Asianet News MalayalamAsianet News Malayalam

ISL : ജൈത്രയാത്ര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ

കടവും കലിപ്പും വീട്ടിത്തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റിയെയും ചെന്നൈയിന്‍ എഫ് സിയെയും തറപറ്റിച്ച ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ പന്തുതട്ടുന്നത് ആരാധകരുടെ മനംനിറച്ച്. അവസാന ആറ് കളിയില്‍ തോല്‍വി അറിഞ്ഞിട്ടില്ല, മൂന്നിലും ജയിച്ചു.
 

ISL Kerala Blasters  takes Jamshedpur FC today
Author
Fatorda Stadium, First Published Dec 26, 2021, 10:15 AM IST

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ (ISL) ജൈത്രയാത്ര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്നിറങ്ങും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന എട്ടാം മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ് സിയാണ് (Jamshedpur FC) എതിരാളികള്‍. കടവും കലിപ്പും വീട്ടിത്തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റിയെയും ചെന്നൈയിന്‍ എഫ് സിയെയും തറപറ്റിച്ച ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ പന്തുതട്ടുന്നത് ആരാധകരുടെ മനംനിറച്ച്. അവസാന ആറ് കളിയില്‍ തോല്‍വി അറിഞ്ഞിട്ടില്ല, മൂന്നിലും ജയിച്ചു. 

സഹല്‍ അബ്ദുല്‍ സമദ്, അഡ്രിയന്‍ ലൂണ, അല്‍വാരോ വാസ്‌ക്വേസ്, യോര്‍ഗെ ഡിയാസ്, ജീക്‌സണ്‍ സിംഗ് എന്നിവരെ കേന്ദ്രീകരിച്ച് ആക്രമണത്തിലും പ്രതിരോധത്തിലും പഴുതടച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം. പ്രെസ്സിംഗ് ഗെയിമിനൊപ്പം ലോംഗ്‌ബോളുകളും ഇവാന്‍ വുകോമനോവിച്ചിന്റെ തന്ത്രങ്ങളിലുണ്ട്. പന്ത്രണ്ട് ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഏഴ് ഗോള്‍. ആദ്യ ഏഴ് കളിയില്‍ ബ്ലാസ്റ്റേഴ്‌സ് പത്തിലേറെ ഗോള്‍ നേടുന്നതും പുതുചരിത്രം. 

ഓവന്‍ കോയലിന്റെ തന്ത്രങ്ങളുമായി ഇറങ്ങുന്ന ജംഷെഡ്പൂര്‍ അവസാന രണ്ട് കളിയിലും തോല്‍വിയറിഞ്ഞിട്ടില്ല. 13 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് എട്ട് ഗോള്‍. പ്രതീക്ഷ വാല്‍സ്‌കിസിന്റെ സ്‌കോറിംഗ് മികവില്‍. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ മലയാളിതാരങ്ങളായ ഗോളി ടിപി രഹനേഷും ഡിഫന്‍ഡര്‍ അനസ് എടത്തൊടികയും ജംഷെഡ്പൂര്‍ നിരയിലുണ്ട്. ഏഴ് കളിയില്‍ പന്ത്രണ്ട് പോയിന്റ് വീതമാണെങ്കിലും ഗോള്‍ശരാശരിയില്‍ ജംഷെഡ്പൂര്‍ മൂന്നും ബ്ലാസ്റ്റേഴ്‌സ് നാലും സ്ഥാനങ്ങളില്‍. 

ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്‌സും ജംഷെഡ്പൂരും എട്ട് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ജംഷെഡ്പൂര്‍ രണ്ടിലും ബ്ലാസ്റ്റേഴ്‌സ് ഒന്നിലും ജയിച്ചു. അഞ്ച് കളി സമനിലയില്‍ അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സ് പതിനൊന്നും ജംഷെഡ്പൂര്‍ പന്ത്രണ്ടും ഗോള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ആദ്യ കളിയില്‍ ബ്ലാസ്റ്റേഴേസ് രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചപ്പോള്‍, റണ്ടാം മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios