പള്ളിയുടെ പുറത്ത് വച്ച് വെടിവയ്ക്കാൻ ആരംഭിച്ച ഇയാളെ പാർക്കിംഗിൽ ഒരു കാറിനുള്ളിലിരുന്ന വിശ്വാസിയാണ് വാഹനമിടിച്ച് വീഴ്ത്തിയത്

മിഷിഗൺ: ഞായറാഴ്ച പള്ളിയിലെത്തിയ ആളുകളെ വെടിവയ്ക്കാൻ എത്തിയ അക്രമിയെ വാഹനമിടിച്ച് വീഴ്ത്തി വിശ്വാസി. പിന്നാലെ വെടിവച്ച് വീഴ്ത്തി സുരക്ഷാ ജീവനക്കാർ. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ഞായറാഴ്ച മിഷിഗണിലെ വെയ്നിലെ ക്രോസ് പോയിന്റ് കമ്യൂണിറ്റ് പള്ളിയിലേക്കാണ് സുരക്ഷാ കവചങ്ങളണിഞ്ഞ അക്രമി തോക്കുമായി എത്തിയത്.

പള്ളിയുടെ പുറത്ത് വച്ച് വെടിവയ്ക്കാൻ ആരംഭിച്ച ഇയാളെ പാർക്കിംഗിൽ ഒരു കാറിനുള്ളിലിരുന്ന വിശ്വാസിയാണ് വാഹനമിടിച്ച് വീഴ്ത്തിയത്. വാഹനത്തിന് നേരെ ഇയാൾ വെടിയുതിർത്തതിന് പിന്നാലെയാണ് വിശ്വാസി ഇയാൾക്ക് നേരെ കാർ ഓടിച്ചത്. കാ‍ർ ഇടിച്ച് നിലത്ത് വീണതോടെ ഇയാളെ സുരക്ഷാ ജീവനക്കാർ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഞായറാഴ്ച ആരാധനയ്ക്കായി നൂറ് കണക്കിന് ആളുകളാണ് പള്ളിയിലുണ്ടായിരുന്നത്. ഹാൻഡ് ഗണും മിഷിൻ ഗണ്ണും അടക്കമുള്ളവയാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. പള്ളി പരിസരത്ത് ഇയാൾ വെടിയുതിർത്തതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

വെളുത്ത വർഗക്കാരനായ 31കാരനാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇയാൾക്ക് മാനസിക തകരാറുള്ളതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡിട്രോയിറ്റിൽ നിന്ന് 40 കിലോമീറ്റ‍ർ അകലെയാണ് വെടിവയ്പ് നടന്ന പള്ളി സ്ഥിതി ചെയ്യുന്നത്. 17000ത്തോളം പേരാണ് ഈ മേഖലയിലെ താമസക്കാർ. ഞായറാഴ്ച രാവിലെ 10.45ഓടെയാണ് പള്ളിയിലെ ആരാധന തുടങ്ങിയത്. ഈ സമയത്ത് പള്ളി മുറ്റത്തേക്ക് കാറിൽ അമിത വേഗത്തിലാണ് 31കാരനെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം