Asianet News MalayalamAsianet News Malayalam

പാലക്കാട് കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ; കേസിൽ 8 പ്രതികൾ

ഷാജഹാനെ വെട്ടിയത് ഒന്നാം പ്രതിയും രണ്ടാം പ്രതിയും, മറ്റ് പ്രതികൾ കൊലയ്ക്ക് സഹായിച്ചു

Palakkad CPM Murder, Police FIR, Political murder
Author
Palakkad, First Published Aug 15, 2022, 2:15 PM IST

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊലപ്പെട്ടത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഎഫ്ഐആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്നും എഫ്ഐആറിലുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം 8 പ്രതികളാണ് കേസിലുള്ളത്. ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പ്രതികൾ. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് ഷാജഹാനെ വെട്ടിയത്. മറ്റ് 6 പേർ കൊലയ്ക്ക് സഹായം ചെയ്തു കൊടുത്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു. പാലക്കാട് കൊട്ടേക്കാട് സ്വദേശികളാണ് പ്രതികൾ എല്ലാവരും. 

അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പ്രതികരിച്ചത്. കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഷാജഹാന്റെ ശരീരത്തിൽ 10 വെട്ടുകൾ, കഴുത്തിലും കാലിലുമേറ്റ വെട്ടുകൾ മരണകാരണം

ഷാജഹാൻ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  ഷാജഹാന്റെ ഇടതു കയ്യിലും ഇടതു കാലിലുമാണ് വെട്ടേറ്റത്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

പാലക്കാട് ഷാജഹാൻ വധം; കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധവുമായി ബന്ധപ്പെട്ട കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് വിശദീകരണവുമായി സിപിഎം ജില്ലാ നേതൃത്വം. കൊലയാളി സംഘാംഗങ്ങൾ നേരത്തെ പാർട്ടി വിട്ടവരാണ്. ഇവർ ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണ്. എത്രയോ വർഷം മുൻപ് പാർട്ടി വിട്ടവരാണ്. ആർഎസ്എസാണ് ഇവർക്ക് സഹായം നൽകി വന്നത്. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. പിന്നെങ്ങിനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന് പറയുക? ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ഇവർ വന്നത്. അവിടെ മറ്റ് പാർട്ടി പ്രവർത്തകരുണ്ടായിട്ടും അവരെയൊന്നും ആക്രമിച്ചിരുന്നില്ലല്ലോയെന്നും പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ചോദിച്ചു.

 

Follow Us:
Download App:
  • android
  • ios