Asianet News MalayalamAsianet News Malayalam

നേതാക്കളാരും ഉണ്ടായില്ല, പക്ഷേ കെപിസിസി ആസ്ഥാനത്ത് സ്വീകരണമൊരുക്കി പ്രവർത്തകർ, വോട്ടിന് ഒരേ വിലയെന്ന് തരൂർ

കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. മുതിർന്ന നേതാക്കളാരും അവിടെ ഉണ്ടാകാതിരുന്നതിലടക്കം പ്രതികരണവും നടത്തിയ ശേഷമാണ് തരൂർ മടങ്ങിയത്.

congress workers welcome shashi tharoor in kpcc
Author
First Published Oct 4, 2022, 5:56 PM IST

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കെ പി സി സി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. തരൂർ കെ പി സി സിയിലെത്തിയപ്പോൾ സ്വീകരിക്കാൻ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും പ്രവർത്തകരുടെ വലിയ നിര തന്നെ സ്വീകരണം നൽകി. താഴെ തട്ടിലെ പ്രവർത്തകർ ആണ് തരൂരിനെ ആവേശപൂ‍ർവ്വം സ്വീകരിച്ചത്. കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. മുതിർന്ന നേതാക്കളാരും അവിടെ ഉണ്ടാകാതിരുന്നതിലടക്കം പ്രതികരണവും നടത്തിയ ശേഷമാണ് തരൂർ മടങ്ങിയത്.

സ്വീകരിക്കാൻ നേതാക്കളാരും ഇവിടെ ഉണ്ടാകില്ല, പക്ഷെ സാധാരണ പ്രവർത്തകർ ഉണ്ട്, അവരാണ് പാർട്ടിയുടെ ശക്തിയെന്നതും തരൂർ ഓർമ്മിപ്പിച്ചു. മാറ്റം വേണം എന്നാണ് രാജ്യത്തു നിന്നും കിട്ടുന്ന പ്രതികരണം. മുതിർന്ന നേതാക്കൾ ഇവിടെ പക്ഷം പിടിക്കുകയാണ്. പക്ഷെ നേതാക്കൾ പറയുന്നത് പ്രവർത്തകർ കേൾക്കും എന്ന് കരുതുന്നില്ലെന്നാണ് തനിക്ക് മനസിലാകുന്നതെന്നും തരൂ‍ർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ടിന് ഒരേ വിലതന്നെയാണ്. മുതിർന്ന നേതാക്കളുടെ വോട്ടിന്‍റെ വില തന്നെ ആണ് പ്രവർത്തകരുടെ വോട്ടിനും ഉണ്ടാകുക. ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയതാണ്. എന്നിട്ടും മുതിർന്ന നേതാക്കൾ ഇങ്ങനെ കാണിക്കുന്നത് ശരിയല്ലെന്നും തരൂർ ചൂണ്ടികാട്ടി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂർ കൂട്ടിച്ചേർത്തു.

ഖാര്‍ഗ്ഗേയെ പരസ്യമായി പിന്തുണച്ച സുധാകരൻ്റെ നടപടിയിൽ തരൂരിന് അതൃപ്തി

നേരത്തെ എ ഐ സി സി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുന ഖാർഗെക്ക് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ പരസ്യപിന്തുണ പ്രഖ്യാപിച്ചതിൽ ശശി തരൂർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുതിർന്ന നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തിൽ സ്ഥാനാർത്ഥി പര്യടനത്തിനായെത്തിയ തരൂർ വ്യക്തമാക്കി. വോട്ടുറപ്പിക്കാൻ സ്വന്തം സംസ്ഥാനമായ കേരളത്തിൽ തരൂർ എത്തുമ്പോഴാണ് ഇവിടുത്തെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതികരണം നടത്തിയത്. ആദ്യം മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെ പി സി സി അധ്യക്ഷൻ പിന്നാലെ നിലപാട് മാറ്റിയതാണ് തരൂരിനെ ചൊടിപ്പിച്ചത്. 

എയറിലും തരൂര്‍ സൂപ്പര്‍സ്റ്റാര്‍; 'വാക്കുകളുടെ മാന്ത്രികന്' നന്ദിയെന്ന് ഇന്‍ഡിഗോ, സെല്‍ഫിയെടുക്കാന്‍ മത്സരം!

Follow Us:
Download App:
  • android
  • ios