എംഎൽഎ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിന് പിന്നാലെ കാന്റീൻ ജീവനക്കാരനെ കയ്യേറ്റം ചെയ്ത ശേഷമായിരുന്നു വിദ്വേഷ പരാമർശം
മുംബൈ: ദക്ഷിണേന്ത്യയിൽ നിന്നുള്ളവർക്കെതിരെ വിദ്വേഷ പരാമർശവുമായി ശിവസേന എംഎൽഎ. ബുൽധാൻ മണ്ഡലത്തിലെ എംഎൽഎയായ സഞ്ജയ് ഗായ്ക്‌വാഡാണ് ദക്ഷിണേന്ത്യക്കാർ ഡാൻസ് ബാറുകൾ നടത്തി മറാത്തി സംസ്കാരം തകർത്തതായും കുട്ടികളുടെ സ്വഭാവം നശിപ്പിച്ചതായും ആരോപിച്ചത്. വ്യാഴാഴ്ചയാണ് സഞ്ജയ് ഗായ്ക്‌വാഡ് ഗുരുതര വിദ്വേഷ പരാമർശം നടത്തിയത്. ഭക്ഷ്യ വിതരണത്തിനുള്ള കരാറുകൾ ഡാൻസ് ബാറുകളും ലേഡീസ് ബാറുകളും നടത്തുന്ന ദക്ഷിണേന്ത്യർക്ക് നൽകരുതെന്നാണ് സഞ്ജയ് ഗായ്ക്‌വാഡ് വ്യാഴാഴ്ച പ്രതികരിച്ചത്. കൊളാബയിലെ എംഎൽഎ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിന് പിന്നാലെ കാന്റീൻ ജീവനക്കാരനെ കയ്യേറ്റം ചെയ്ത ശേഷമായിരുന്നു വിദ്വേഷ പരാമർശം. ചൊവ്വാഴ്ച വൈകുന്നേരമാണ് കേടായ പരിപ്പും ചോറും നൽകിയെന്ന് ആരോപിച്ച് സഞ്ജയ് ഗായ്ക്‌വാഡ് കാൻറീൻ ജീവനക്കാരനെ കയ്യേറ്റം ചെയ്തത്.
ഭക്ഷണ വിതരണ കരാർ ഷെട്ടി എന്നയാൾക്ക് നൽകിയത് എന്തിനാണെന്നും മറാത്തി ആളുകൾക്ക് നൽകിയാൽ നല്ല ഭക്ഷണം നൽകുമെന്നതടക്കം രൂക്ഷമായ പരാമർശങ്ങളാണ് സഞ്ജയ് ഗായ്ക്‌വാഡ് നടത്തിയത്. കാൻറീൻ ജീവനക്കാരനെ സഞ്ജയ് ഗായ്ക്‌വാഡ് കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ബുൽധാൻ നിയോജക മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയാണ് സഞ്ജയ് ഗായ്ക്‌വാഡ് വിജയിക്കുന്നത്. നിലവിലെ മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ആയ ഹർഷ്വർധൻ സാപ്കലിനെ ആണ് സഞ്ജയ് ഗായ്ക്‌വാഡ് 2019ൽ പരാജയപ്പെടുത്തിയത്. 2024ൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ സ്ഥാനാർത്ഥിയായ ജയ്ശ്രീ ഷെൽക്കേയെ 841 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എംഎൽഎയായത്. ഇത് ആദ്യമായല്ല സഞ്ജയ് ഗായ്ക്‌വാഡ് വിവാദങ്ങളിൽ കുടുങ്ങുന്നത്. 2024 സെപ്തംബറിൽ രാഹുൽ ഗാനിധിയുടെ നാവ് അറിയുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഇതിൽ സഞ്ജയ് ഗായ്ക്‌വാഡിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കൊറോണ വൈറസിനെ കയ്യിൽ കിട്ടിയാൽ ദേവേന്ദ്ര ഫട്നാവിസിന്റെ വായിലിടുമെന്നുള്ള സഞ്ജയ് ഗായ്ക്‌വാഡിന്റെ പരാമർശവും വിവാദമായിരുന്നു.
2024 ഓഗസ്റ്റിൽ സഞ്ജയ് ഗായ്ക്‌വാഡിന്റെ എസ്‍യുവി പൊലീസുകാരെ ഉപയോഗിച്ച് കഴുകിക്കുന്ന വീഡിയോയും വിവാദമായിരുന്നു. 1987ൽ കടുവയെ വേട്ടയാടിയെന്ന് 2024 ഫെബ്രുവരിയിൽ നടത്തിയ പരാമർശം സഞ്ജയ് ഗായ്ക്‌വാഡിനെ വലിയ നിയമക്കുരുക്കിൽ ചാടിച്ചിരുന്നു. താൻ അണിയുന്ന പുലിനഖം വേട്ടയാടിപ്പിടിച്ച കടുവയുടേതെന്നായിരുന്നു സഞ്ജയ് ഗായ്ക്‌വാഡ് അവകാശപ്പെട്ടത്. പ്രചാരണ റാലികളിൽ അസഭ്യ വർഷം നടത്തുകയും ഇതര വിഭാഗക്കാർക്കെതിരെ വർഗീയ പരാമർശം നടത്തുന്നതും സഞ്ജയ് ഗായ്ക്‌വാഡിന്റെ സ്ഥിരം രീതിയാണ്. എംഎൽഎ ഹോസ്റ്റലിൽ മോശം ഭക്ഷണം വിതരണം ചെയ്തെന്ന് ആരോപണം ഉയർന്നതോടെ കാൻറീൻ നടത്തിപ്പുകാരുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. കർണാടക സ്വദേശിയായ ജയറാം ബാലകൃഷ്ണ ഷെട്ടിയായിരുന്നു കന്റീനിലെ കേറ്ററിങ് കരാറുകാരൻ. ജയറാം ബാലകൃഷ്ണ ഷെട്ടിയുടെ അജന്ത കാറ്ററേഴ്സ് എന്ന സ്ഥാപനമായിരുന്നു മുംബൈയിലെ ആകാശ്വനി എംഎൽഎ ഹോസ്റ്റലിൽ ഭക്ഷണം നൽകിയിരുന്നത്.