ആയുധങ്ങളുമായി എത്തിയ അക്രമികൾ യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് 9 യാത്രക്കാരെ ബസിൽ നിന്ന് ഇറക്കി വെടിവച്ച് കൊന്നത്.
കറാച്ചി: ബസിൽ നിന്നും യാത്രക്കാരെ പുറത്തിറക്കി വെടിവച്ച് കൊന്നു. പാകിസ്ഥാനിലെ പഞ്ചാബിലാണ് സംഭവം. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ദേശീയ പാതയിൽ സോബ് മേഖലയിൽ പോയ ബസിന് നേരെയാണ് വെള്ളിയാഴ്ച ആക്രമണം ഉണ്ടായത്. ക്വെറ്റയിൽ നിന്ന് ലാഹോറിലേക്ക് പോവുന്നതായിരുന്നു ബസ്. ആയുധങ്ങളുമായി എത്തിയ അക്രമികൾ യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് 9 യാത്രക്കാരെ ബസിൽ നിന്ന് ഇറക്കി വെടിവച്ച് കൊന്നത്.
പഞ്ചാബ് പ്രവിശ്യയുടെ വിവിധ മേഖലയിലുള്ളവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാര ചടങ്ങിന് വിട്ടുനൽകിയെന്നാണ് അസിസ്റ്റന്റ് കമ്മീഷണർ ഷോബ് നവീദ് ആലം വിശദമാക്കിയത്. അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പഞ്ചാബ് മേഖലയിലെ ആളുകൾക്കെതിരായി ബലോച് തീവ്രവാദികൾ നടത്തിയ ആക്രമണമെന്നാണ് സംശയിക്കുന്നത്.
ക്വെറ്റ, ലോറലൈ, മാസ്തംഗ് മേഖലയിലും ആക്രമണം നടന്നതായാണ് പുറത്ത് വരുന്ന വിവരം. അഫ്ഗാനിസ്ഥാൻ, ഇറാൻ അതിർത്തിയായ ബലോചിസ്ഥാൻ കലാപ ബാധിത മേഖലയാണ്. പാക് സൈന്യത്തിനും പൊലീസിനും എതിരെയാണ് ബലൂചിസ്ഥാൻ ഭീകരവാദികൾ ആക്രമണം തുടർച്ചയായി നടത്തുന്നത്. മാർച്ച് മാസത്തിൽ ഗ്വാദർ തുറമുഖത്തിനടുത്തുള്ള കൽമത്തിൽ ലോംഗ് ബോഡി ട്രെയിലറുകളിൽ ജോലി ചെയ്തിരുന്ന അഞ്ച് പേരെ കലാപകാരികൾ വെടിവച്ചു കൊന്നിരുന്നു. ഫെബ്രുവരിയിൽ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ഏഴ് യാത്രക്കാരെ ബർഖാൻ പ്രദേശത്ത് വച്ച് കലാപകാരികൾ കൊലപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം