Asianet News MalayalamAsianet News Malayalam

പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും, ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും

നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്. 

Kerala electricity bill surcharge nineteen paise in may
Author
First Published May 4, 2024, 10:33 AM IST

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിൽ തീരുന്നില്ല. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സർചാർജും കൊടുക്കണം. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ, 10 പൈസ കൂടി സർചാർജായി മെയിലെ ബില്ലിൽ ഈടാക്കാനാണ് തീരുമാനം. ആകെ 19 പൈസ സർചാർജ്. മാർച്ചിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുന്ന്. ഇന്നലെ മുതൽ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. നിയന്ത്രണത്തിൽ ജനത്തിന് എതിർപ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സർക്കാർ വിലയിരുത്തൽ ഇന്നലെ 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്ക്.

പത്ത് മിനിറ്റോ, പതിനഞ്ച് മിനിറ്റോ മാത്രം വൈദ്യതി നിയന്ത്രിക്കാനാണ് നിലവിൽ തീരുമാനം. രണ്ട് ദിവസം ഉപഭോഗ കണക്കുകൾ പരിശോധിച്ചതിന് ശേഷം നിയന്ത്രണം തുടരണമോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കും. ബുധനാഴ്ചയോടെ മഴ മെച്ചപ്പെടുമെന്ന കാലാവസ്ഥ പ്രവചനങ്ങളും വകുപ്പിന് ആശ്വാസമാണ്. മഴ കിട്ടിയാലും, ചൂട് കൂറഞ്ഞാലും, ബില്ലടയ്ക്കാൻ അധികം പണം വേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios