Asianet News MalayalamAsianet News Malayalam

കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം വിശ്രമത്തിലാണെന്ന് സിദ്ധീഖ്; 'യോഗം കൂടി ഉറപ്പിച്ചത് 12 സീറ്റ്'

ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ നില നില്‍പ്പിന് വേണ്ടിയുള്ളതാണ്, അല്ലാതെ ചിഹ്നം നില നിര്‍ത്താനുള്ളതല്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ടെന്നും ടി സിദ്ധീഖ്.

loksabha elections 2024 t siddique against kerala cpim leaders
Author
First Published May 7, 2024, 4:07 PM IST

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിദേശയാത്രയ്ക്ക് പോകുന്ന മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ടി സിദ്ധീഖ്. ഏഴു ഘട്ടമായുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങള്‍ ബാക്കി നില്‍ക്കുന്നു. പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ചുമതല ലഭിച്ച് പോയി കഴിഞ്ഞു. എന്നാല്‍ സിപിഎം നേതാക്കളെല്ലാം വിശ്രമത്തിലാണെന്നാണ് സിദ്ധീഖിന്റെ വിമര്‍ശനം. സിപിഎം പിബി അംഗങ്ങള്‍ കൂടുതല്‍ കേരളത്തില്‍ നിന്നാണ്. അവര്‍ക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാന്‍ ഉത്തരേന്ത്യയിലേക്ക് പോയ് കൂടെയെന്നും സിദ്ധീഖ് ചോദിച്ചു.  

ടി സിദ്ധീഖിന്റെ കുറിപ്പ്: കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. എല്‍ഡിഎഫ് യോഗം കൂടി 12 സീറ്റ് ഉറപ്പിച്ചു. ഇനി സിപിഐഎം വിശ്രമത്തിലേക്ക്..! ദേശീയ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആകെയുള്ള സിപിഐഎം മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യ സന്ദര്‍ശനത്തിന് ദുബായിലേക്ക് പോകുന്നു. മത്സരിച്ച നേതാക്കളെല്ലാം വിശ്രമത്തിലാണ്. കേരളത്തിലെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ അജണ്ട എന്ന് തിരഞ്ഞെടുപ്പിന് ശേഷം അവര്‍ എന്ത് ചെയ്തു എന്ന് നോക്കിയാല്‍ മതി. ഷാഫി പറമ്പില്‍ എന്ന ജനകീയ നേതാവിനെ മതം നോക്കി തീവ്രവാദിയാക്കലാണ് ആകെ ചെയ്യുന്ന പണി.

7 ഘട്ടമായുള്ള തിരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങള്‍ ബാക്കി നില്‍ക്കുന്നു. പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ചുമതല ലഭിച്ച് പോയിക്കഴിഞ്ഞു. അവര്‍ രണ്ട് മാസം കൊടും വെയില്‍ കൊണ്ട് പ്രചാരണം നടത്തിയവരാണ്. എന്നിട്ട് പോലും അവര്‍ക്ക് വിശ്രമമില്ല. കോണ്‍ഗ്രസിന് വിശ്രമിക്കാനാവില്ല. ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ നില നില്‍പ്പിന് വേണ്ടിയുള്ളതാണ്, അല്ലാതെ ചിഹ്നം നില നിര്‍ത്താനുള്ളതല്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ട്.

ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രസക്തി എത്ര മാത്രമാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായില്ലേ? പിബി മെമ്പര്‍മാരൊക്കെ കൂടുതല്‍ കേരളത്തില്‍ നിന്നാണ്. അവര്‍ക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാന്‍ ഉത്തരേന്ത്യയിലേക്ക് പൊയ്ക്കൂടെ? പോട്ടെ, ബംഗാളിലേക്കെങ്കിലും പൊയ്ക്കൂടെ. അഖിലേന്ത്യാ തലത്തില്‍ ബിജെപിയ്‌ക്കെതിരെ എന്ത് പോരാട്ടമാണ് സിപിഐഎം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ ഇപ്പോള്‍ നടത്തുന്നത്? നിങ്ങള്‍ക്ക് വിശ്രമിക്കാം, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവരുതെന്ന് ആഗ്രഹിക്കുന്ന നിങ്ങള്‍ വിശ്രമിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. 'ഇന്ത്യ ഉണ്ടെങ്കിലേ കേരളമുള്ളൂ... കേരളമുണ്ടെങ്കിലേ സിപിഐഎം ഉള്ളൂ...' എന്ന് പാര്‍ട്ടി വിലയിരുത്തുന്നത് നന്ന്. 

'സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു'; തിരുവല്ലയിലെ പ്രതിയെ കൈയേറ്റം ചെയ്ത് ബന്ധുക്കള്‍ 

 

Latest Videos
Follow Us:
Download App:
  • android
  • ios