പേപ്പറിൽ കണ്ട പരസ്യത്തിൽ താൽപര്യം തോന്നിയാണ് 85കാരൻ പങ്കാളിക്ക് വേണ്ടി അന്വേഷണം തുടങ്ങിയത്

പൂനെ: 85ാം വയസിൽ ഒരു പങ്കാളിയെ അന്വേഷിച്ച വയോധികനിൽ നിന്ന് തട്ടിപ്പുകാർ തട്ടിയത് 11 ലക്ഷം രൂപ. പൂനെയിലെ ബിംബെവാഡി സ്വദേശിയായ 85കാരനാണ് മാട്രിമോണിയൽ സൈറ്റ് വഴി വൻ തട്ടിപ്പിന് ഇരയായത്. ഏപ്രിൽ 18 മുതൽ ജൂൺ 1 വരെയുള്ള കാലയളവിലാണ് 85കാരൻ വിവിധ അക്കൗണ്ടുകളിലേക്കായി മികച്ച പങ്കാളിയെ കണ്ടെത്താനായി നൽകിയത്.

പേപ്പറിൽ കണ്ട പരസ്യത്തിൽ താൽപര്യം തോന്നിയാണ് 85കാരൻ പങ്കാളിക്ക് വേണ്ടി അന്വേഷണം തുടങ്ങിയത്. രജിസ്ട്രേഷൻ പൂ‍ർത്തിയാക്കാനെന്ന പേരിലായിരുന്നു തട്ടിപ്പുകാർ ആദ്യം പണം തട്ടിയെടുത്തത്. പരസ്യത്തിൽ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ട വയോധികനോട് രജിസ്ട്രേഷൻ പൂർത്തിയായ ശേഷം പെൺകുട്ടിയുടെ വിവരങ്ങൾ നൽകി. പിന്നാലെ തന്നെ പെൺകുട്ടിയ 85കാരനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. വളരെ പെട്ടന്ന് തന്നെ യുവതി 85കാരന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. ഭാവിവധുവിന്റെ പല വിധ ആവശ്യങ്ങൾക്കായി പിന്നീട് പല അക്കൗണ്ടുകളിലേക്ക് 85കാരൻ പണം അയച്ചു നൽകി. 

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണെന്ന യുവതിയുടെ തെളിവ് നിരത്തിയുള്ള വാദങ്ങളിൽ വിശ്വസിച്ചായിരുന്നു യുവതി ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് 85കാരൻ പണം നൽകിയത്. എന്നാൽ വിവാഹത്തേക്കുറിച്ച് സംസാരിക്കുമ്പോൾ യുവതി ഒഴിഞ്ഞ് മാറാൻ തുടങ്ങിയതോടെയാണ് 85കാരന് പന്തികേട് തോന്നിത്തുടങ്ങിയത്. ഇതോടെയാണ് 85കാരൻ പൊലീസിൽ പരാതി നൽകിയത്. ഐടി ആക്ട് അനുസരിച്ചും തട്ടിപ്പ്, വ‌‌ഞ്ചന, സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം