Asianet News MalayalamAsianet News Malayalam

മഴവില്‍ സഖ്യം, സകല ഇടത് വിരുദ്ധരും ഒന്നായി ഇതാ അണിനിരന്നിരിക്കുന്നു: എഎ റഹീം

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമരവേദിയില്‍ സംസാരിക്കുന്നതും മുസ്ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സമീപത്തിരിക്കുന്നതുമായ ചിത്രം പങ്കുവെച്ചായിരുന്നു റഹീമിന്റെ വിമര്‍ശനം. 

DYFI leader AA Rahim criticised Anti K Rail protest
Author
Thiruvananthapuram, First Published Oct 27, 2021, 11:37 PM IST

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ (K Rail project) ബുധനാഴ്ച സംയുക്ത മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം (AA Rahim). സകല ഇടതുവിരുദ്ധരും ഒന്നിച്ച മഴവില്‍ സഖ്യമാണ് ഉണ്ടായിരിക്കുന്നതെന്നും വികസന പദ്ധതി തടസ്സപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും റഹീം ഫോസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

സര്‍ക്കാരിനെതിരായ ജനാധിപത്യവിരുദ്ധ സമരത്തിന്റെ അരങ്ങൊരുക്കുകയാണ് ഇവര്‍. കേരള വികസനത്തെ തടയാനും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുമാണ് ഈ മഴവില്‍ സഖ്യം. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ഈ വികസന വിരുദ്ധ സമര നാടകത്തിനെതിരെ അണിനിരക്കണമെന്നും റഹീം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമരവേദിയില്‍ സംസാരിക്കുന്നതും മുസ്ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സമീപത്തിരിക്കുന്നതുമായ ചിത്രം പങ്കുവെച്ചായിരുന്നു റഹീമിന്റെ വിമര്‍ശനം. 

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ ഇടത് പക്ഷജനാധിപത്യ മുന്നണിക്കെതിരായ മഴവില്‍ സഖ്യത്തിന്റെ വേദി നോക്കൂ...സകല ഇടത് വിരുദ്ധരും ഒരുമിച്ച് ഒന്നായി ഇതാ അണിനിരന്നിരിക്കുന്നു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഭാവനാ പൂര്‍ണമായ പദ്ധതിയുമായാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍ഗോഡ് എത്താന്‍ കഴിയുന്ന അതിവേഗ റെയില്‍ പാത കേരളത്തിന്റെ വികസനത്തിന് ഊര്‍ജ്ജമാകും. അത് തടസ്സപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണ്. സര്‍ക്കാരിനെതിരായ ജനാധിപത്യവിരുദ്ധ സമരത്തിന്റെ അരങ്ങൊരുക്കുകയാണ് ഇവര്‍. കേരള വികസനത്തെ തടയാനും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുമാണ് ഈ മഴവില്‍ സഖ്യം. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ഈ വികസന വിരുദ്ധ സമര നാടകത്തിനെതിരെ അണിനിരക്കണം.

Follow Us:
Download App:
  • android
  • ios