userpic
user icon
0 Min read

കളഞ്ഞുകിട്ടിയ എടിഎം കാർഡിലെ പണം തട്ടി; സുജന്യ ഗോപിയെ ബിജെപി പുറത്താക്കി, ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെച്ചു

BJP leader expelled from party for using stolen ATM card to loot money in Alappuzha
atm card bjp

Synopsis

കളഞ്ഞുകിട്ടയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി നേതാവിനെതിരെ നടപടിയെടുത്ത് ബിജെപി നേതൃത്വം. സുജന്യ ഗോപിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻണ്ടൂര്‍ ഡിവിഷൻ അംഗത്വവും സുജന്യ ഗോപി രാജിവെച്ചു

ആലപ്പുഴ:കളഞ്ഞുകിട്ടയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി നേതാവിനെതിരെ നടപടിയെടുത്ത് ബിജെപി നേതൃത്വം. സുജന്യ ഗോപിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻണ്ടൂര്‍ ഡിവിഷൻ അംഗത്വവും സുജന്യ ഗോപി രാജിവെച്ചു. നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് സുജന്യ ബ്ലോക്ക് പഞ്ചായത്തംഗത്വം  രാജിവെച്ചത്. പണം തട്ടിയ സംഭവത്തിൽ സുജന്യയും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

സിസിടിവി ദൃശ്യങ്ങളാണ് ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെയും സുഹൃത്തിനെയും കുടുക്കിയത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗം സുജന്യ ഗോപിയും സുഹൃത്തും ഓട്ടോഡ്രൈവറുമായ സലീഷുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെങ്ങന്നൂർ സ്വദേശിയായ യുവാവിന്‍റെ പേഴ്സ് റോഡിൽ നഷ്ടമായത്. ഇത് ഓട്ടോ ഡ്രൈവറായ സലീഷിന് ലഭിച്ചു.

പരിശോധിച്ചപ്പോൾ എടിഎം കാർഡിന്‍റെ കവറിനുള്ളിൽ നിന്നു പിൻ നമ്പർ കിട്ടി. വിവരം ഇയാ‌ൾ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗവും സുഹൃത്തുമായ സുജന്യയോട് പറഞ്ഞു. തുടർന്ന് ഞായറാഴ്ച്ച രാവിലെ ഇരുവരും ചേർന്ന് ചെങ്ങന്നൂരിന്‍റെ പരിസര പ്രദേശങ്ങളിലുള്ള വിവിധ എടിഎം കൗണ്ടറുകളിൽ നിന്നും 25000 രൂപ പിൻവലിച്ചു.

പണം പിൻവലിച്ച മെസേജ് മൊബൈലിൽ വന്നതിനു പിന്നാലെ കാർഡ് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് എടിഎം കൗണ്ടറുകളിലെയും പരിസരത്തെ കടകളിലെയും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. ഇതോടെയാണ് സുജന്യയുടെയും സലീഷിന്‍റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ഇരുവരെയും പിടികൂടി. നഷ്ടമായ പേഴ്സ് കല്ലിശേരിയിലെ റെയിൽവേ മേല്‍പാലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ്
 

Latest Videos