'സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയണം'; മുഖ്യമന്ത്രി പിണറായി വിജയൻ

Synopsis
സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി: തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല ആരും. എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്നും സമസ്ത നേതാവ് നാസർഫൈസി കൂടത്തായിയുടെ പരാമർശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്ന് ഡോ. ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. റുവൈസാണ് സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയത്. കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് എന്നിട്ടും വഴങ്ങിയില്ലെന്നും ജാസിം നാസ് പറഞ്ഞു. സ്ത്രീധനം കൂടുതൽ ചോദിച്ചത് പിതാവാണെന്നും പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം നാസ് പറഞ്ഞു. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞത്. ഷഹ്നക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കിൽ രജിസ്റ്റർ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8