Asianet News MalayalamAsianet News Malayalam

'പോരാട്ടാവീര്യം കെടുത്തരുത് അപേക്ഷയാണ്..'; ശശി തരൂരിനെ വിമര്‍ശിച്ച് ടോണി ചമ്മിണി

ഒരു എംപിയും നാല് എംഎൽഎമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷൻ വരാന്തയിൽ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത് എന്ന് ടോണി തരൂരിനോട് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. 

congress leader tony chammany slams shashi tharoor mp on social media post with pinarayi vijayan
Author
Thiruvananthapuram, First Published Nov 26, 2021, 12:40 PM IST

കൊച്ചി: തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എറണാകുളത്തെ കോണ്‍ഗ്രസ് നേതാവും, മുന്‍ കൊച്ചി നഗരസഭ മേയറുമായ ടോണി ചമ്മിണി. ആലുവ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്‍റെ വീര്യം കെടുത്തുന്നതാണ് തരൂരിന്‍റെ പോസ്റ്റ് എന്നാണ് ടോണി ചമ്മിണി ആരോപിക്കുന്നത്. 

ഒരു എംപിയും നാല് എംഎൽഎമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷൻ വരാന്തയിൽ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത് എന്ന് ടോണി തരൂരിനോട് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. 

മോഫിയ പർവീൺ ആത്മഹത്യ കേസിൽ സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ടാണ്, കഴിഞ്ഞ മൂന്ന് ദിവസമായി ആലുവ പൊലീസ് സ്റ്റേഷനില്‍ കോൺഗ്രസ് ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തിവരുന്നത്. സിഐയെ സസ്പെന്റ് ചെയ്ത സാഹചര്യത്തിൽ ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരുടെ സമരം അവസാനിപ്പിച്ചേക്കും. മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് ഇവർ തീരുമാനിച്ചിരുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

ടോണി ചമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

വിശ്വപൗരൻ ആണെന്നതിൽ സന്തോഷം. കേരളം ഈ ദിവസങ്ങളിൽ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നിർഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേൽ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേ!

ഒരു എംപിയും നാല് എംഎൽഎമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷൻ വരാന്തയിൽ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത്!
അപേക്ഷയാണ്..

നേരത്തെ രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം പ്രൊഫഷണലാണെന്നാണ് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. പറഞ്ഞത്.മുഖ്യമന്ത്രിയോടൊപ്പം സംസാരിക്കുന്നതും വികസനത്തോടുള്ള അദ്ദേഹത്തിന്റെ പ്രൊഫഷണൽ സമീപനത്തിൽനിന്നു കാര്യം മനസിലാക്കുന്നതും എല്ലായ്‌പ്പോഴും സന്തോഷം നൽകുന്ന കാര്യമാണെന്ന് ശശി തരൂർ കുറിച്ചു. എൽ.ഡി.എഫ്. സർക്കാരിന്റെ കെ-റെയിൽപോലുള്ള വികസനപദ്ധതികൾ ജനവിരുദ്ധമാണെന്ന് ആരോപിച്ച് യുഡിഎഫ് സമരം നടത്തുന്ന സമയത്ത് തന്നെയാണ് ശശി തരൂരിന്‍റെ ട്വീറ്റ് വന്നതും എന്നതും ശ്രദ്ധേയമാണ്.
 

Follow Us:
Download App:
  • android
  • ios