Asianet News MalayalamAsianet News Malayalam

'വിവാദങ്ങളുണ്ടാക്കുന്നതിലൂടെ ഭരണസ്തംഭനം'; ആര്യക്കെതിരെ പ്രതിഷേധം വ്യാപിപ്പിച്ച് ബിജെപി, കോർപറേഷന് മുന്നിൽ ധർണ

മേയർ നിരന്തരം വിവാദങ്ങളുണ്ടാക്കുന്നതിലൂടെ നഗരസഭയിൽ ഭരണസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് സമരം സംഘടിപ്പിച്ചത്.

mayor arya rajendran vs bjp staged sit on strike in front of thiruvananthapuram corporation
Author
First Published May 9, 2024, 3:27 PM IST

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം വ്യാപിപ്പിച്ച് ബിജെപി. നഗരസഭാ കൗൺസിലർമാരുടെയും പാർട്ടി പ്രവർത്തകരുടേയും നേതൃത്വത്തിൽ കോർപ്പറേഷന് മുന്നിൽ ധർണ നടത്തി. മേയർ നിരന്തരം വിവാദങ്ങളുണ്ടാക്കുന്നതിലൂടെ നഗരസഭയിൽ ഭരണസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് സമരം സംഘടിപ്പിച്ചത്. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർക്കെതിരെ പൊലീസ് നടപടി കടുപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. 

കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണം എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യ വാക്കുകൾ ഉപയോഗിച്ചെന്ന് യദു ആരോപിച്ചു. കെഎസ്ആ‍ര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശം നൽകിയതോടെയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. 

ബസ് തങ്ങള്‍ സഞ്ചരിച്ച കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ അശ്ലീല ആംഗ്യം കാണിച്ചെന്നുമുള്ള മേയറുടെ പരാതിയിൽ നേരത്തെ യദുവിനെതിരെ കേസെടുത്തിരുന്നു. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന സമയത്ത് യദു മുമ്പും അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടായിരുന്നു. 2022ൽ യദു ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് തമ്പാനൂർ പൊലീസ് യദുവിനെതിരെ കേസെടുത്തിരുന്നു. 2017 ൽ അപകടകരമായ രീതിയിൽ വണ്ടി ഓടിച്ചതിന് യദുവിനെതിരെ പേരൂർക്കട പൊലിസും കേസെടുത്തിട്ടുണ്ട്. യദുവിനെതിരെ നടി റോഷ്നയും പരാതിയുമായി രംഗത്തെത്തിയിരുന്നു. നടുറോഡിൽ യദു അസഭ്യം പറഞ്ഞെന്നാണ് റോഷ്നയുടെ പരാതി. പെട്ടെന്ന് കൊച്ചിയിലെത്തേണ്ടതുള്ളത് കൊണ്ടാണ് അന്നു തന്നെ പരാതി നൽകാതിരുന്നതെന്നും റോഷ്ന വിശദമാക്കി. ഉരുണ്ടുകളി നിർത്തി യദു മാപ്പ് പറയണമെന്നും റോഷ്ന ആവശ്യപ്പെട്ടു. 

'കഴുത്ത് കീറാതെ കഷ്ടിച്ച് രക്ഷപ്പെട്ടു'; എംവിഡി, കെഎസ്ആർടിസി ശ്രദ്ധയിലേക്ക് ബൈക്ക് യാത്രികന്‍റെ കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios