Asianet News MalayalamAsianet News Malayalam

ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും രക്തരൂക്ഷിതം; ജാലിയൻ വാലാബാഗ് - പക, പ്രതികാരം, വധശിക്ഷ, മാപ്പ്?

ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവത്തോടുള്ള പകയും പ്രതികാര വാജ്ഞയും സ്വാതന്ത്ര്യ പോരാട്ടത്തിനിറങ്ങിയ ഒരു വിഭാഗം ചെറുപ്പാർക്കുണ്ടായി. ആവരുടെ പ്രതിനിധിയെന്ന പോലെ ഉദ്ധം സിംഗ് എന്ന ചെറുപ്പക്കാരൻ 1940  മാർച്ച് 13 ന് വൈകുന്നേരം ലണ്ടനിലെ കാക്സ്റ്റൺ ഹാളിൽ വച്ച് ജനറൽ ഡയറിനെ വെടിവച്ചുവീഴ്ത്തി

History of Jallianwala Bagh massacre
Author
Jallianwala Bagh, First Published Mar 24, 2022, 8:14 PM IST

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ഏറ്റവും കലുഷിതമായ അധ്യായമായിരുന്നു ജാലിയൻ വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ മാസം 13ാം തിയതി ജാലിയൻ വാലാബാഗിൽ വെടിവയ്ക്കാൻ ജനറൽ ഡയർ ഉത്തരവിട്ടപ്പോൾ പിടഞ്ഞുമരിച്ചത് നിരായുധരായ ജനക്കൂട്ടമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ വെടിയേറ്റുവീണപ്പോഴും വെടിവയ്പ്പ് തുടർന്നു. ഒടുവിൽ തോക്കിലെ ഉണ്ട തീർന്നപ്പോൾ ആയിരുന്നു വെടിവയ്പ്പിന് ശമനമുണ്ടായത്. ബ്രിട്ടിഷ് സർക്കാരിന്‍റെ കണക്കുകൾ 379 പേർ കൂട്ടക്കൊലയിൽ മരണമടഞ്ഞെന്നും 1100 പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നുമായിരുന്നു. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പറഞ്ഞത് ആയിരത്തിലധികം പേർ കൊല്ലപ്പെട്ടെന്നും അയിരത്തി അഞ്ഞൂറിലധികം ആളുകൾക്ക് പരിക്ക് പറ്റിയെന്നുമാണ്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയോടെ ഇന്ത്യൻ സ്വതന്ത്ര്യ സമരവും പുതിയ ദിശാബോധത്തിലേക്ക് കടക്കുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവത്തോടുള്ള പകയും പ്രതികാര വാജ്ഞയും സ്വാതന്ത്ര്യ പോരാട്ടത്തിനിറങ്ങിയ ഒരു വിഭാഗം ചെറുപ്പാർക്കുണ്ടായി. ആവരുടെ പ്രതിനിധിയെന്ന പോലെ ഉദ്ധം സിംഗ് എന്ന ചെറുപ്പക്കാരൻ 1940  മാർച്ച് 13 ന് വൈകുന്നേരം ലണ്ടനിലെ കാക്സ്റ്റൺ ഹാളിൽ വച്ച് ജനറൽ ഡയറിനെ വെടിവച്ചുവീഴ്ത്തി. വർഷങ്ങള്‍ക്കിപ്പുറം 2019 ൽ ബ്രട്ടീഷ് പ്രധാനമന്ത്രി ജാലിയൻ വാലാബാഗ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുകയായിരുന്നു. ഖേദമല്ല വേണ്ടതെന്നും നിരുപാധികം മാപ്പ് പറയണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമായി തുടരുകയാണ്. അതുകൊണ്ടുതന്നെ കാലം എത്ര കഴിഞ്ഞാലും ജാലിയൻ വാലാബാഗ് ചരിത്രത്തിൽ ചോദ്യമായി അവശേഷിക്കും.

റൗലറ്റ് ആക്ട് കരിനിയമം, ഗാന്ധിജി ആഹ്വാനം ചെയ്തു, ജനം തെരുവിലിറങ്ങി

1919 മാർച്ചിൽ ബ്രിട്ടീഷ് ഗവണ്മെന്റ‌് റൗലറ്റ് ആക്റ്റ് എന്ന കരിനിയമം പാസ്സാക്കി. വാറണ്ട് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും റൗലറ്റ് നിയമം ഗവണ്മെന്റിന് അധികാരം നൽകി. റൗലറ്റ് നിയമത്തിനെതിരേ പോരാടാൻ ഗാന്ധിജി ആഹ്വാനം ചെയ്തതോടെ ഇന്ത്യയൊട്ടാകും പ്രതിഷേധങ്ങൾ അരങ്ങേറി. കരിനിയമം പിൻവലിക്കും വരെ പോരാട്ടം എന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ജനത തെരുവുകളിൽ പ്രതിഷേധവുമായി നിലയുറപ്പിച്ചു. ഇതിൽ തന്നെ പഞ്ചാബിൽ പല തവണ സമരം അക്രമാസക്തമായി. പഞ്ചാബിലെ കോൺഗ്രസ്സ് നേതാക്കളായിരുന്ന ഡോ സത്യപാൽ, സെയ്ഫുദ്ദീൻ കിച്ച്ലു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കിയതോടെ പ്രതിഷേധം പുതിയ തലത്തിലേക്ക് കടന്നു. ഇരുവരുടെയും അറസ്റ്റിള പ്രതിഷേധിച്ച്  1919 ഏപ്രിൽ 10ന്‌ അമൃത്സറിൽ ഹർത്താലാചരിച്ചു. അമൃത്സറിൽ ഡെപ്പ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്കു നടന്ന പ്രതിഷേധ റാലിക്കു നേരെ പൊലീസ് നിറയൊഴിച്ചു. ഇതിൽ രോഷകുലരായ ജനക്കൂട്ടം ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും തീവെച്ചു. അക്രമങ്ങളിൽ 5 ബ്രിട്ടിഷുകാരും പൊലീസ് വെടിവെപ്പിൽ ഇരുപതിലേറെ ഇന്ത്യക്കാരും കൊല്ലപ്പെട്ടു.

ഏപ്രിൽ 11 ന്  മാർഷെല ഷേർവുഡ് എന്ന മിഷണറി പ്രവർത്തകയെ ജനക്കൂട്ടം ആക്രമിച്ചു. ഇതോടെ പ്രതിഷേധക്കാരോട് പ്രതികാരം ചെയ്യണമെന്ന് ജനറൽ ഡയർ തീർച്ചപ്പെടുത്തി. ഇന്ത്യാക്കാർ അവരുടെ ദൈവങ്ങളുടെ മുമ്പിൽ കുമ്പിടുന്നു, ഒരു ബ്രിട്ടീഷ് സ്ത്രീ ഹിന്ദു ദൈവങ്ങളെപ്പോലയാണെന്നും ഇന്ത്യാക്കാർ അവരുടെ മുന്നിൽ തലകുനിക്കുന്നത് താൻ കാണിച്ചുതരാമെന്നുമായിരുന്നു ഡയർ നടത്തിയ ഭീഷണി. തൊട്ടടുത്ത ദിവസങ്ങളിൽ അമൃത്സർ നഗരം ഏറെക്കുറെ ശാന്തമായിരുന്നുവെങ്കിലും, പ്രാന്തപ്രദേശങ്ങളിൽ അക്രമം തുടരുന്നുണ്ടായിരുന്നു. വിപ്ലവകാരികൾ തീവണ്ടിപ്പാതകൾ മുറിച്ചു, വാർത്താവിതരണസംവിധാനം തകരാറിലാക്കി. ഏപ്രിൽ 13ന്‌ പഞ്ചാബിൽ പട്ടാള നിയമം ഏർപ്പെടുത്തി. പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിച്ചു. നാലുപേരിലധികം കൂട്ടംകൂടുന്നതുപോലും നിരോധിച്ചു.

1919 ഏപ്രിൽ 13 - ഇന്ത്യക്ക് മറക്കാനാകാത്ത ദിനം

1919 ഏപ്രിൽ 13 സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു. അന്ന് റൗലറ്റ് ആക്ടിനെതിരായ പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികൾക്കെതിരെ അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പ്രതിഷേധിക്കാൻ പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനാളുകൾ ജാലിയൻ വാലാബാഗിലെ മൈതാനിയിൽ തടിച്ചുകൂടിയിരുന്നു. സമാധാനമായി പ്രതിഷേധിക്കാനായിരുന്നു യോഗം ചേർന്നത്. യോഗം തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും അമൃത് സറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ റജിനാൾഡ് ഡയർ സായുധസേനയുമായി മൈതാനം വളഞ്ഞു.  മതിലുകളാൽ ചുറ്റപ്പെട്ട ജാലിയൻവാലാബാഗ് മൈതാനത്തിൽ നിരായുധരായിരുന്ന പ്രതിഷേധക്കാ‍ർക്കുനേരെ ഡയർ വെടിവെപ്പിന് ഉത്തരവിട്ടു. ജാലിയൻ വാലാബാഗിലെ ചുറ്റപ്പെട്ട മതിലുകൾക്കക്കത്ത് വെടിയുണ്ടയേറ്റ് മനുഷ്യർ പിടഞ്ഞുവീണിട്ടും വെടിവയപ്പ് തുടർന്നു. മൈതാനത്തിനകത്തെ കിണറിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് അതിനകത്ത് ജീവൻ നഷ്ടമായതും ദുരന്തത്തിന്‍റെ ആക്കം കൂട്ടി. 120 മൃതശരീരങ്ങളാണ് ഈ ചെറിയ കിണറിൽ നിന്നുമാത്രമായി ലഭിച്ചതെന്നാണ് കണക്ക്.

കുട്ടക്കൊല- പ്രതിഷേധം കത്തിയ നാളുകൾ

കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ സർ സ്ഥാനം ഉപേക്ഷിച്ചു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരായ പ്രതിഷേധം രാജ്യമാകെ അലയടിച്ചു. വിദേശ രാജ്യങ്ങളിൽ പോലും ജാലിയൻ വാലാബാഗ് വലിയ ചർച്ചയായി മാറി. പ്രതിഷേധം അലയടിച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ മൃഗീയം എന്ന് ജാലിയൻവാലാബാഗ് സംഭവത്തെ വിശേഷിപ്പിക്കാൻ തയ്യാറായി. നിരായുധരായ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പൊതുജനത്തെ യാതൊരു പ്രകോപനവും കൂടാതെ വെടിവെച്ചതിൽ ജനറൽ ഡയറെ ഹൗസ് ഓഫ് കോമണസ് നിശിതമായ ഭാഷയിൽ വിമർശിച്ചു.

ജാലിയൻ വാലാബാഗിൽ അന്വേഷണ കമ്മീഷൻ

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കിച്ച് അന്വേഷിക്കാൻ ബ്രിട്ടിഷ് സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു. സ്കോട്ട്ലാന്റിലെ സോളിസിറ്റർ ജനറാലിയിരുന്ന വില്ല്യം ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിലായിരുന്നു ഈ കമ്മീഷൻ പ്രവർത്തിച്ചത്. നവംബർ 19 ന് ഡയർ കമ്മീഷനു മുമ്പിൽ ഹാജരായി. ജനക്കൂട്ടം ജാലിയൻവാലാബാഗിൽ ഒത്തുകൂടിയിട്ടുണ്ടെങ്കിൽ അവിടെ വെടിവെപ്പു നടത്താൻ കരുതി തന്നെയാണ് താൻ പോയതെന്നാണ് ഡയർ കമ്മീഷനു മുമ്പാകെ മൊഴി നൽകിയത്. ജനക്കൂട്ടത്തിന്റെ അപഹാസ്യപരമായ പെരുമാറ്റമാണ് വെടിയുതിർക്കാനുള്ള ഉത്തരവിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കമ്മീഷന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ഡയർ പറഞ്ഞു. വെടിവെപ്പു തുടങ്ങിയസമയത്തുതന്നെ ജനങ്ങൾ പിരിഞ്ഞുപോയിരുന്നു, എന്നിരിക്കിലും അവർ പൂർണ്ണമായി ഒഴിഞ്ഞുപോകുവാനാണ് താൻ വെടിക്കോപ്പു തീരുന്നതുവരെ വെടിവെപ്പു തുടർന്നതെന്നും അക്ഷോഭ്യനായി ഡയർ പറഞ്ഞു. വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവെപ്പു തുടരാൻ നിർദ്ദേശിച്ച ഡയർ കടുത്ത അപരാധമാണ് ചെയ്തതെന്ന് കമ്മീഷൻ കണ്ടെത്തി. കലാപം തുരത്താൻ വേണ്ടിയാണ് ഡയർ ഈ നടപടിക്കു മുതിർന്നതെന്ന് കമ്മീഷനിലെ മറ്റംഗങ്ങൾ വാദിച്ചെങ്കിലും, അവിടെ യാതൊരു കലാപവും ഉണ്ടായിരുന്നില്ലെന്നും കൂടാതെ പഞ്ചാബ് ലഫ്ടനന്റ് ഗവർണറായിരുന്നു ഡ്വയറിനും സമാന ചിന്താഗതിതന്നെയാണുണ്ടായിരുന്നതെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. വെടിവെപ്പിനു മുമ്പായി ഡയർ യാതൊരു വിധ മുന്നറിയിപ്പും നൽകിയിരുന്നില്ലെന്ന് ഹണ്ടർ കമ്മീഷൻ കണ്ടെത്തി. ജനക്കൂട്ടം രക്ഷ തേടി ഓടിയെങ്കിലും ഡയർ വെടിവെപ്പ് നിറുത്താൻ തയ്യാറായിരുന്നില്ലെന്നും ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കാനുള്ള യാതൊരു വിധ ഗൂഢാലോചനയും പഞ്ചാബിൽ നടന്നിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ജാലിയൻവാലാബാഗിൽ മുറിവേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഡയർ തയ്യാറായില്ലെന്നും തികച്ചും മനുഷ്യത്വരഹിതമായിരുന്നു നടപടികളെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. ഇത്രയൊക്കെ കണ്ടെത്തലുകൾ നടത്തിയെങ്കിലും ജനറൽ ഡയർക്കെതിരേ യാതൊരു വിധ ശിക്ഷാ നടപടികളും കമ്മീഷൻ ശുപാർശ ചെയ്തിരുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. എന്നാൽ ഡയർ കുറ്റക്കാരനാണെന്നു കമ്മീഷനുൾപ്പടെ കണ്ടെത്തിയിരുന്നതിനാൽ അദ്ദേഹത്തെ പിന്നീട് സൈനിക സേവനങ്ങളിൽ നിന്നും തിരിച്ചുവിളിച്ചിരുന്നു.

പക, പ്രതികാരം, വധശിക്ഷ

1940  മാർച്ച് 13, വൈകുന്നേരം. ലണ്ടനിലെ കാക്സ്റ്റൺ ഹാൾ അന്ന് നിറഞ്ഞു കവിഞ്ഞിരിക്കുകയായിരുന്നു. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ, റോയൽ സെൻട്രൽ ഏഷ്യൻ സൊസൈറ്റി എന്നിവയുടെ സമ്മേളനത്തിനുള്ള വേദിയായിരുന്നു അത്. ഭൂരിപക്ഷം വരുന്ന ബ്രിട്ടീഷുകാർക്കിടയിൽ ചുരുക്കം ചില ഇന്ത്യക്കാരും സന്നിഹിതരായിരുന്നു. അവർക്കിടയിൽ വളരെ രഹസ്യമായി നുഴഞ്ഞു കയറിയ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയുമുണ്ടായിരുന്നു, പേര് ഉദ്ധം സിംഗ്. അയാളുടെ ഓവർ കോട്ടിനുള്ളിൽ നല്ല കനമുള്ള ഒരു പുസ്തകമുണ്ടായിരുന്നു. ആ പുസ്തകം ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നു അയാൾ അകത്തുകൊണ്ടുവന്നത്. ഉള്ളിലെ താളുകൾക്കിടയിൽ വളരെ സമർത്ഥമായുണ്ടാക്കിയ ഒരു പൊത്തിനുള്ളിൽ ഒരു റിവോൾവർ അയാൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. സമ്മേളനം അവസാനിച്ചു. പങ്കെടുക്കാൻ വന്ന പ്രതിനിധികൾ അവരവരുടെ ഇടങ്ങളിൽ നിന്നും എഴുന്നേറ്റ് തിരിച്ചുപോവാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ ആ ഇന്ത്യക്കാരൻ തന്റെ പുസ്തകം തുറന്ന്  ആ റിവോൾവർ പുറത്തെടുത്തു. മെല്ലെ നടന്നു ചെന്ന് പ്രതിനിധികളിൽ ഒരാളായിരുന്ന, ബ്രിട്ടീഷ് പഞ്ചാബിലെ മുൻ ഗവർണർ, മൈക്കൽ ഓ'ഡ്വയറിന്റെ നെഞ്ചിലേക്ക് വെടിയുതിർത്തു. രണ്ടു വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ദേഹത്ത് തുളച്ചു കേറി.  ഓ'ഡ്വയർ ആ ഹാളിനുള്ളിൽ തൽക്ഷണം മരിച്ചുവീണു. വെടിപൊട്ടിയതോടെ ഹാളിൽ ആകെ അങ്കലാപ്പായി. ആളുകൾ പരക്കം പാഞ്ഞുതുടങ്ങി. വേണമെങ്കിൽ പൊലീസ് വരും മുമ്പ് കൊലപാതകിക്ക് ഓടി രക്ഷപ്പെടാമായിരുന്നു. പക്ഷേ, ഓടി രക്ഷപ്പെടുന്നതിനു പകരം അയാൾ പൊലീസിനെയും കാത്ത് ആ ശവശരീരത്തിനു കാവലിരുന്നു. ഒടുവിൽ പൊലീസ് വന്നു. അയാളെ കസ്റ്റഡിയിലെടുത്തു. കൊലക്കുറ്റം ചുമത്തി അയാളെ ബ്രിട്ടീഷ് കോടതി വിചാരണ ചെയ്തു. കോടതിയിൽ വെച്ച് അയാൾ പറഞ്ഞത് , " എന്റെ പേര് ഉദ്ധം സിംഗ്. ഞാൻ തന്നെയാണ് മൈക്കൽ ഓ'ഡ്വയറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. എനിക്ക് ചാവാൻ ഒരു മടിയുമില്ല.. ജന്മനാടിനുവേണ്ടി ജീവത്യാഗം ചെയ്യുന്നതിൽപ്പരം ഒരു പുണ്യം വേറെയുണ്ടോ.. ?" എന്നായിരുന്നു. വിചാരണക്കോടതി അയാളെ വധശിക്ഷക്ക് വിധിച്ചു. 1940  ജൂലൈ 31 -ന്  അയാളുടെ വധശിക്ഷ നടപ്പിലാക്കപ്പെട്ടു.

നൂറാം വ‍ർഷം ബ്രിട്ടന്‍റെ ഖേദം

എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദർശനവേളയിൽ ജാലിയൻവാലാബാഗ് സ്മാരകം സന്ദർശിക്കുകയും രക്തസാക്ഷികസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ചരിത്രത്തിൽ നടക്കാൻപാടില്ലാത്തതു പലതും സംഭവിച്ചിട്ടുണ്ടെന്നും നല്ലൊരു നാളെ പടുത്തുയർത്താൻ ശ്രമിക്കാം എന്നുമായിരുന്നു എലിസബത്ത് രാജ്ഞി പറഞ്ഞത്. 2013 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂൺ ഇന്ത്യാ സന്ദർശനവേളയിൽ ജാലിയൻവാലാബാഗ് സ്മാരകം സന്ദർശിക്കുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരിക്കിലും, ഒരു ഔദ്യോഗിക ഖേദപ്രകടനത്തിന് ഡേവിഡ് കാമറൂൺ തയ്യാറായില്ലായിരുന്നു. എന്നാൽ ജാലിയൻ വാലാബാഗ് കൂട്ടകൊല നൂറ് വർഷം പിന്നിടുന്ന വേളയിൽ ബ്രിട്ടൻ ഖേദപ്രകടനത്തിന് തയ്യാറായി. 2019 ഏപ്രിൽ മാസത്തിൽ ബ്രിട്ടിഷ് പാർലമെന്‍റിൽ വച്ച് പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന നടത്തിയത്. ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളിൽ ഒന്നാണ് 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെന്നും അവർ പറഞ്ഞു.

ഖേദം പോര, നിരുപാധികം മാപ്പ് പറയണം

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചാൽ മാത്രം പോരെന്നും നിരുപാധികം മാപ്പ് പറയണമെന്നുമുള്ള ആവശ്യം ലോകത്തിന്‍റെ വിവധ ഭാഗങ്ങളിൽ ശക്തമായി. ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്നു. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടു. ജാലിയന്‍വാലാബാഗിന്റെ പേരിൽ മാത്രമല്ല കൊളോണിയൽ കാലത്തെ എല്ലാ തിന്മകളുടെ പേരിലും  ബ്രിട്ടൺ മാപ്പ് പറയണമെന്നായിരുന്നു ശശി തരൂർ പറഞ്ഞത്. എന്തായാലും ബ്രിട്ടൻ ഇനിയും മാപ്പ് പറയാൻ തയ്യാറായിട്ടില്ല. ബ്രിട്ടൻ നിരുപാധികം മാപ്പ് പറഞ്ഞാലും ചരിത്രത്തിൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ രക്തകറ അവരുടെ കൈകളിൽ നിന്ന് മാഞ്ഞുപോകില്ലെന്ന സത്യം ബാക്കിയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios