സസ്പെൻഷനിലുള്ള റജിസ്ട്രാർ ഓഫീസിൽ പ്രവേശിച്ചെന്നും രേഖകൾ കടത്തിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഹൈക്കോടതിയിലേക്ക്. സർവകലാശാലയുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. സസ്പെൻഷനിലുള്ള റജിസ്ട്രാർ അനധികൃതമായി
ഓഫീസിൽ പ്രവേശിച്ചെന്നും രേഖകൾ കടത്തിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും ബിജെപി അംഗങ്ങൾ ആരോപിക്കുന്നു. സംസ്ഥാന പൊലീസ് പരാജയപ്പെട്ടതിനാൽ കേന്ദ്രസേനയുടെ സുരക്ഷ വേണമെന്നും ആവശ്യപ്പെടുന്നു. ഹർജി ഇന്ന് സമർപ്പിക്കുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു.
അതേസമയം കേരള സർവകലാശാലയിൽ വിസിയും റജിസ്ട്രാറും തമ്മിലുള്ള തർക്കം തുടരുകയാണ്. റജിസ്ട്രാർ കെ എസ് അനിൽ കുമാർ ഓഫീസിലേക്ക് പ്രവേശിക്കരുതെന്ന വിസിയുടെ ഉത്തരവ് ഇന്നലെ നടപ്പായിരുന്നില്ല. റജിസ്ട്രാർക്ക് ഇ-ഫയലുകൾ നൽകരുതെന്ന വിസിയുടെ രണ്ടാം നിർദേശവും നടപ്പായില്ല. അനിൽ കുമാർ ഒപ്പിടുന്ന ഫയലുകൾ തനിക്ക് അയക്കേണ്ട എന്നാണ് വിസി മോഹൻ കുന്നുമലിന്‍റെ നിലപാട്. റജിസ്ട്രാർ അയക്കുന്ന ഫയലുകൾ മാറ്റിവെക്കാനും അടിയന്തരാവശ്യമുള്ള ഫയലുകൾ തനിക്ക് നേരിട്ട് അയക്കാനും ജോയിന്‍റ് റജിസ്ട്രാർക്ക് വിസി നിർദേശം നൽകി. വിസിയുടെ രണ്ട് നിർദേശവും നടപ്പാക്കാത്തതിന് പിന്നാലെയാണ് മൂന്നാം നിർദേശം.
വിസി ഇന്നും സർവകലാശാലയിൽ എത്താൻ സാധ്യതയില്ല. ആരോഗ്യ സർവ്വകലാശാല വിസി കൂടിയായ മോഹൻ കുന്നുമൽ ഇപ്പോൾ കോഴിക്കോട് ആണ് ഉള്ളത്. വിസി വന്നാൽ തടയാനാണ് എസ്എഫ്ഐയുടെ തീരുമാനം.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ഫോട്ടോയിൽ തുടങ്ങിയ രാഷ്ട്രീയ തർക്കമാണ് കയ്യാങ്കളിയിലും അധികാര തർക്കത്തിലും എത്തി നിൽക്കുന്നത്. സെനറ്റ് ഹാളില്‍ നടത്താനിരുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടി റദ്ദാക്കിയതിനാണ് റജിസ്ട്രാർ കെ എസ് അനില്‍കുമാറിനെ വിസി മോഹനൻ കുന്നുമൽ സസ്പെൻഡ് ചെയ്തത്. സെനറ്റ് ഹാളിലെ പരിപാടി മുൻവിധിയോടെ റജിസ്ട്രാർ റദ്ദാക്കുകയായിരുന്നുവെന്നും ഗവർണറോട് അനാദരവ് കാണിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിസിയുടെ നടപടി.