ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് ട്രംപ്.
വാഷിംഗ്ടൺ: ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അവകാശപ്പെട്ടുന്നത്. ഇരു രാജ്യങ്ങളെയും അഭിനന്ദിച്ച് കൊണ്ടാണ് ട്രംപിന്‍റെ പോസ്റ്റ്. എന്നാല്‍, ട്രംപിന്‍റെ പ്രഖ്യാപനത്തോട് ഇസ്രയേലും ഇറാനും പ്രതികരിച്ചിട്ടില്ല.
അതേസമയം, ഖത്തറിലെ യുഎസ് ബേസിലേക്ക് നടത്തിയ ആക്രമണത്തോടെ അമേരിക്കയോടുള്ള സൈനിക പ്രതികരണം തൽക്കാലത്തേക്ക് ഇറാൻ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. തുടർന്നും അമേരിക്ക പ്രകോപിപ്പിച്ചാൽ പ്രതികരിക്കുമെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കൻ പ്രസിഡന്‍റാകട്ടെ, ആക്രമണം അവഗണിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്യുകയാണ് ചെയ്തത്. ഇതോടെ വലിയ ആശങ്കയാണ് തൽക്കാലത്തേക്കെങ്കിലും ഗൾഫ് മേഖലയിൽ നിന്ന് ഒഴിയുന്നത്. അതേസമയം, സമാധാനം പുലരുന്നതിൽ ഇസ്രയേൽ നിലപാട് നിർണായകമാണ്. ആശങ്ക സമാധാനത്തിലേക്ക് വഴിമാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഖത്തർ വ്യോമപാത തുറന്നു
ഇസ്രയേലിനൊപ്പം ചേർന്നുള്ള അമേരിക്കൻ ആക്രമണത്തിനുള്ള ഇറാന്‍റെ തിരിച്ചടിയായ 'ബഷാരത് അൽ ഫത്തേ'യ്ക്ക് പിന്നാലെ അടച്ചിച്ച വ്യോമത്താവളം തുറന്ന് ഖത്തർ. വിമാന സർവ്വീസ് പുനരാരംഭിച്ചതായും ഖത്തർ അറിയിച്ചു. ഖത്തർ എയർവേസ് ഉൾപ്പടെ സർവ്വീസുകൾ സാധാരണ നിലയിലായി. കുവൈത്ത് ഉൾപ്പടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും വ്യോമപാതകൾ തുറന്നു.