Asianet News MalayalamAsianet News Malayalam

ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണം, ഐസ്ക്രീം കഴിച്ചതിന് ശേഷമെന്ന അമ്മയുടെ വാദം കളവ്; അറസ്റ്റ് രേഖപ്പെടുത്തി

ഉന്തുവണ്ടിയിൽ ഐസ്ക്രീമുമായി ഗ്രാമത്തിലെത്തിയ ഒരു കച്ചവടക്കാരനിൽ നിന്ന് ഐസ്ക്രീം വാങ്ങി കുട്ടികൾക്ക് നൽകിയെന്നായിരുന്നു അമ്മ മൊഴി നൽകിയിരുന്നത്.

one and a half year old twins death is not due to ice cream as mother claimed she got arrested
Author
First Published Apr 19, 2024, 9:24 AM IST

ബംഗളുരു: കർണാടകയിലെ മാണ്ഡ്യയിൽ ഒന്നര വയസുള്ള രണ്ട് ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നിൽ അമ്മ തന്നെയാണെന്ന് കണ്ടെത്തി. ഐസ്ക്രീം കഴിച്ചതിന് ശേഷം കുട്ടികൾക്ക്  ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാൽ പിന്നീട് പൊലീസ് ചോദ്യം ചെയ്പ്പോൾ ഐസ്ക്രീമിൽ വിഷം കലർത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു. മരണപ്പെട്ട ഇരട്ടക്കുട്ടികൾക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകളും ഇപ്പോഴും ചികിത്സയിലാണ്. കുട്ടികൾക്ക് വിഷം കലർത്തിയ ഐസ്ക്രീം കൊടുത്ത ശേഷം അത് താനും കഴിച്ചതായി അമ്മ പറഞ്ഞു.

കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിൽ ഉൾപ്പെടുന്ന ബെട്ടഹള്ളി ഗ്രാമത്തിലാണ് സംഭവം. പൂജ - പ്രസന്ന ദമ്പതികളുടെ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളായ തൃശൂൽ, തൃഷ എന്നിവരാണ് ബുധനാഴ്ച  മരിച്ചത്. നാല് വയസുകാരിയായ മൂത്ത മകൾ ബൃന്ദയും കുട്ടികളുടെ അമ്മയും ഇപ്പോഴും ചികിത്സയിലാണ്.  ഇവരുടെ  ഗ്രാമത്തിലെത്തിയ ഒരു ഐസ്ക്രീം വിൽപനക്കാരനിൽ നിന്ന് ഐസ്ക്രീം വാങ്ങി കുട്ടികൾക്ക് നൽകിയെന്നായിരുന്നു അമ്മ പറഞ്ഞത്. അമ്മയും ഐസ്ക്രീം കഴിച്ചു. പിന്നീട് എല്ലാവർക്കും ശാരീരിക അവശതകളുണ്ടായെന്നും ഇവർ പറ‌‌ഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് വിഷ വസ്തുക്കൾ ശരീരത്തിലെത്തിയെന്ന സൂചന ലഭിച്ചത്. 

ഉന്തുവണ്ടിയിൽ ഐസ്ക്രീം കൊണ്ടുവന്ന വിൽപനക്കാരനിൽ  നിന്ന് ഗ്രാമത്തിലെ പലരും ഐസ്ക്രീം വാങ്ങിക്കഴിച്ചെങ്കിലും മറ്റാർക്കും ഇത്തരം പ്രശ്നങ്ങളുണ്ടായില്ല. ഐസ്ക്രീം വിൽപ്പനക്കാരനെ ചോദ്യം ചെയ്തപ്പോഴും അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് കുട്ടികളുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്. കുടുംബ കലഹത്തിൽ മനം മടുത്ത് താൻ കുട്ടികളുടെ ഐസ്ക്രീമിൽ വിഷം കലർത്തിയെന്നും താനും അത് കഴിച്ചുവെന്നും പൂജ മൊഴി നൽകുകയായിരുന്നു. 

അഞ്ച് വ‍ർഷം മുമ്പാണ് പൂജയും പ്രസന്നയും വിവാഹിതരായത്. അടുത്തിടെയാണ് ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും വിജയം കണ്ടില്ല. ബുധനാഴ്ച വീടിന് സമീപം ഐസ്ക്രീം വിൽപനക്കാരൻ എത്തിയപ്പോൾ കുട്ടികൾക്കായി ഐസ്ക്രീം വാങ്ങി. ശേഷം പാറ്റയെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന കീടനാശിനി അതിൽ കലർത്തി കുട്ടികൾക്ക് കൊടുത്തു. പിന്നീട് താനും അത് തന്നെ കഴിച്ചുവെന്ന് പൂജ പറഞ്ഞു. ഭ‍ർത്താവിനോടുള്ള ദേഷ്യത്തിലാണ് ഇത് ചെയ്തതെന്നും പൂജ പറഞ്ഞു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios