Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന ഹ൪ജി കോടതി തള്ളി

കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വ൪ഷവു൦ പ്രോസിക്യൂഷന്‍റെ സമാന ആവശ്യ൦ വിചാരണ കോടതി തള്ളിയിരുന്നു.

actress attack case trial court reject plea to revoke Dileep bail
Author
Kochi, First Published Jun 28, 2022, 4:56 PM IST

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണ കോടതി തള്ളി. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൽ തുടരന്വേഷണ റിപ്പോ‍ട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷന് രണ്ടാഴ്ച മാത്രം കാലാവധി ഉള്ളപ്പോഴാണ് വിചാരണ കോടതി തീരുമാനം.

എട്ടാം പ്രതി ദിലീപിന് തത്കാലം ആശ്വാസം. ഏപ്രിൽ 4 നാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു,കേസുമായി ബന്ധപ്പെട്ട പല ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന മറ്റൊരു കേസിൽ പ്രതിയുമായി. ഇക്കാര്യങ്ങൾ ഉയർത്തി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ ഡിസംബറിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത വധഗൂഢാലോചന കേസിന്‍റെ ചുവട് പിടിച്ചായിരുന്നു പ്രോസിക്യൂഷൻ വാദങ്ങൾ. നടിയെ ആക്രമിച്ച കേസിൽ പ്രതിയായിരിക്കെ മറ്റൊരു കേസിൽ കൂടി ദിലീപ് പ്രതിയായ സാഹചര്യം കോടതി കണക്കിലെടുക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. വധഗൂഢാലോചന കേസ് എഫ്ഐആർ റദ്ദാക്കുന്നില്ലെന്ന ഹൈക്കോടതി ഉത്തരവും വിചാരണ കോടതി പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ദിലീപ് ഹാജരാക്കിയ ഫോണിൽ നിന്ന് പല വിവരങ്ങളും ഡിലിറ്റ് ചെയ്തതായി ഫോറൻസിക് ലാബിലെ റിപ്പോർട്ടും, മുബൈയിലെ സ്വകാര്യ ലാബിലെ ജീവനക്കാരന്‍റെ മൊഴിയും അന്വേഷണ സംഘം ഹാജരാക്കി. 

എന്നാൽ ഇക്കാര്യങ്ങളെല്ലാം ദിലീപിനെ കുടുക്കാനുള്ള പ്രോസിക്യൂഷന തിരക്കഥ എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വിപിൻലാൽ, ജിൻസൺ, സാഗർ വിൻസെന്‍റ് ഉൾപ്പടെ ആറ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ പറയുന്ന കാലയളവിൽ ദിലീപ് ജയിലിലായിരുന്നു. മാത്രമല്ല ബാലചന്ദ്രകുമാർ ദിലീപിന്‍റേതായി ആരോപിക്കുന്ന ശബ്ദരേഖ റെക്കോർഡ് ചെയ്ത ഐപാഡും ഇത് റെക്കോർഡ് ചെയ്ത തിയതികളും ഇത് വരെയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ ആയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ബി രാമൻ പിള്ള വാദിച്ചു. പ്രോസിക്യൂഷനും പ്രതിഭാഗവും ഹാജരാക്കിയ രേഖകൾ പരിശോധിച്ചാണ് വിചാരണ കോടതി ഉത്തരവ്. 2017ഒക്ടോബർ 3 നാണ് കേസിൽ 85 ദിവസം ജയിലിൽ കഴിഞ്ഞ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Follow Us:
Download App:
  • android
  • ios