Asianet News MalayalamAsianet News Malayalam

ചോദ്യചിഹ്നമായി പ്രജ്വലിന്‍റെ രാഷ്ട്രീയ ഭാവി; നിഖിലിനെ ഉയർത്താൻ കുമാരസ്വാമിക്ക് ഇനി എളുപ്പം

ആരാകും ജെഡിഎസിന്‍റെ ഭാവി നേതാവെന്ന പോര് നേരത്തെ കുടുംബത്തിൽ ശക്തമായിരുന്നെങ്കിലും പ്രജ്വലിന് ഇനി ആ പദവിക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ല.

Prajwal Revanna political future in question easy for Kumaraswamy to lead  son to leadership
Author
First Published May 2, 2024, 10:44 AM IST

ബംഗളൂരു: ലൈംഗികാതിക്രമ കേസിന് പിന്നാലെ ദേവഗൗഡ കുടുംബത്തിലെ പിൻമുറക്കാരനും സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ രാഷ്ട്രീയഭാവി വലിയൊരു ചോദ്യചിഹ്നമാണ്. ആരാകും ജെഡിഎസിന്‍റെ ഭാവി നേതാവെന്ന പോര് നേരത്തെ കുടുംബത്തിൽ ശക്തമായിരുന്നെങ്കിലും പ്രജ്വലിന് ഇനി ആ പദവിക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. തന്‍റെ മകൻ നിഖിലിനെ നേതൃപദവിയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ പാടുപെടുന്ന കുമാരസ്വാമിക്ക് ഇനി കാര്യങ്ങൾ എളുപ്പമാണ്.

കർഷക നേതാവായി തുടങ്ങി ജനതാ പാർട്ടിയിലൂടെ വളർന്ന് ഇന്ത്യൻ പ്രധാനമന്ത്രി വരെയായ ഏക ദക്ഷിണേന്ത്യക്കാരനാണ് ദേവഗൗഡ. ദേവഗൗഡയെന്ന കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്‍റെ നാട്ടുരാജ്യമാണ് കർണാടകയിലെ ഹാസൻ. ഇവിടത്തെ കിരീടം വയ്ക്കാത്ത രാജകുമാരൻമാരിൽ ഒരാളായിരുന്നു പ്രജ്വൽ രേവണ്ണയെന്ന എംപി. ദേവഗൗഡ പടുത്തുയർത്തിയ രാഷ്ട്രീയ സാമ്രാജ്യം ആര് മുന്നോട്ട് കൊണ്ടുപോകുമെന്നതിലെ പോര് കുടുംബത്തെ എന്നും രണ്ട് ചേരിയിലാക്കിയതാണ്.

മികച്ച വിദ്യാഭ്യാസം നേടിയ, മുഖ്യമന്ത്രി വരെയായ അനുജൻ കുമാരസ്വാമിയോട് എതിരിട്ട് നിൽക്കാൻ എംഎൽഎയായിരുന്നെങ്കിലും രേവണ്ണ മെനക്കെട്ടിരുന്നില്ല. എന്നാൽ രേവണ്ണയുടെ ഭാര്യ ഭവാനി വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. കുടുംബത്തിന്‍റെ രാഷ്ട്രീയ സ്വത്തിൽ തന്‍റെ മകൻ പ്രജ്വലിനും തനിക്കും തുല്യസ്ഥാനം വേണമെന്ന് ഭവാനി എന്നും നിർബന്ധം പിടിച്ചു. എന്നിട്ടും കുമാരസ്വാമിയുടെ ഭാര്യയ്ക്ക് രാമനഗരയിൽ മത്സരിക്കാനും എംഎൽഎയാകാനും അവസരം കിട്ടിയത് പോലെ ഭവാനിക്ക് പരിഗണന കിട്ടിയില്ല. 

എന്നാൽ കുമാരസ്വാമിയുടെ മകൻ നിഖിൽ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റത് രേവണ്ണയുടെ കുടുംബത്തിനൊരു ആയുധമായിരുന്നു. 2018ൽ ഹുൻസൂർ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ പ്രജ്വലും അമ്മ ഭവാനിയും നേരെച്ചെന്ന് പരാതി പറഞ്ഞത് ദേവഗൗഡയുടെ മുന്നിലാണ്. പേരക്കുട്ടിക്കായി തന്‍റെ സ്വന്തം സീറ്റായ ഹാസൻ തൊട്ടടുത്ത വർഷം ഗൗഡ ഒഴിഞ്ഞുകൊടുത്തു. തന്‍റെ പേരമകനെ ജയിപ്പിക്കണമെന്ന് പിൻഗാമികളോട് കണ്ണീരോടെ പറഞ്ഞു. അന്ന് ജയിച്ചെങ്കിലും അഞ്ച് വർഷം കാർഷിക മേഖലയ്ക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്ന പ്രജ്വലിന് വീണ്ടും ജയസാധ്യത കുറവായിരുന്നു. എന്നിട്ടും ഗൗഡ പ്രജ്വലിനെത്തന്നെ മത്സരിപ്പിക്കാൻ നിർബന്ധം പിടിച്ചു. ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ ലൈംഗികാതിക്രമങ്ങളുടെ വലിയൊരധ്യായത്തിന്‍റെ നടുവിൽ നിൽക്കുന്ന പ്രജ്വലിന്‍റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാണ്. പാർട്ടിയുടെ നിയന്ത്രണം ഇനി കുമാരസ്വാമിയുടെ കൈകളിലാകും. 

ലൈംഗിക പീഡന പരാതിയില്‍ ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

പ്രജ്വൽ രേവണ്ണയും അച്ഛനും എംഎൽഎയുമായ രേവണ്ണയും ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. ഇന്ന് വൈകിട്ടോടെ ഹാജരാകാൻ ആണ് സമൻസ് അയച്ചിരുന്നത്. പ്രജ്വൽ ഹാജരാകാൻ ഏഴ് ദിവസത്തെ സമയം തേടി. രേവണ്ണയും പ്രജ്വലും ഒരുമിച്ച് ഹാജരാകാൻ ആണ് സാധ്യത.  

അതേസമയം നയതന്ത്ര ഇടപെടൽ തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നയതന്ത്ര ചാനലുകളിലൂടെ പ്രജ്വലിനെ തിരിച്ചെത്തിക്കാൻ വിദേശകാര്യ മന്ത്രാലയവും കേന്ദ്ര സർക്കാരും ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios