ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പഞ്ചാബ് സർക്കാർ നൽകിയ സുരക്ഷാ ഉദ്യോഗസ്ഥനാണ് വെടിവച്ചത്. സർക്കാർ നൽകിയ തോക്ക് വച്ചാണ് അയൽവാസിയുടെ സഹോദരനെ വെടിവച്ചിട്ടുള്ളത്

ജലന്ധർ: അയൽവാസിയുടെ സ്ഥലത്ത് മണ്ണ് ഇടുന്നതിനേ ചൊല്ലിയുള്ള തർക്കം. ഐഎഎസ് ഉദ്യോഗസ്ഥയ്ക്കും ഭർത്താവിനും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥയ്ക്കുമെതിരെ കൊലപാതക ശ്രമത്തിന് കേസ്. പ‌ഞ്ചാബിലെ ജലന്ധറിലാണ് സംഭവം. ഐഎഎസ് ഉദ്യോഗസ്ഥയായ ബബിത കലേർ, ഭർത്താവ് സ്റ്റീഫൻ കലേർ, സുരക്ഷാ ഉദ്യോഗസ്ഥനായ സുഖ്കരൻ സിംഗ് എന്നിവർക്കെതിരെയാണ് കേസ്. ബരദാരിയിലാണ് ബബിത കലേറും ഭർത്താവും ആം ആംദ്മി പാർട്ടി നേതാവുമായ ഭ‍ർത്താവും താമസിക്കുന്നത്. ഇവരുടെ സ്ഥലവുമായി അതിർത്തി പങ്കിടുന്ന ഭൂമിയെ ചൊല്ലി തർക്കം നിലനിന്നിരുന്നു. ഈ ഭൂമിയിൽ മണ്ണ് തള്ളുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് വെടിവയ്പുണ്ടായത്.

ശനിയാഴ്ച രാവിലെ ജലന്ധറിലെ ആ‍ഡംബര വസതികളുള്ള മേഖലയിൽ വച്ച് ഐഎഎസ് ഉദ്യോഗസ്ഥയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ അയൽവാസിയുടെ സഹോദരനെ വെടിവയ്ക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് സംഭവത്തിൽ പൊലീസിൽ പരാതി ലഭിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പഞ്ചാബ് സർക്കാർ നൽകിയ സുരക്ഷാ ഉദ്യോഗസ്ഥനാണ് വെടിവച്ചത്. സർക്കാർ നൽകിയ തോക്ക് വച്ചാണ് അയൽവാസിയുടെ സഹോദരനെ വെടിവച്ചിട്ടുള്ളത്.

കൊലപാതക ശ്രമം, മനപൂർവ്വം മുറിവേൽപ്പിക്കൽ, ഗൂഡാലോചന അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഹർപ്രീത് സിംഗ് എന്നയാളുടെ കാലിനാണ് വെടിയേറ്റത്. സംഭവത്തിൽ പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അസഭ്യം പറ‌ഞ്ഞ ശേഷമാണ് കൊലപാതക ശ്രമമെന്നാണ് പരാതി. എന്നാൽ വീടിന് സമീപത്തെ സ്ഥലത്ത് മണ്ണിടാൻ എത്തിയവർക്ക് ഉടമകളോട് സംസാരിക്കാൻ അവസരം നൽകിയതിനിടെ മണ്ണുമായി എത്തിയവ‍ർ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് എഎപി നേതാവായ സ്റ്റീഫൻ കലേർ പ്രതികരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം