Asianet News MalayalamAsianet News Malayalam

സമസ്‌തയടക്കം നിഷ്‌പക്ഷ നിലപാടെടുക്കുമ്പോൾ വോട്ടർമാരെ ഭീഷണിപ്പെടുത്താൻ ചില കേന്ദ്രങ്ങളുടെ ശ്രമം: എം വി ഗോവിന്ദൻ

ഇങ്ങനെയുള്ള ഭീഷണികളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണം. ഈ ഭീഷണികളിലൊന്നും വോട്ടർമാർ വഴങ്ങില്ലെന്ന്‌ തിരിച്ചറിയണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

CPM Secretary MV Govindan says Voters were threatened
Author
First Published Apr 25, 2024, 7:50 PM IST

തിരുവനന്തപുരം: വോട്ടെടുപ്പിന്‌ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ചില കേന്ദ്രങ്ങൾ വോട്ടർമാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്റർ. സമസ്‌ത ഉൾപ്പെടെയുള്ള സാമുദായിക സംഘടനകൾ സ്വതന്ത്രവും നിഷ്‌പക്ഷവുമായ നിലപാട്‌ എടുക്കുമ്പോൾ നേതാക്കളെയും പ്രവർത്തകരെയും അണികളെയും ഭീകരത സൃഷ്‌ടിച്ച്‌ ഭീഷണിപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

'പറയാത്ത കാര്യത്തിൽ സമൂഹ മാധ്യമങ്ങളിൽ കാർഡായി വ്യാജ പ്രചരണം'; പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നല്‍കി

ജനാധിപത്യ ഇന്ത്യയിൽ ഓരോ പൗരനും നിഷ്‌പക്ഷമായി ചിന്തിച്ച്‌ വോട്ട്‌ ചെയ്യാൻ അവകാശമുണ്ട്‌. ഈ അവകാശം ഉൾപ്പെടെ സ്വതന്ത്രമായി ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമെല്ലാം ഇന്ന്‌ ഏറ്റവും അനുയോജ്യമായ നാടാണ്‌ കേരളം. ആ കേരളത്തിൽ ജനാധിപത്യപരമായ അവകാശങ്ങൾ രേഖപ്പെടുത്താനും അഭിപ്രായങ്ങൾ തുറന്നുപറയാനും മുന്നോട്ട്‌ വരുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാൻ ശ്രമിക്കുന്നത്‌ അംഗീകരിക്കാനകില്ല. ഇത്തരം ഭീഷണികളെ ചെറുത്ത്‌ തോൽപിച്ച നാടാണ്‌ കേരളം. ഇങ്ങനെയുള്ള ഭീഷണികളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണം. ഈ ഭീഷണികളിലൊന്നും വോട്ടർമാർ വഴങ്ങില്ലെന്ന്‌ തിരിച്ചറിയണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios