പാലക്കാട് കോട്ടായിയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൻ്റെ അവകാശം കോൺഗ്രസ് പാർട്ടിക്കാണെന്ന് ആലത്തൂർ മുൻസിഫ് കോടതി വിധിച്ചു. സിപിഎമ്മിൽ ചേർന്ന മുൻ മണ്ഡലം പ്രസിഡൻ്റ് മോഹൻകുമാർ നൽകിയ ഹർജി തള്ളി.

പാലക്കാട്: പാലക്കാട് കോട്ടായിയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൻ്റെ അവകാശം കോൺഗ്രസ് പാർട്ടിക്കാണെന്ന് ആലത്തൂർ മുൻസിഫ് കോടതി വിധി. സിപിഎമ്മിൽ ചേർന്ന മുൻ മണ്ഡലം പ്രസിഡൻ്റ് മോഹൻകുമാർ ഓഫീസിന് മേൽ അവകാശവാദം ഉന്നയിച്ച് നൽകിയ ഹർജി കോടതി തള്ളി.

കെട്ടിടത്തിൻ്റെ മുറി കോൺഗ്രസ് പാർട്ടിക്കാണ് നൽകിയതെന്ന കെട്ടിട ഉടമയുടെ വാദം കോടതി അംഗീകരിച്ചു. ഇതേത്തുടർന്ന്, കോൺഗ്രസ് പ്രവർത്തകർ ഓഫീസിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇൻജക്ഷൻ ഉത്തരവ് കോടതി റദ്ദാക്കി.

മോഹൻകുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ സിപിഎം പ്രവർത്തകർ ഓഫീസ് കൈയേറിയത് വലിയ വിവാദമായിരുന്നു. തുടർന്ന് ആർഡിഒ ഏറ്റെടുത്ത ഓഫീസ് ഇതുവരെ പോലീസ് സംരക്ഷണയിലായിരുന്നു.

നിയമപോരാട്ടം തുടരുമെന്ന് മോഹൻകുമാർ

കോടതി വിധിക്ക് പിന്നാലെ തൻ്റെ നിയമപോരാട്ടം തുടരുമെന്ന് മോഹൻകുമാർ അറിയിച്ചു. ഓഫീസിൻ്റെ അവകാശം തെളിയിക്കാൻ ഏതറ്റംവരെയും പോകുമെന്നും, തിങ്കളാഴ്ച ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.