ഖത്തർ വ്യോമ പാത അടച്ചതിനാലാണ് ഇസ്രയേലിൽ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ വൈകുന്നത്

ദില്ലി: ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇറാനിൽ കൂടുതൽ മലയാളികള്‍ ഇന്ത്യയിലെത്തി. ഇന്ന് പുലര്‍ച്ചെ 3.30നാണ് 14 മലയാളികളടങ്ങിയ സംഘം ദില്ലി വിമാനത്താവളത്തിലെത്തിയത്. യാത്രാ സംഘത്തിലെ 12 പേര്‍ വിദ്യാര്‍ത്ഥികളാണ്. 

മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഫ് ലിഹ പടുവൻപാടൻ, കാസര്‍കോട് വിദ്യാനഗർ സ്വദേശി ഫാത്തിമ ഫിദ ഷെറിൻ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന പാണോളി ,മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ആയിഷ ഫെബിൻ മച്ചിൻ ചേരിതുമ്പിൽ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ഫർസാന മച്ചിൻചേരി, കോഴിക്കോട് കൊയിലാണ്ടി സ്വദേശി റെനാ ഫാത്തിമ, കാസർകോട്

നായന്മാർ മൂല സ്വദേശി നസ്രാ ഫാത്തിമ, മലപ്പുറം മഞ്ചേരി സ്വദേശി ജിംഷ വി, കോഴിക്കോട് കാരപറമ്പ് സ്വദേശി സനാ കെ.കെ, കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഫ്നാൻ ഷെറിൻ , എറണാകുളം നോർത്ത് പറവൂർ സ്വദേശി മുഹമ്മദ് ഷഹബാസ് എന്നിവർ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്.

വിവിധ വിമാനങ്ങളിലായി ഇവർ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെട്ടു. തുശൂർ സ്വദേശി യൂസഫലി റാഹിം മരയ്ക്കാർ അലിയും പാലക്കാട് സ്വദേശി സന്തോഷ് കുമാറും ഇതേ വിമാനത്തിൽ ദില്ലിയിലെത്തി. ഇരുവരും ഇറാനിൽ ജോലി ചെയ്യുന്നവരാണ്. ഇവരും വിവിധ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങി.

അതേസമയം, ഇസ്രയേലിൽ നിന്ന് ഒഴിപ്പിച്ചവരുമായി ദില്ലിയിലേക്ക് വരാനിരുന്ന വിമാനം ഇതുവരെ എത്തിയില്ല. ഖത്തർ വ്യോമ പാത അടച്ചതിനാലാണ് വിമാനം വൈകുന്നത്. ജോർദാനിലെ അമനിൽ നിന്നും വരുന്ന വിമാനത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ 161 പേരാനുള്ളത്. പുതിയ അറിയിപ്പ് പ്രകാരം രാവിലെ എട്ടോടെ വിമാനം ദില്ലിയിലെത്തുമെന്നാണഅ വിവരം. ഇന്നലെ രാത്രി 11.30ന് എത്തേണ്ട മൂന്ന് വിമാനങ്ങളാണ് വൈകുന്നത്. ഒരു വിമാനം രാവിലെ എട്ടിന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും രാവിലെ 8.45നും 11.30നും പാലം വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങളുമെത്തും.

YouTube video player