userpic
user icon
0 Min read

ആറ് സുപ്രീം കോടതി ജസ്റ്റിസുമാർ മണിപ്പൂരിലേക്ക്; സംസ്ഥാനത്തെ കലാപ സ്ഥിതിയും ജനജീവിതവും വിലയിരുത്തും

Six supreme court justices to visit riot hit Manipur
Manipur Supreme court

Synopsis

മാസങ്ങളായി കലാപത്തിൻ്റെ പിടിയിലമർന്ന് ജനജീവിതം താറുമാറായ മണിപ്പൂർ സുപ്രീം കോടതിയിലെ ആറ് ജസ്റ്റിസുമാർ സന്ദർശിക്കും

ദില്ലി: സുപ്രീം കോടതി ജസ്റ്റിസുമാർ മണിപ്പൂരിലേക്ക്. ജസ്റ്റിസ് ബി.ആർ ഗവായുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് മണിപ്പൂർ സന്ദർശിക്കുന്നത്. ഈ മാസം 22 ന് നടത്തുന്ന സന്ദർശനത്തിൽ സംഘർഷ ബാധിത മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും സാഹചര്യം സംഘം നേരിട്ട് വിലയിരുത്തും. കലാപബാധിതർക്ക് നൽകേണ്ട സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിലും തീരുമാനമുണ്ടാകും. ജസ്റ്റിസ് ബി ആർ ഗവായിക്ക് പുറമേ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, എംഎം സുന്ദ്രേഷ്, കെവി വിശ്വനാഥൻ, എൻ കോടീശ്വർ എന്നിവരാണ് സംഘത്തിൽ ഉള്ളത്.

മണിപ്പൂരിലെ സംഘർഷത്തിൽ നിർണ്ണായക നീക്കമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മണിപ്പൂർ കലാപ കേസുകൾ നേരത്തെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിച്ചിരുന്നു. സംഘർഷം തീർക്കാൻ സർക്കാരിന് കർശന നിർദ്ദേശം കോടതി നൽകിയിരുന്നു. ഡിജിപി അടക്കം ഉദ്യോഗസ്ഥരെ കോടതി വിളിച്ചാണ് നിർദ്ദേശങ്ങൾ നൽകിയത്. പിന്നീട് ജസ്റ്റിസ് ഗീതാ മിത്തൽ അദ്ധ്യക്ഷയായ സംഘത്തെ മണിപ്പൂരിലേക്ക് അയച്ച് സുപ്രീം കോടതി സംസ്ഥാനത്തെ സ്ഥിതി പരിശോധിച്ചു. ചില നിർദ്ദേശങ്ങൾ ഈ സംഘം തയ്യാറാക്കി കോടതിക്ക് നൽകുകയും ചെയ്തിരുന്നു.

ജസ്റ്റിസ് ഗീതാ മിത്തലിന് കൂടുതൽ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ജൂലൈ വരെ സാവകാശം നൽകിയിരിക്കെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരുടെ സംഘം മണിപ്പൂരിൽ നേരിട്ട് എത്താൻ തീരുമാനിച്ചത്. ജസ്റ്റിസ് ബിആർ ഗവായിയുടെ അദ്ധ്യക്ഷതയിലാകും ജഡ്ജിമാർ സംസ്ഥാനത്ത് എത്തുക. മണിപ്പൂരിൽ നിന്നുള്ള ജസ്റ്റിസ് എൻകെ സിംഗും സംഘത്തിലുണ്ട്. പലായനം ചെയ്തവർ തങ്ങുന്ന ക്യാംപിലടക്കം എത്തി ജനങ്ങളുടെ പരാതി ജസ്റ്റിസുമാർ നേരിട്ട് കേൾക്കും.

ഇതിനു ശേഷം സുപ്രീം കോടതി എന്തു നയം സ്വീകരിക്കും എന്നത് കേന്ദ്ര സർക്കാരിനും പ്രധാനമാണ്. പ്രധാനമന്ത്രി മണിപ്പൂരിൽ എത്താത്തത് കോൺഗ്രസും ഇന്ത്യ സഖ്യ കക്ഷികളും നിരന്തരം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കിയിരുന്നു. ഈ സമയത്ത് പരമോന്നത കോടതിയിലെ ജഡ്ജിമാർ നേരിട്ടെത്തി ജനങ്ങളെ കാണാൻ തീരുമാനിച്ചത് കേന്ദ്ര സർക്കാരിനും വൻ തിരിച്ചടിയാണ്.

Latest Videos