേണ്ടതായി വരും. നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കും കാത്തുരക്ഷിക്കേണ്ടത് അവയുടെ ധര്‍മവും കര്‍ത്തവ്യവുമായിരിക്കും'. 1943 ജൂലൈ അഞ്ചിന് സിംഗപ്പൂര്‍ ടൗണ്‍ ഹാളിന്റെ മുന്നിലെ വിശാലസ്ഥലത്ത് സമരവ്യൂഹങ്ങളായിച്ചമഞ്ഞ് നിലയുറപ്പച്ച ഐഎന്‍എ സേനാവൃന്ദത്തെ സൈന്യാധിപവേഷത്തില്‍ പരിശോധന നടത്തിയ ശേഷം സുബാഷ് ചന്ദ്ര ബോസ് എന്ന നേതാജി പറഞ്ഞ വാക്കുകൾ ആണിത്.

അതിന് തലേദിവസം മാത്രമാണ്  ഇന്ത്യന്‍ സ്വതന്ത്ര ലീഗിന്റെ പൊതുസമ്മേളനത്തില്‍വച്ച് ആ പ്രസ്ഥാനത്തിന്റെ നേതൃത്വം റാഷ്ബിഹാരി ബോസ് നേതാജിക്ക് കൈമാറിയത്. ഗാന്ധിജിയുമായും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായും ഉടലെടുത്ത കടുത്ത ആശയഭിന്നത മൂലം ഇന്ത്യയിൽ നിന്ന് യാത്ര തിരിച്ച സുഭാഷ് ചന്ദ്ര ബോസ്, കിഴക്കൻ ഏഷ്യയിൽ പ്രവർത്തനം ശക്തിപ്പെടുത്തുകയായിരുന്നു. അവിടെ വച്ചാണ് അദ്ദേഹം ഐഎൻഎയെ ഏറ്റെടുക്കുന്നതും കരുത്തുറ്റ ഒരു സേനയാക്കി മാറ്റുന്നതും.

രണ്ടാം ലോകമഹായുദ്ധവും ഐഎൻഎയും

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ രൂപംകൊണ്ട് സേനയാണ്‌ ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐഎൻഎ.  ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശത്തിനെതിരെ ജപ്പാനുമൊത്ത് പോരാട്ടം നയിക്കാൻ ഐഎൻഎയ്ക്ക് സാധിച്ചു. സഹന സമരത്തില്‍ നിന്ന് മാറി ബ്രിട്ടീഷ് ഭരണത്തെ തകർക്കാനും സ്വാതന്ത്ര്യം നേടാനും സൈന്യത്തെ ഉപയോഗപ്പെടുത്തണമെന്ന ചിന്തയിൽ നിന്നാണ് ഐഎൻഎയുടെ പിറവി.

1941 ഡിസംബർ എട്ടിന് ജപ്പാനും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിൽ ശത്രുത തുടങ്ങിയപ്പോൾ, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയുടെ മോചനത്തിനുള്ള സാധ്യതകൾ വർധിപ്പിക്കാമെന്ന പ്രതീക്ഷയിൽ റാഷ് ബിഹാരി ബോസ് ഇതിനോട് യോജിച്ചു. ഗ്രേറ്റർ ഈസ്റ്റ് ഏഷ്യൻ കോ-പ്രോസ്പിരിറ്റി സ്ഫിയർ എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ ജാപ്പനീസ് സൈനിക ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച് കൊണ്ടാണ് ബോസ് പ്രവർത്തനവും തുടങ്ങിയത്.

മലയയിൽ നിന്നും സിംഗപ്പൂരിൽ നിന്നും ബ്രിട്ടനെ ജാപ്പനീസ് സൈന്യം തുടച്ചുനീക്കിയപ്പോൾ, ബ്രിട്ടീഷുകാർക്കെതിരെ ജാപ്പനീസ് സൈന്യത്തോടൊപ്പം പോരാടിയ ഇന്ത്യൻ യുദ്ധത്തടവുകാർ ചേർന്ന് ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) രൂപീകരിക്കുകയായിരുന്നു. ഇവെയ്ച്ചി ഫുജിവാറ എന്ന ജപ്പാന്‍ പട്ടാളക്കാരന്റെ പിന്തുണയോടുകൂടി മോഹന്‍ സിംഗിന്റെ നേതൃത്വത്തിലാണ് കിഴക്കന്‍ ഏഷ്യയില്‍ ഐഎൻഎ പിറക്കുന്നത്.  ഇന്ത്യന്‍ സ്വതന്ത്ര ലീഗിനെ റാഷ്ബിഹാരി ബോസും ഐഎന്‍എയെ മോഹന്‍ സിംഗും നയിച്ചു.

history of indian national army and struggle for independence india

ഇന്ത്യൻ സ്വാതന്ത്ര്യ ലീഗും ഐഎൻഎയും

ഇന്ത്യൻ സ്വാതന്ത്ര്യ ലീഗിന്റെ (ഐഐഎൽ) സൈനിക വിഭാഗമായി 1942 സെപ്റ്റംബർ ഒന്നിനാണ് ഐഎൻഎ രൂപീകൃതമാകുന്നത്. പാൻ-ഏഷ്യാനിസത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ആൾരൂപമായി പിന്നീട് ഐഎൻഎ മാറുകയായിരുന്നു. റാഷ് ബിഹാരി ബോസ് ഇതിന് നേതൃത്വം നൽകി. ബ്രിട്ടന്റെ കൊളോണിയൽ ഭരണത്തിനെതിരെ ഇന്ത്യയുടെ വിമോചനത്തിനായി ജപ്പാനോട് ഒന്ന് ചേർന്ന് പോരാടാൻ ഹോങ്കോംഗ്, ഷാങ്ഹായ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ യുദ്ധത്തടവുകാരെ പ്രേരിപ്പിക്കാൻ ജപ്പാൻ ക്യാമ്പയിൻ നടത്തി. എന്നാൽ, ഏഷ്യയിലെ ജപ്പാന്റെ യുദ്ധത്തിലുള്ള പങ്കിനെച്ചൊല്ലി ഐഎൻഎ നേതൃത്വവും ജാപ്പനീസ് സൈന്യവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അതേ വർഷം ഡിസംബറിൽ തന്നെ ഐഎൻഎ തകരുകയും പിരിച്ച് വിടുകയും ചെയ്തു. ഇതിന് ശേഷമാണ് റാഷ് ബിഹാരി ബോസ് ഐഎൻഎയുടെ നേതൃത്വം സുഭാഷ് ചന്ദ്ര ബോസിനെ ഏൽപ്പിക്കുന്നത്.

പോരാട്ടത്തിന്റെ നാളുകൾ

ജപ്പാന്റെ സഹായത്തോടെയും സായുധ പോരാട്ടത്തിലൂടെയും ബ്രിട്ടണിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുകയായിരുന്നു ഐഎഎൻഎയുടെ അത്യന്തികമായ ലക്ഷ്യം. 1944 മാര്‍ച്ച്‌ 18ന്‌ ഐഎന്‍എ അതിര്‍ത്തി കടന്ന്‌ ഇന്ത്യയില്‍ പ്രവേശിച്ചു. ഇന്ത്യന്‍ മണ്ണിൽ അവര്‍ ത്രിവര്‍ണപതാക ഉയർത്തുകയും ചെയ്തു. എന്നാൽ, യുദ്ധത്തിന് ഗതിമാറ്റം വരികയും ബ്രിട്ടന്റെ മുന്നേറ്റത്തിൽ ജർമൻ സൈന്യം തകരുകയും ചെയ്തതോടെ ഐഎൻഎയ്ക്കും പിടിച്ച് നിൽക്കാനായില്ല.

ബ്രിട്ടീഷ് സൈന്യത്തിന്റെ തിരിച്ചടിക്ക് പുറമെ ഐഎൻഎയുടെ പരാജയത്തിന് മറ്റ് കാരണങ്ങളും ഉണ്ടായിരുന്നു. പടയാളികൾക്ക് ആവശ്യമായ ഭക്ഷണവും ആയുധങ്ങളും എത്തിച്ച് കൊടുക്കാൻ ജപ്പാന് സാധിച്ചിരുന്നില്ല. ഇത് സൈന്യത്തെ വളരെയധികം തളർത്തി. ശക്തമായ കാലവർഷവും വലിയ തിരിച്ചടിയാണ് നൽകിയത്. ഇതോടെയാണ് ആയുധം താഴെയ്ക്കാൻ ഐഎൻഎ പടയാളികൾ നിർബന്ധിതരായത്. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍കാര്‍ കീഴടങ്ങാന്‍ തീരുമാനിച്ചതിന്റെ രണ്ടാം ദിവസമായിരുന്നു നേതാജിയുടെ മരണത്തിലേക്കുള്ള വിമാന യാത്രയും.

history of indian national army and struggle for independence india

വിചാരണ

ദില്ലിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ വച്ച്‌ 1945 നവംബറില്‍ പ്രസിദ്ധമായ ഐഎന്‍എ വിചാരണ ആരംഭിച്ചത്. കേണല്‍ പ്രേം സെഗാള്‍, മേജര്‍ ഷാനവാസ്‌ ഖാന്‍, കേണല്‍ ജി എസ്‌. ധില്ലന്‍ എന്നീ ഐഎന്‍എയിലെ പോരാളികളെയാണ് വിചാരണ ചെയ്തത്. എന്നാൽ,  രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നു. കോൺഗ്രസ് ഒരു ഐഎൻഎ ഡിഫൻസ് കമ്മിറ്റി രൂപീകരിച്ച് ഈ പ്രക്ഷോഭത്തെ ഊർജിതപ്പെടുത്തി. ഇതോടെ ബ്രിട്ടീഷുകാർക്ക് തീരുമാനം മാറ്റേണ്ടി വന്നു. പട്ടാള കോടതി കുറ്റക്കാരാണെന്ന് വിധിച്ചിട്ട് പോലും എല്ലാ തടവുകാരെയും അവർ മോചിപ്പിച്ചു.

ഐഎൻഎയിലെ മലയാളികൾ

ഐഎൻഎയിലെ വനിതാ വിഭാഗമായിരുന്ന ഝാൻസിറാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ച ക്യാപ്റ്റൻ ലക്ഷ്മിയടക്കം നിരവധി മലയാളികളും ഐഎൻഎയുടെ രൂപീകരണത്തിലും പ്രവർത്തനത്തിലും പങ്കാളികളായിട്ടുണ്ട്. എൻ രാഘവന്‍, എൻ പി നായർ, എ സി എൻ നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകര മേനോൻ, വക്കം അബ്ദുൾ ഖാദർ തുടങ്ങിയവർ അവരിൽ ചിലരാണ്. വക്കം ഖാദര്‍, ടി പി കുമാരൻ നായർ തുടങ്ങിയവരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios