Asianet News MalayalamAsianet News Malayalam

വീട് കയറി ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ ആളുടെ വീടിന് പ്രതി തീയിട്ടു; വീട് പൂര്‍ണമായി കത്തിയമര്‍ന്നു

പോലീസും കഴക്കൂട്ടം അഗ്നിശമന സേനയും തീയണച്ചെങ്കിലും വീട് പൂർണ്ണമായും കത്തിയമര്‍ന്നു

Man burned home of complainant at Trivandrum
Author
First Published May 10, 2024, 11:52 PM IST

തിരുവനന്തപുരം: വീട് കയറി അക്രമിച്ചതിന് പോലിസിൽ പരാതി നൽകിയ ആളിന്റെ വീടിന് തീയിട്ടു. കഴക്കൂട്ടം ഫാത്തിമപുരത്താണ് സംഭവം. കൽപന കോളനിയ്ക്ക് സമീപം ഫാത്തിമ പുരത്ത് സ്റ്റാലിന്റെ വീടിനാണ് ഇയാൾ തീയിട്ടത്. പഞ്ചായത്ത് ഉണ്ണി എന്നയാളാണ് അക്രമം നടത്തിയത്. കഴക്കൂട്ടം, കഠിനംകുളം പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പഞ്ചായത്ത് ഉണ്ണി എന്നറിയപ്പെടുന്ന രതീഷ്. വീട് പൂർണ്ണമായും കത്തിയമർന്നു. വീട്ടിനുള്ളിലെ എല്ലാ വസ്തുക്കളും കത്തി നശിച്ചു. പോലീസിൽ വിവരമറിയിച്ചതിനും സ്റ്റാലിന്റെ മാതാവിന്റെ വീട് കയറി അക്രമിച്ചതിനും കേസ് കൊടുത്തതിനുള്ള വിരോധമാണ് കാരണം. 

അഞ്ചു ദിവസം മുൻപ് മറ്റൊരു വീട് കയറി ആക്രമിച്ചതിന് പോലീസ് അറസ്റ്റു ചെയ്തെങ്കിലും ജാമ്യം കിട്ടുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. അതിനാൽ തന്നെ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടൻ രണ്ട് ആക്രമണങ്ങൾ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. ഇന്ന് രാത്രി ഇയാൾ സ്ഥലത്തെത്തിയ വിവരമറിഞ്ഞ കഴക്കൂട്ടം പോലീസ് ഇവിടെയെത്തിയിരുന്നു. പാർവ്വതി പുത്തനാർ നീന്തിക്കടന്ന ഇയാൾ മറുകരയിലുള്ള വീടിന് തീയിടുകയായിരുന്നു.

പോലീസും കഴക്കൂട്ടം അഗ്നിശമന സേനയും തീയണച്ചെങ്കിലും വീട് പൂർണ്ണമായും കത്തിയമര്‍ന്നു. രണ്ടു സ്റ്റേഷനുകളിലുമായി നാൽപതോളം കേസുകളിൽ പ്രതിയാണ് പഞ്ചായത്ത് ഉണ്ണി. കാപ്പ കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios