Asianet News MalayalamAsianet News Malayalam

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം: സമരം നിർത്തി സിഐടിയു, തിങ്കളാഴ്ച മുതൽ ടെസ്റ്റുമായി സഹകരിക്കും

നിർദേശങ്ങളിൽ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെ ആണ് പിന്മാറ്റം. 

Driving test reform CITU has called off the strike and will cooperate with the test from Monday
Author
First Published May 4, 2024, 5:43 PM IST

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം നിർത്തിവെച്ച് സിഐടിയു. തിങ്കളാഴ്ച മുതൽ ഡ്രൈവിം​ഗ് ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു അറിയിച്ചു. നിർദേശങ്ങളിൽ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെ ആണ് പിന്മാറ്റം. മെയ് 23 ന് ​ഗതാ​ഗതമന്ത്രിയും സിഐടിയു സംസ്ഥാന സെക്രട്ടറിയും ചർച്ച നടത്തും. ചർച്ച പരാജയപ്പെട്ടാൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങുമെന്നും സിഐടിയു വാർത്താക്കുറിപ്പിൽ അറിയിച്ചു. 

അതേ സമയം, സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഇളവ് വരുത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. പ്രതിദിനം 40 ലൈസൻസ് അനുവദിക്കുമെന്നതടക്കമുള്ള ഇളവുകളാണ് വരുത്തിയത്. 15 വർഷം കാലപ്പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസം സാവകാശവും നൽകും. സമരം പിൻവലിച്ച സിഐടിയു തിങ്കളാഴ്ച മുതൽ ടെസ്റ്റുമായി സഹകരിക്കുമെന്ന് അറിയിച്ചു.

കടുംപിടുത്തം വിട്ട് ഇളവുകളുമായാണ് ഗതാഗതവകുപ്പ് ഉത്തരവ്. പ്രതിദിന ലൈസൻസ് 30 ൽ നിന്ന് 40 ആക്കി. ഇതിൽ 25 പുതിയ അപേക്ഷകർക്ക്. 10 റീ ടെസ്റ്റ്. അഞ്ച് വിദേശത്തേക്ക് അടിയന്തിരമായി പോകേണ്ടവർക്ക്. ഈ വിഭാഗം ഇല്ലെങ്കിൽ അഞ്ച് എണ്ണം പുതിയ അപേക്ഷയിൽ മുൻഗണനയുള്ളവർക്ക്. ആദ്യം റോഡ് ടെസ്റ്റ് പിന്നെ എച്ച് ആയിരിക്കും. ഇരട്ട ക്ലച്ചും ബ്രേക്കും ഉള്ള വാഹനങ്ങൾ ഒഴിവാക്കാൻ മൂന്ന് മാസത്തെ സാവകാശം ഉണ്ട്. 

വാഹനത്തിൽ ക്യാമറ വെക്കാനും മൂന്ന് മാസം സമയം നൽകും. സമരം ചെയ്യുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഉടമകളുടെ ആവശ്യങ്ങൾ ഏറെക്കുറെ അംഗീകരിച്ചാണ് പുതിയ ഉത്തരവ്. പഴയ സർക്കുലർ സ്റ്റേ ചെയ്യാൻ ഇന്നലെ ഹൈക്കോടതി തയ്യാറായിരുന്നില്ല. പക്ഷെ സിഐടിയും സർക്കാറിനെതിരെ സമരം കടുപ്പിച്ചതും സിപിഎം ഇടപടെലും ഗതാഗതവകുപ്പ് അയയാനുള്ള കാരണമാണ്. സമരം മൂലം രണ്ട് ദിവസമായി ഡ്രൈവിംഗ് ടെസ്റ്റ് തടസ്സപ്പെട്ടത് മൂലമുള്ള സ്ഥിതിയും ഗതാഗതവകുപ്പ് കണക്കിലെടുത്തു

 


 

Latest Videos
Follow Us:
Download App:
  • android
  • ios