Asianet News MalayalamAsianet News Malayalam

Omicron : ഒമിക്രോൺ ഭീതിയിൽ രാജ്യം, കൂടുതൽ പരിശോധന ഫലം ഇന്ന്, കേരളത്തിനടക്കം കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

 കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ ആവർത്തിച്ച് നിർദേശം നൽകുന്നുണ്ട്. പരിശോധന, നിരീക്ഷണം എന്നിവയിൽ വീഴ്ച വരുത്തരുത്. കൊവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങൾക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിർദേശം നൽകി

More omicron test results will come today
Author
Bengaluru, First Published Dec 5, 2021, 1:34 AM IST

ദില്ലി: ഒമിക്രോൺ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ദില്ലിയിൽ നിന്ന് അയച്ച സാമ്പിളുകളുടെ ഫലം സർക്കാർ ഇന്ന് പുറത്ത് വിടും. വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമിക്രോൺ വകഭേദമാണെന്നാണ് സൂചന. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ ആവർത്തിച്ച് നിർദേശം നൽകുന്നുണ്ട്. പരിശോധന, നിരീക്ഷണം എന്നിവയിൽ വീഴ്ച വരുത്തരുത്.

കൊവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങൾക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിർദേശം നൽകി. കൊവിഡ് വ്യാപനം കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. കർണാടകയ്ക്ക് പിന്നാലെ ഇന്നലെ ​ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ 72കാരനും, മഹാരാഷ്ട്രയില്‍ 32കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാലായി.

കഴിഞ്ഞ 24ന് കേപ് ടൗണില്‍ നിന്നെത്തി കല്യാണിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു താനെ ഡോംബിവലി സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ. ദില്ലി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൊവിഡും മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഒമിക്രോണും സ്ഥിരീകരിച്ചു. 32കാരന് ഇപ്പോഴും രോഗലക്ഷണങ്ങളില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് സിംബാബ്‍വേയില്‍ നിന്ന് 72കാരന്‍ ജാനംഗറിലുള്ള ഭാര്യവീട്ടിലെത്തിയത്. പനിയെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ ആര്‍ടിപിസിആർ പരിശോധനയില്‍ കൊവിഡ് കണ്ടെത്തി.

പിന്നാലെ ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്‍ററില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഒമിക്രോൺ സ്ഥിരീകരിച്ചു.  ജാംനഗറിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്ന 72കാരന് പനിയും ചുമയും ഉണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. അതേസമയം മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണ കാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പിന്നാലെ ഭയം വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. മുന്‍ വകഭേദങ്ങളെക്കാൾ വേഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും മന്ത്രാലയം വിലയിരുത്തുന്നു. വാക്സിനേഷന്‍ പുരോഗമിക്കുന്നതും രോഗ പ്രതിരോധത്തില്‍ പ്രധാനമാകും. പുതിയ വകഭേദം  നിലവിലുള്ള വാക്സീനുകളെ അതിജീവിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios