നിലമ്പൂരിൽ തകർപ്പൻ വിജയം നേടിയ ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും. പാണക്കാട് സന്ദർശിച്ച് ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

മലപ്പുറം: നിലമ്പൂരിൽ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും. ഉച്ചക്ക് രണ്ടു മണി മുതലാണ് മണ്ഡല പര്യടനം. രാവിലെ ഒമ്പതരയോടെ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വോട്ട് ചോർച്ചയെ കുറിച്ച് ആഴത്തിൽ പരിശോധന നടത്താനാണ് സി പി എമ്മിന്‍റെയും, ബി ജെ പിയുടെയും തീരുമാനം. പോത്തുകല്ല് ഉൾപ്പെടെയുള്ള ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നത് സി പി എമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. ഒറ്റക്ക് മത്സരിച്ച് കരുത്തു തെളിയിച്ചതോടെ യു ഡി എഫ് പ്രവേശനം എളുപ്പമാകും എന്ന പ്രതീക്ഷയിലാണ് പി വി അൻവർ.

അതേസമയം നിലമ്പൂരിൽ അത്യുജ്ജ്വല വിജയമാണ് യു ഡി എഫ് നേടിയത്. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ 11,077 വോട്ടിനാണ് ആര്യാടൻ ഷൗക്കത്ത് യു ഡി എഫിനായി മണ്ഡലം തിരികെ പിടിച്ചത്. ഇടതുവലതു ശക്തികേന്ദ്രങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി വോട്ടുപിടിച്ച സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ ഞെട്ടിച്ചപ്പോൾ ബി ജെ പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വിശദ വിവരങ്ങൾ ഇങ്ങനെ

തപാൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ മുന്നിലെത്തിയ ഷൗക്കത്ത് പത്തൊമ്പതാം റൗണ്ടിൽ അവസാന ബൂത്ത് എണ്ണിത്തീരും വരെയും ഒന്നാമനായി തുടർന്നു. വഴിക്കടവിലെ ആദ്യമെണ്ണിയ ബൂത്തുകളിൽ യുഡിഎഫിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു അൻവറിന്റെ മുന്നേറ്റം. 3000 ത്തിലേറെ ലീഡ് വഴിക്കടവിൽ പ്രതീക്ഷിച്ച യു ഡി എഫിനെ അൻവറിന്റെ സാന്നിധ്യം 1829 ൽ ഒതുക്കി. അട്ടിമറി സ്വപ്നം കണ്ട ഇടതുമുന്നണിയുടെ മനക്കോട്ടകൾ തകർത്തായിരുന്നു ശേഷമുള്ള ഷൗക്കത്തിന്റെ കുതിപ്പ്. മൂത്തേടത്ത് 2067 ഉം എടക്കരയിൽ 1200 ൽ ഏറെയും ലീഡ് നേടിയ ഷൗക്കത്ത് അഞ്ചാം റൗണ്ട് പിന്നിട്ടപ്പോഴേക്കും 5000 ത്തിലേറെ വോട്ടിന്റെ ലീഡ് നേടി വിജയം ഉറപ്പിച്ചു. പിന്നെ എണ്ണിയ പോത്തുകല്ലിലും എൽ ഡി എഫ് പ്രതീക്ഷകൾ തകർത്ത് മുന്നേറിയ ഷൗക്കത്ത് 307 വോട്ടിന്‍റെ ലീഡ് നേടി. ചുങ്കത്തറയും നിലമ്പൂർ നഗരസഭയും എണ്ണുമ്പോഴേക്കും യു ഡി എഫ് ലീഡ് 10000 കടന്നിരുന്നു. ആകെ തകർന്നു പോയ എൽ ഡി എഫിനും എം സ്വരാജിനും ആശ്വാസമായത് 118 വോട്ടിന്‍റെ ലീഡ് നൽകിയ കരുളായി മാത്രമാണ്. ഇടത് ശക്തികേന്ദ്രമായ അമരമ്പലവും ഇക്കുറി വലത്തോട്ട് മറിഞ്ഞതോടെ ഷൗക്കത്തിന്‍റെ ഭൂരിപക്ഷം 1,077 ൽ തൊട്ടു. സ്വന്തം ബൂത്തിൽ പോലും 40 വോട്ടിന് പിറകിലായത് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം സ്വരാജിന് വലിയ ക്ഷീണമായി. യു ഡി എഫിന്‍റെയും എൽ ഡി എഫിന്‍റെയും വോട്ടുകൾ ചോർത്തിയെങ്കിലും അൻവർ കൂടുതൽ ക്ഷീണം ഉണ്ടാക്കിയത് ഇടതുമുന്നണിക്ക് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒറ്റയ്ക്ക് മത്സരിച്ച അൻവർ ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് 19670 വോട്ടുകൾ സമാഹരിച്ചത്. അൻവറിനും പിന്നിൽ നാലാമതായ ബി ജെ പിക്ക് കഴിഞ്ഞ തവണത്തെക്കാൾ 54 വോട്ടുകൾ കൂടുതൽ കിട്ടിയെന്ന് ആശ്വസിക്കാം. എസ് ഡി പി ഐ 2067 വോട്ടിൽ ഒതുങ്ങി.