ഇറാന്റെ 'ബഷാരത് അൽ ഫത്തേ' ഓപ്പറേഷൻ കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രയെ പ്രതിസന്ധിയിലാക്കി. ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചതിനാൽ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി

ടെഹ്റാൻ: ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ച അമേരിക്കക്കുള്ള ഇറാന്‍റെ തിരിച്ചടിയായ 'ബഷാരത് അൽ ഫത്തേ' ഓപ്പറേഷൻ കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രയേയും പ്രതിസന്ധിയിലാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവിധ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചിട്ടതോടെ അങ്ങോട്ടുമിങ്ങോട്ടും പറക്കാനെത്തിയ യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

ഗൾഫ് രാജ്യങ്ങൾ ഒന്നൊന്നായി വ്യോമപാത അടച്ചതോടെ ആഗോളതലത്തിൽ വ്യോമഗതാഗതം താറുമാറായിട്ടുണ്ട്. ആദ്യം തന്നെ ഖത്തറും പിന്നാലെ കുവൈറ്റ്, ബഹ്റൈൻ, യുഎഇ, ഇറാഖ് രാജ്യങ്ങളും വ്യോമപാത താത്കാലികമായി അടയ്ക്കുകയായിരുന്നു. ഇത് കേരളത്തെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് യാത്ര ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരെല്ലാം കുടുങ്ങിക്കിടക്കുകയാണ്. പൊടുന്നനെ വിമാനങ്ങൾ റദ്ദാക്കിയതും തിരിച്ചുവിളിച്ചതും വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രമുഖ വിമാനക്കമ്പനികളെല്ലാം ഗൾഫിലേക്കുള്ള യാത്ര ഏറെക്കുറെ നിശ്ചലമാക്കിയിട്ടുണ്ട്. ഈ അവസ്ഥയിൽ തങ്ങൾ എന്തുചെയ്യണം എന്ന ചോദ്യമാണ് യാത്രക്കാ‍ർ ഉന്നയിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം

രാത്രി 10 മണിക്ക് പുറപ്പെട്ട തിരുവനന്തപുരം - ബഹറിൻ ഗൾഫ് എയർ തിരിച്ചു വിളിച്ചു. ഇറാൻ ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് വിമാനം തിരിച്ചു വിളിച്ചത്. ദമാമിലേക്കും ദുബായിലേക്ക് ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകുമെന്ന് അറിയിച്ചിട്ടുണ്ട്. ദുബായ് എമിറേറ്റ്സ്, ദോഹയിലേക്കുള്ള ഖത്തർ എയർവെയ്സ് എന്നിവയും വൈകുമെന്ന് വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് ഉള്ള വിവിധ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർവ്യക്തമാക്കി. യാത്രക്കാർ അതത് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും തിരുവനന്തപുരം എയർപോർട്ട് അധികൃതർ അറിയിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളം

ദോഹയിലേക്ക് കൊച്ചിയിൽ നിന്നും 6.53 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം വഴിതിരിച്ചു വിട്ടു. വിമാനം മസ്കറ്റിലാണ് ഇറങ്ങിയത്. ദോഹയിലേക്ക് രാത്രി 12.50 ന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ വിമാനം റദാക്കി. പുലർച്ചെ 2.53 ന് കൊച്ചിയിൽ എത്തേണ്ട ഖത്തർ എയർവേസ് വിമാനം എത്താൻ വൈകും. 10.10 ന് പുറപ്പെടേണ്ട റിയാദ് വിമാനവും റദാക്കി. ഖത്തർ വ്യോമ പാത അടച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നും തിരികെയുമുള്ള പല വിമാന സർവീസുകളും തടസ്സപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. രാത്രി 11.25 ന് കൊച്ചിയിൽ എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ അബുദാബി വിമാനം വൈകി. രാത്രി 11.28 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എത്തിഹാദിന്റെ അബുദാബി വിമാനം പാതി വഴിയിൽ കൊച്ചിയിലേക്ക് മടങ്ങി. പുലർച്ചെ ദോഹയിൽ നിന്ന് കൊച്ചിയിലേക്കും തിരികെയുമുള്ള ഖത്തർ എയർവേയ്സ് വിമാനങ്ങളും വൈകാൻ സാധ്യതയുണ്ടെന്ന് സിയാൽ അധികൃതർ അറിയിച്ചു. ദോഹ, ദമാം, കുവൈറ്റ്‌ എന്നിവിടങ്ങളിലേക്ക് പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങൾ റദാക്കിയതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്.