'ഇത് പ്രതീക്ഷിച്ചില്ല', ശശി തരൂരിനെതിരെ യുഡിഎഫ് കൺവീനർ; സുധീരന്‍റെ '5 ഗ്രൂപ്പി'ലും വിമർശനം

Synopsis
ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നതെന്നും, അങ്ങനെയുള്ള തരൂരിൽ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ലെന്നും യു ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു
കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തൂരിന്‍റെ 'ചെങ്കോൽ' ട്വീറ്റിലെ നീരസം പരസ്യമാക്കി യു ഡി എഫ് കൺവീനർ എം എം ഹസൻ. ചെങ്കോൽ സംബന്ധിച്ച ശശി തരൂരിന്‍റെ ട്വീറ്റ് അത്ഭുതപ്പെടുത്തിയെന്ന് ഹസൻ വ്യക്തമാക്കി. ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നതെന്നും, അങ്ങനെയുള്ള തരൂരിൽ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ലെന്നും യു ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ അഞ്ചു ഗ്രൂപ്പ് ഉണ്ടെന്ന വി എം സുധീരന്‍റെ പരാമർശത്തിലും ഹസൻ വിമർശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളെ രജിസ്റ്റർ ചെയ്യും പോലെ കെ പി സി സി ആസ്ഥാനത് ഗ്രൂപ്പ് രജിസ്റ്റർ ചെയ്യാറില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അഞ്ചു ഗ്രുപ്പൊക്കെ ഉണ്ടെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ആ കാര്യമാകും സുധീരൻ പറഞ്ഞതെന്നും ഹസൻ അഭിപ്രായപ്പെട്ടു. രണ്ടു ഗ്രുപ്പിനെ തന്നെ താങ്ങാൻ ഉള്ള ശക്തി പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഐ ഐ ക്യാമറ, കെ ഫോൺ അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനവും യു ഡി എഫ് കൺവീനർ എം എം ഹസൻ ചോദ്യം ചെയ്തു. കെ ഫോൺ, എ ഐ ക്യാമറ തുടങ്ങിയ പദ്ധതികളിലെല്ലാം അഴിമതി നടന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇതിന്‍റെയെല്ലാം പ്രഭവ കേന്ദ്രമെന്നും ഹസൻ അഭിപ്രായപ്പെട്ടു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ശിവശങ്കറാണെന്നും മുഖ്യമന്ത്രി മടിയിൽ കനമുള്ളത് കൊണ്ട് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അഴിമതി രാജ് ആണെന്നും പിണറായി നയിക്കുന്ന അഴിമതി സർക്കാർ ആണ് ഇവിടെയുള്ളതെന്നും ഹസൻ കൂട്ടിച്ചേർത്തു. മോദിയുടെ അതേ മൗനമാണ് പിണറായിക്കെന്നും പറഞ്ഞ യു ഡി എഫ് കൺവീനർ, പിണറായി മൗനത്തിന്‍റെ വാല്മീകത്തിൽ നിന്നും പുറത്തു വരണമെന്നും ആവശ്യപ്പെട്ടു. സർക്കാർ അന്വേഷണം നടത്താതെ മുന്നോട്ട് പോകാനാണ് ശ്രമം എങ്കിൽ പിടിച്ചു നിർത്തി കണക്കു പറയിക്കാൻ അറിയാമെന്നും യു ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു.