Asianet News MalayalamAsianet News Malayalam

ആവേശക്കടലിരമ്പം... കൊടും ചൂടിന് മേലെ കൊട്ടിക്കലാശം; കേരളത്തിൽ മാത്രമുള്ള കാഴ്ച, പരസ്യ പ്രചാരണം അവസാനത്തിലേക്ക്

ഇന്ന് വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണത്തിന് തിരശീലയിട്ടുകൊണ്ട് കൊട്ടിക്കലാശം സമാപിക്കുക. 40 നാൾ നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് മുന്നണികൾ

Lok Sabha Election 2024  Kerala public campaign in final stage Kottikalasam in full swing
Author
First Published Apr 24, 2024, 4:43 PM IST

തിരുവനന്തപുരം: പരസ്യപ്രചാരണം തീരാനിരിക്കെ സംസ്ഥാനത്തെ ആവേശക്കടലാക്കി മുന്നണികളുടെ കലാശപ്പോര്. ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുന്നു യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകള്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളും അവരുടെ അണികളും ഒരേ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടികലാശത്തിന്‍റെ ആവേശത്തിലാണിപ്പോള്‍ നാട്.

ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം. കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്‍റെ അവസാനലാപ്പിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും ആവേശവും വാനോളമാണ്. തലസ്ഥാനമായ തിരുവനന്തപുരത്തും കൊട്ടിക്കലാശം പൊടിപൊടിക്കുകയാണ്. സ്ഥാനാര്‍ത്ഥികളുടെ കൂറ്റൻ ഫ്ലക്സുകള്‍ ക്രെയിനുകളില്‍ ഉയര്‍ത്തിയും മറ്റുമാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തെ വര്‍ണാഭമാക്കുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒരു മണ്ഡലത്തിലെ ഒരെ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം തെരഞ്ഞെടുപ്പുകളിലെ കേരളത്തിലെ മാത്രം പ്രത്യേകതകളിലൊന്നാണ്. 

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എങ്ങും തെരഞ്ഞെടുപ്പ് ആവേശമാണ്. ഇന്ന് വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണത്തിന് തിരശീലയിട്ടുകൊണ്ട് കൊട്ടിക്കലാശം സമാപിക്കുക. 40 നാൾ നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. പ്രധാനമന്ത്രി നിരന്തരമെത്തിയ സംസ്ഥാനമാണ് കേരളം. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ഉള്‍പ്പെടെ മറ്റന്നാള്‍ വിധിയെഴുതും. ഇന്ത്യാസംഖ്യത്തിനും കേരളം പ്രതീക്ഷാ മുനമ്പാണ്.

എന്നാല്‍, സഖ്യത്തിലെ കക്ഷികൾ തമ്മില്‍ പോരടിക്കുന്ന മണ്ണ് എന്ന പ്രത്യേകയും കേരളത്തിനുണ്ട്. അങ്ങനെ രാജ്യം ശ്രദ്ധിക്കുന്ന കേരളം വിധിയെഴുത്തിലേക്ക് അടിവെച്ചുനീങ്ങുമ്പോൾ പ്രതീക്ഷകളും അവകാശവാദങ്ങളുമെറെയാണ്. പരസ്യപ്രചാരണത്തിൻറെ അവസാനദിവസമായ ഇന്ന് രാവിലെ മുതൽ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാർത്ഥികൾ. വിട്ടുപോയസ്ഥലങ്ങളിൽ ഒരുവട്ടം കൂടി സ്ഥാനാര്‍ത്ഥികളെത്തി. വിവാദങ്ങളിൽ മുങ്ങിയ സംസ്ഥാനസർക്കാറിനെതിരെ ജനവികാരമുണ്ടെന്ന് എതിരാളികൾ പറയുമ്പോൾ അവസാനകണക്കിൽ എല്ലാം ഭദ്രമെന്നാണ് എൽഡിഎഫ് പറയുന്നത്. ചിട്ടയായ പ്രവർത്തനവും പൗരത്വനിയമത്തിലൂന്നിയ പ്രചാരണവും മേൽക്കെക്കുള്ള കാരണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കുന്നത്.


മുമ്പൊരിക്കലുമില്ലാത്ത കേന്ദ്ര-സംസ്ഥാന വിരുദ്ധവികാരക്കാറ്റിൽ ഇരുപത് സീറ്റും പോരുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ള ബിജെപി വിരുദ്ധവോട്ട് ഏകീകരണമുണ്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ആദ്യം പിന്നിൽപോയ സ്ഥലങ്ങളിൽ അടക്കം തിരിച്ചുകയറിയെന്നും 20ല്‍ 20 സീറ്റും നേടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.അതേസമയം, മോദിയിലാണ് ബിജെപിയുടെ എല്ലാ പ്രതീക്ഷകളും.  കേന്ദ്രസർക്കാറിനൊപ്പമുള്ള പ്രതിനിധി എന്ന പ്രചാരണം തിരുവനന്തപുരം അടക്കമുള്ള എ പ്ലസ് സീറ്റിൽ ഫലം കണ്ടെന്നാണ് പ്രതീക്ഷയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു.പ്രചാരണപ്പൂരം കടന്ന് നാളത്തെ നിശബ്ദപ്രചാരണവും കഴിഞ്ഞ് മറ്റന്നാൾ കേരളം വിധിയെഴുതാൻ ബൂത്തിലെത്തും.

ക്രെയിനിലേറി സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും ക്രെയിനിലേറിയാണ് കൊട്ടിക്കലാശത്തിൽ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. വയനാട്ടില്‍ കെ സുരേന്ദ്രനും ക്രെയിനിലേറി. കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും ക്രെയിനിലേറി. ഇടുക്കിയില്‍ ജെസിബിയില്‍ കയറിയാണ് ഡീൻ കുര്യാക്കോസ് റോഡ് ഷോക്കെത്തിയത്. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ക്രെയിനില്‍ കയറിയാണ് കൊട്ടിക്കലാശത്തിനെത്തിയത്.

മലപ്പുറത്ത് സംഘര്‍ഷം

മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് വീണ്ടും സംഘര്‍ഷമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ചെങ്ങന്നൂരില്‍ ഉന്തും തള്ളും

ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ്‌ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എം സി റോഡിൽ നിന്ന് കൊട്ടികലാശം ആഘോഷിച്ച പ്രവർത്തകാരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതാണ് കാരണം.

കല്പറ്റയിലെ യുഡിഎഫ് കലാശക്കൊട്ടിൽ ഡിഎംകെ കൊടി 

കല്പറ്റയിലെ യുഡിഎഫ് കലാശക്കൊട്ടിൽ ഡിഎംകെ കൊടി. മറ്റെല്ലാ പാർട്ടികളുടെ  കൊടികളും പതിവ് പോലെ ഒഴിവാക്കിയപ്പോഴാണ് ഡിഎംകെ കൊടിയുമായി പ്രവര്‍ത്തകരെത്തിയത്.
രണ്ടു കൊടികളുമായാണ് ജാഥയിൽ പ്രാദേശിക ഡിഎംകെ പ്രവർത്തകർ എത്തിയത്.

നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘര്‍ഷം

നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. എല്‍ഡിഎഫ് -യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റമുണ്ടായി.

തൊടുപുഴയിൽ ഉന്തും തള്ളും

തൊടുപുഴയിൽ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

കല്‍പ്പറ്റയിൽ സംഘര്‍ഷം

കൽപ്പറ്റയിൽ എൽഡിഎഫ് പ്രവർത്തകരും ഡിഎംകെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.  ഡിഎംകെ പ്രവർത്തകരുടെ കൊടികൾ വലിച്ചു കീറി. പൊലീസ് ഇടപെട്ട് ഡിഎംകെ പ്രവർത്തകരെ മടക്കി അയക്കുകയായിരുന്നു. ഡിഎംകെ പ്രവർത്തകർ യുഡിഎഫിന്റെ കലാശക്കൊട്ടിൽ പങ്കെടുത്തിരുന്നു. ഇവര്‍ എൽഡിഎഫ് റാലിക്കിടയിലേക്ക് വാഹനവുമായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്.

കൂറ് മാറാനും ഒറ്റുകൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാ‍ർത്ഥികളുണ്ട് കോൺഗ്രസിൽ? തുറന്നടിച്ച് പിണറായി

Follow Us:
Download App:
  • android
  • ios