userpic
user icon
0 Min read

പാക് സമ്മര്‍ദ നീക്കം വിലപ്പോയില്ല, അതിവേഗ നടപടികളുമായി ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിച്ച് വിജ്ഞാപനം ഇറക്കി

With Immediate Effect India Notifies Pakistan Of Indus Treaty Suspension
indus river

Synopsis

സിന്ധു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിന്‍റെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാർ തൽക്ഷണം മരവിപ്പിക്കാൻ തീരുമാനിച്ചെന്നാണ് അറിയിപ്പ്. 

അതേസമയം, കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ പാകിസ്ഥാനും പ്രതികരിച്ചിരുന്നു. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സിന്ധു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്. കൂടാതെ,  ഇന്ത്യൻ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാൻ മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങലും നിര്‍ത്തലാക്കി. രാജ്യത്തിന്‍റെ പരമാധികാരം ലംഘിക്കുന്ന ഏതു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.

ഇതിനിടെ അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഇന്ത്യ  അടച്ചിരുന്നു. അമൃത്സറില്‍ നിന്ന് വെറും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അട്ടാരി, ഇന്ത്യയിലെ ആദ്യത്തെ ലാന്‍ഡ് തുറമുഖവും പാകിസ്ഥാനുമായുള്ള വ്യാപാരത്തിനുള്ള ഏക കരമാര്‍ഗ്ഗവുമാണ്. 120 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ചെക്ക് പോസ്റ്റ്, അതിര്‍ത്തി കടന്നുള്ള വ്യാപാരത്തില്‍, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ അടിയന്തരമായി നിർത്തിവച്ചതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ 27 നകം എല്ലാ പാകിസ്ഥാൻ പൗരന്മാരും ഇന്ത്യ വിടണമെന്ന് സർക്കാർ താക്കീത് നൽകി. എന്നാൽ മെഡിക്കൽ വിസ കൈവശമുള്ളവർക്ക് ഏപ്രിൽ 29 വരെ മാത്രമേ ഇന്ത്യയിൽ താമസിക്കാവുന്നതാണ്.

ഭീകരാക്രമണം: സിന്ധു നദീജല കരാർ മുതൽ റിട്രീറ്റ് ചടങ്ങുകൾ വരെ, ഇന്ത്യ കൈക്കൊണ്ട 7 സുപ്രധാന തീരുമാനങ്ങൾ !

Latest Videos