തിരുവനന്തപുരത്ത് പ്രവാസിയുടെ കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയ കേസിൽ മുഖ്യ കണ്ണിയായ കോൺഗ്രസ് നേതാവ് ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവാസിയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തതിലെ മുഖ്യ കണ്ണിയും കോണ്‍ഗ്രസ് ജില്ലാ നേതാവുമായ അനന്തപുരി മണികണ്ഠൻ ഒളിവിൽ. ആള്‍മാറാട്ടം നടത്തിയ വ്യാജ രേഖകള്‍ ചമച്ച രണ്ടു സ്ത്രീകൾ മാത്രമാണ് ഇതുവരെ പിടിയിലായത്. ഇടപാടിന് പിന്നിൽ പ്രവർത്തിച്ച മാഫിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രവാസിയുടെ ഭൂമി തട്ടിയെടുക്കാൻ മുൻ ആധാരം കളവുപോയെന്നടക്കം പ്രതികൾ രേഖയുണ്ടാക്കിയതായി വ്യക്തമായിട്ടുണ്ട്. കേസിൽ മുഖ്യ കണ്ണിയെന്ന് തെളിഞ്ഞിട്ടും മണികണ്ഠനെതിരെ കോൺഗ്രസ് നേതൃത്വം നടപടിയെടുത്തിട്ടില്ല.

മണികണ്ഠനാണ് രജിസ്ട്രേഷന് വേണ്ടി ഓഫീസിൽ വന്നതെന്ന് സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. കേസിൽ പിടിയിലായ മെറിനും മണികണ്ഠൻ്റെ നിർദേശപ്രകാരമാണ് തങ്ങൾ എല്ലാം ചെയ്തതെന്നാണ് മൊഴി നൽകിയത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അനിൽ തമ്പിയുടെ ഭാര്യാപിതാവാണ് മെറിൻ നിന്ന് ഭൂമി വാങ്ങിയ ചന്ദ്രസേനൻ.

അമേരിക്കയിൽ താമസമാക്കിയ ഡോറയാണ് തട്ടിപ്പിന് ഇരയായത്. മാതാപിതാക്കള്‍ ഡോറക്ക് എഴുതി നൽകിയ 10 മുറികളുള്ള ബഹുനില മന്ദിരവും 14 സെൻറ് കെട്ടിട്ടവുമാണ് ഭൂ മാഫിയ വ്യാജരേഖ ചമച്ച് മറിച്ച് വിറ്റത്. 21 വർഷം മുമ്പാണ് ഡോറ നാട്ടിൽ വന്നു പോയത്. ഡോറയുടെ ബന്ധു കരമടക്കാൻ എത്തിയപ്പോഴാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി ചന്ദ്രസേനൻ എന്നയാള്‍ വാങ്ങിയെന്ന് അറിയുന്നത്.

പൊലീസ് അന്വേഷണത്തിലാണ് തട്ടിപ്പിൻ്റെ കഥ പുറത്തായത്. ഭൂമി ഇടപാടിനായി നൽകിയ ആധാറിൽ ഉണ്ടായിരുന്ന ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഡോറയുടെ മാതാപിതാക്കളുടെ വളര്‍ത്തു മകളെന്ന വ്യാജരേഖയുണ്ടാക്കി കൊല്ലം സ്വദേശി മെറിനാണ് ഭൂമി തട്ടിയെടുത്തത്. ഡോറയെന്ന വ്യാജേന മുക്കോലയ്ക്കൽ സ്വദേശി വസന്തയാണ് ഇഷ്ടദാനമായി മെറിന് ഭൂമി നൽകിയത്. ഇതിന് ശേഷം ഒന്നര കോടി രൂപയ്ക്ക് ചന്ദ്രസേനൻ എന്നയാളിന് ഭൂമി വിൽക്കുകയായിരുന്നു. ശാസ്തമംഗലം സബ് - രജിസ്ട്രാർ ഓഫീസ് വഴിയാണ് രജിസ്ട്രേഷൻ നടന്നത്. ഭൂമി വിൽക്കുന്നതിന് വിലയാധാരം എഴുതാൻ മുൻ ആധാരം നഷ്ടപ്പെട്ടുപോയെന്ന് പത്രത്തിലടക്കം പരസ്യം നൽകിയിരുന്നു.