Asianet News MalayalamAsianet News Malayalam

മയോ ക്ലിനിക്കിൽ ചികിത്സ തുടർച്ച; മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലെത്തും, ചുമതല കൈമാറിയില്ല, ഇനിയെല്ലാം 'ഓൺലൈൻ'

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. മന്ത്രിസഭാ  യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് വ്യക്തമാകുന്നത്

Pinarayi vijayan will reach america today for continuing his treatment
Author
Thiruvananthapuram, First Published Apr 24, 2022, 12:41 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) ഇന്ന് വീണ്ടും അമേരിക്കയിലെത്തും. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്.  ഇന്ന് പുലർച്ചെയാണ് യാത്രത്തിരിച്ചത്. 18 ദിവസത്തേക്കാണ് യാത്ര. പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച പിണറായി വിജയൻ അമേരിക്കിയിലെത്തി ചികിത്സ പൂർത്തിയാക്കിയ ശേഷമാകും മടങ്ങുക. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. മന്ത്രിസഭാ  യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ജനുവരി മാസത്തിൽ മയോക്ലിനിക്കിൽ നടത്തിയ ചികിത്സയുടെ തുടർച്ചയ്ക്കായാണ് പിണറായി വിജയൻ വീണ്ടും അമേരിക്കയിലെത്തുന്നത്.

ഇക്കഴിഞ്ഞ ജനുവരി മാസം 11 മുതൽ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇക്കുറി എത്ര ദിവസം ചികിത്സ ഉണ്ടാകുമെന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇനിയും വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല മറ്റാ‍ർക്കും കൈമാറാതെയായിരുന്നു പിണറായി അമേരിക്കയിൽ ഇതുവരെ ചികിത്സ തേടിയിട്ടുള്ളത്. നേരത്തെ 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയിൽ പോയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാർക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ജനുവരിയിൽ തുടർ ചികിത്സക്ക് വേണ്ടി പോയപ്പോളും ആർക്കും ചുമതല നൽകിയിരുന്നില്ല. ഇക്കുറിയും അങ്ങനെ തന്നെയാണ്. ആ‍ർക്കും ചുമതല നൽകാതെ മുഖ്യമന്ത്രി തന്നെ കാര്യങ്ങൾ തീരുമാനിക്കും. ഭാര്യ കമലയടക്കമുള്ളവർ അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് വ്യക്തമാകുന്നത്.

മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ, പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കിയിറക്കി

അതേസമയം കഴിഞ്ഞ ജനുവരി മാസത്തിൽ അമേരിക്കയിലെ മയോക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവിലെ പ്രശ്നങ്ങൾ കഴിഞ്ഞ ആഴ്ച സർക്കാർ പരിഹരിച്ചിരുന്നു. പുതുക്കിയ ഉത്തരവ് ഇറക്കിയാണ് സ‍ർക്കാർ പ്രശ്നം പരിഹരിച്ചത്. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പിശകുണ്ടായതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ജനുവരി 11 മുതൽ 27 വരെ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്. മാർച്ച് 30 ന് മുഖ്യമന്ത്രി നേരിട്ട് നൽകിയ അപേക്ഷയിൽ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ തിയതിയിൽ പിശക് വന്നതോടെ ഉത്തരവ് റദ്ദാക്കി പുതിയത് ഇറക്കുകയായിരുന്നു. ചികിത്സാ ബില്ലിന്‍റെ തുകയനുവദിച്ച്  ഇറക്കിയ ഉത്തരവില്‍ പിഴവ് വന്നത് തീയതി രേഖപ്പെടുത്തിയതിലെന്നായിരുന്നു വിശദീകരണം. ജനുവരി 11 മുതൽ 27 വരെയെന്ന യാത്രയുടെ തിയതി 26 വരെയെന്നാണ് ആദ്യ ഉത്തരവിൽ രേഖപ്പെടുത്തിയത്. ഇത് തിരുത്തി പുതിയ ഉത്തരവ് തയ്യാറാക്കിയതായും പൊതുഭരണ വകുപ്പ് പറയുന്നു. 13 ന് ഇറക്കിയ ഉത്തരവ് പിഴവ് കാരണം 16 നാണ് റദ്ദാക്കിയത്.

Follow Us:
Download App:
  • android
  • ios