മകളുടെ ചെലവിൽ കഴിയുന്ന പിതാവെന്ന പരിഹാസം ദീപക് നിരന്തരം നാട്ടുകാരിൽ നിന്ന് നേരിട്ടിരുന്നു.
ഗുരുഗ്രാം: 25 വയസ് പ്രായമുള്ള ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ രാജ്യത്തിന്റെ പല മേഖലകളിലും സജീവമായി നിൽക്കുന്ന പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാടുകൾക്ക് നേരെ ഉയരുന്നത് രൂക്ഷമായ വിമർശനം. പരിക്ക് പറ്റിയ ശേഷവും ടെന്നീസ് അക്കാദമി നടത്തി സ്വന്തം കാലിൽ നിൽക്കുന്ന മകൾ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നതും നാട്ടുകാരുടെ നിരന്തരമായ പരിഹാസവും സംഗീത വീഡിയോയിൽ ഗായകനൊപ്പമുള്ള അഭിനയവുമാണ് മകൾക്ക് നേരെ വെടിയുതിർക്കാൻ അച്ഛൻ ദീപക് യാദവിനെ പ്രേരിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രിയാണ് ദേശീയ തലത്തിലെ ടെന്നിസ് പ്രതിഭയായ രാധിക യാദവിനെ അച്ഛൻ വെടിവച്ച് കൊലപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലെ മകളുടെ സജീവമായ ഇടപെടലുകൾ നാട്ടുകാർക്കിടയിൽ ദീപക് യാദവിന് അവമതിപ്പുണ്ടാക്കിയിരുന്നു.
മകളുടെ ചെലവിൽ കഴിയുന്ന പിതാവെന്ന പരിഹാസം ദീപക് നിരന്തരം നാട്ടുകാരിൽ നിന്ന് നേരിട്ടിരുന്നു. അടുത്തിടെ ഒരു വർഷം മുൻപ് ചിത്രീകരിച്ച രാധികയുടെ ഒരു സംഗീത വീഡിയോ പുറത്ത് വന്നിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് 49കാരനായ ദീപക് യാദവ് രാധികയോട് ആവശ്യപ്പെട്ടിരുന്നു. വസീറാബാദ് സ്വദേശിയായ ദീപക് യാദവ് ടെന്നീസ് അക്കാദമി അടച്ച് പൂട്ടണമെന്ന് മകളോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. പിന്നിൽ നിന്നും മൂന്ന് തവണ മകൾക്കെതിരെ വെടിവച്ചതായാണ് ദീപക് പൊലീസിനോട് വിശദമാക്കിയ്. വെടിയൊച്ച കേട്ടെത്തിയ ബന്ധുവാണ് രാധികയെ അടുക്കളയിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അടുത്തിടെ മത്സരത്തിനിടെ തോളിന് പരിക്കേറ്റ ശേഷമാണ് രാധിക മത്സരങ്ങളിൽ നിന്ന് പിന്മാറിയതും ടെന്നീസ് പരിശീലകയായതും. പുറത്തിറങ്ങി പാലു മേടിക്കാൻ പോയാൽ പോലും നാട്ടുകാർ പരിഹരിച്ചിരുന്നതായാണ് ദീപക് യാദവ് വിശദമാക്കുന്നത്. മകളുടെ സ്വഭാവത്തെ വരെ നാട്ടുകാർ നിരന്തരമായി ചോദ്യം ചെയ്തിരുന്നു. ദീപകിന്റെ ലൈസൻസുള്ള .32 ബോർ റിവോൾവറിൽ നിന്നുള്ള വെടിയേറ്റാണ് രാധിക മരിച്ചത്. സംഭവം നടക്കുമ്പോൾ രാധികയുടെ അമ്മയും വീട്ടിലുണ്ടായിരുന്നു. എന്നാൽ ഇവരെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു ദീപക് മകളെ വെടിവച്ച് വീഴ്ത്തിയത്.