Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കള്ളവോട്ട് പരാതി വ്യാപകം; വിവിധ ജില്ലകളിലായി 16 പരാതികള്‍, പത്തനംതിട്ടയിൽ മാത്രം 7 പരാതി

16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളില്‍ നിന്നായി ഉയർന്നത്. പത്തനംതിട്ട മണ്ഡലത്തിൽ മാത്രം ഏഴ് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്.

Kerala Lok Sabha Election 2024 update news 16 Fake vote complaint in kerala
Author
First Published Apr 26, 2024, 6:43 PM IST

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളില്‍ നിന്നായി ഉയർന്നത്. പത്തനംതിട്ട മണ്ഡലത്തിൽ മാത്രം ഏഴ് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചത് രണ്ട് പേരെ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു.

പത്തനംതിട്ടയിൽ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് പരാതി ഉയ‍ർന്നു. ആനപ്പാറയിൽ ഹസ്സൻ ബീവി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തിരുന്നു. അടൂർ മണക്കാലയിൽ ലാലി യോഹന്നാന്റെ വോട്ടാണ് മറ്റാരോ ചെയ്തത്. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പ്രതിഷേധിച്ചു. തിരുവല്ല, ഓമല്ലൂർ, അടൂർ, വെട്ടൂർ എന്നിവിടങ്ങളില്‍ നിന്നും കള്ളവോട്ട് പരാതി ഉയർന്നു.

ഇടുക്കിയിൽ ഖജനാപ്പറയിൽ മുരുകൻ മൂക്കൻ വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് രേഖപ്പെടുത്തി. കരിമണ്ണൂരിൽ രണ്ട് കള്ളവോട്ട് പരാതികളാണ് ഉയർന്നത്. കരിമണ്ണൂർ സ്വദേശികളായ ജെസ്സി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെയാണ് യുഡിഎഫ് ബൂത്ത്‌ ഏജന്റ്മാർ പിടികൂടിയത്.

Also Read: വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക്; സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി

തിരുവനന്തപുരത്ത് കുന്നുകുഴിയിൽ രണ്ട് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. രാജേഷ്, തങ്കപ്പൻ എന്നിവരുടെ വോട്ടുകൾ മറ്റൊരോ ചെയ്തു. മണക്കാട് സ്കൂളിലെ പി രാജേഷിന്റെ വോട്ടും മറ്റാരോ ചെയ്തു. ആറ്റിങ്ങൽ മണ്ഡലത്തിൽ പോത്തൻകോട് മേരി മാതാ സ്കൂളിൽ ലളിതാമ്മയുടെ വോട്ടും മറ്റാരോ ചെയ്തു. മലപ്പുറത്തെ പെരിന്തല്‍മണ്ണയിലും തൃശൂർ‌ ഒല്ലൂരും കള്ളവോട്ട് പരാതി ഉയര്‍ന്നു. ഇടുക്കിയിൽ രണ്ടിടത്ത് ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചത് പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു. ചെമ്മണ്ണാറിലും കുമ്പപ്പാറയിലുമാണ് തമിഴ്നാട്ടിൽ വോട്ട് ചെയ്തവർ ഇവിടെയും വോട്ട് ചെയ്യാൻ ശ്രമിച്ചത്. ഇരുവർക്കുമെതിരെ കേസെടുത്തിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios