Asianet News MalayalamAsianet News Malayalam

കന്നി വോട്ട് ചെയ്‌ത് ഷോംബന്‍ ഗോത്ര വിഭാഗക്കാര്‍; പോളിംഗ് ആവേശത്തില്‍ ആന്തമാൻ നിക്കോബാർ ദ്വീപുകളും

ഗ്രേറ്റ്‌ നിക്കോബാറിലെ ഷോംബനുകള്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പുതിയ അധ്യായമാണ്

Lok Sabha Elections 2024 A historic moment unfolds as the Shompen tribe of Great Nicobar casts their votes
Author
First Published Apr 19, 2024, 3:07 PM IST

പോർട്ട് ബ്ലെയർ: രാജ്യത്തെ ഒന്നാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സജീവ ഭാഗവാക്കായി ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഗോത്ര വിഭാഗങ്ങള്‍. ഉച്ചയ്ക്ക് മുമ്പ് 11 മണി വരെ 21.82 ശതമാനം വോട്ടിംഗാണ് ദ്വീപ് സമൂഹത്തില്‍ ആകെ രേഖപ്പെടുത്തിയത്. പ്രാദേശിക ഗോത്ര വിഭാഗങ്ങളിലെ കന്നി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തിയത് ശ്രദ്ധേയമായി. ഗ്രേറ്റ്‌ നിക്കോബാറിലെ ഷോംബനുകള്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പുതിയ അധ്യായമാണ്. 

2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്‍റെ ഭാഗമാവുകയാണ് ആന്തമാൻ നിക്കോബാർ ദ്വീപുകളും. 3,15,148 വോട്ടര്‍മാരാണ് ഒരു ലോക്‌സഭ മണ്ഡലം മാത്രമുള്ള ആന്തമാനില്‍ വോട്ട് ചെയ്യാന്‍ അര്‍ഹരായിട്ടുള്ളത്. ഇതില്‍ 1,64,012 പേര്‍ പുരുഷന്‍മാരും 1,51,132 പേര്‍ സ്ത്രീകളുമാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പ്രധാന മത്സരം നടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ രണ്ട് സ്ത്രീകളും അഞ്ച് സ്വതന്ത്രരും ഉള്‍പ്പടെ 12 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ആകെയുള്ളത്. കോണ്‍ഗ്രസിനായി സിറ്റിംഗ് എംപി കുല്‍ദീപ് റായ് ശര്‍മ്മയും ബിജെപിക്കായി ബിഷ്‌നു പാഡ റായ്‌യും മത്സരിക്കുന്നു. 

ഇവിഎം യന്ത്രങ്ങളില്‍ നേരിയ പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും പോളിംഗിനെ സാരമായി ഇത് ബാധിച്ചില്ല എന്നാണ് ആന്തമാനിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. ഏറെ വനിതാ വോട്ടര്‍മാര്‍ ആന്തമാനിലും പോളിംഗ് ബൂത്തിലെത്തി. പ്രത്യേക സംരക്ഷണ വിഭാഗത്തില്‍പ്പെട്ട ഗ്രേറ്റ് ആന്തമാനീസ് ഗോത്രത്തിലെ 27 പേര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. മറ്റ് പല ഗോത്ര സമൂഹങ്ങളിലെ അംഗങ്ങള്‍ക്കും ഇവിടെ വോട്ടവകാശമുണ്ട്. സമാധാനപരമായി ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. ആന്തമാനിലെ പോളിംഗ് ചിത്രങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

Read more: രാഷ്‌ട്രീയ പാര്‍ട്ടികള്‍ കരുതിയിരിക്കണം, പക്ഷേ വലിയ സഹായവും; ആരാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, ചുമതലകള്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios