Asianet News MalayalamAsianet News Malayalam

ആര്യാടന്‍ മുഹമ്മദ്; മലപ്പുറത്തിന്‍റെ കുഞ്ഞാക്ക, കോണ്‍ഗ്രസിന്‍റെ അതികായന്‍

ഏത് പാതിരാത്രിയിലും ചെന്ന് മുട്ടാവുന്ന വാതിലായിരുന്നു നിലമ്പൂരുകാര്‍ക്ക് ആര്യാടന്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹം കുഞ്ഞാക്കയായത്.

Political Life of Aryadan muhammed
Author
First Published Sep 25, 2022, 8:55 AM IST

ലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ആര്യാടന്‍ എന്ന ഒറ്റപ്പേരിലേക്ക് ഒതുക്കിയ അപൂര്‍വ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു ഇന്ന് അന്തരിച്ച ആര്യാടന്‍ മുഹമ്മദ്. നിലമ്പൂരുകാര്‍ക്ക് കുഞ്ഞാക്കയായിരുന്നു അദ്ദേഹം. ഏത് പാതിരാത്രിയിലും ചെന്ന് മുട്ടാവുന്ന വാതിലായിരുന്നു നിലമ്പൂരുകാര്‍ക്ക് ആര്യാടന്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹം കുഞ്ഞാക്കയായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും അധികം വേരോട്ടമുള്ള നിലമ്പൂരായിരുന്നു തട്ടകമെന്നതിനാല്‍ കഠിനമായിരുന്നു ആര്യാടന്‍റെ ആദ്യകാലത്തെ രാഷ്ട്രീയ ജീവിതം. സഖാവ് കുഞ്ഞാലിയെന്ന വടവൃക്ഷം മലപ്പുറത്തും നിലമ്പൂരും കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയെ മന്ദഗതിയിലാക്കി. ഈ ഘട്ടത്തിലാണ് ആര്യാടന്‍ മുഹമ്മദ് മലപ്പുറം ജില്ലയിലെ നേതാവായി വളര്‍ന്നുവരുന്നത്. 

രാഷ്ട്രീയ വളര്‍ച്ച

സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന ആര്യാടന് നേതൃപാടവം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. 1950കളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായി ജനങ്ങളിലേക്കിറങ്ങി. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവര്‍ത്തനമാരംഭിച്ചത്. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മലബാര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവഗണിക്കാനാകാത്ത നേതാവായി മാറി. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1969ൽ മലപ്പുറം ജില്ല രൂപവത്ക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്‍റ് ആരെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമുണ്ടായിരുന്നില്ല. 1978മുതൽ കെപിസിസി സെക്രട്ടറിയായി. 

തെരഞ്ഞെടുപ്പ് ജീവിതം

കന്നി തെരഞ്ഞെടുപ്പില്‍ തോറ്റാണ് തുടങ്ങിയത്.  1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചെങ്കിലും സഖാവ്  കെ. കുഞ്ഞാലിയോട് തോറ്റു.  1977ൽ നിലമ്പൂരിൽ നിന്ന് ആദ്യമായി നിയസഭയിലെത്തി. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. എ ഗ്രൂപ്പ് ഇടതുപക്ഷത്തെത്തിയപ്പോള്‍ 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ എംഎൽഎ ആകാതെ തന്നെ ഇടത് മുന്നണി മന്ത്രിസഭയിൽ മന്ത്രിയായി. വനം-തൊഴില്‍ വകുപ്പാണ് ലഭിച്ചത്. സി. ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ച് നിയമസഭയിലെത്തി.

എന്നാല്‍, 1982ൽ ടി കെ ഹംസയോട് തോറ്റത് തിരിച്ചടിയായി.  പിന്നീട് തിരിഞ്ഞുനോക്കിയില്ല. 1987മുതൽ 2011വരെ തുടര്‍ച്ചയായി എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചു.  1995 ആന്‍റണി മന്ത്രിസഭയിലും 2004, 2005 ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും അംഗമായി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പായിരുന്നു ലഭിച്ചത്. 80ല്‍  തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സോളാര്‍ വിവാദത്തില്‍ ആര്യാടന്‍റേ പേരുമുയര്‍ന്നു. 

കുഞ്ഞാലി വധം, മായാത്ത കളങ്കം

മലപ്പുറത്തും നിലമ്പൂരിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീപ്പൊരി നേതാവായിരുന്നു സഖാവ് കുഞ്ഞാലി. 1965,67 തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ മുഹമ്മദിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തി. എന്നാല്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് 1969ൽ ജൂലൈ 26ന് നിലമ്പൂരിലെ എസ്റ്റേറ്റില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. കുഞ്ഞാലിയുടെ രാഷ്ട്രീയ എതിരാളിയായിരുന്ന ആര്യാടന്‍ മുഹമ്മദിലേക്കാണ് സംശയത്തിന്‍റെ മുനകള്‍ നീണ്ടത്.  ജൂലൈ 28ന് കുഞ്ഞാലി വധക്കേസിൽ ആര്യാടനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.  

ചുള്ളിയോടിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ വച്ച് വെടിയേറ്റ കുഞ്ഞാലി പിന്നീട് നിലമ്പൂര്‍ ആശുപത്രിയിലും മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും വച്ച് ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ ആര്യാടനെ മുഖ്യപ്രതിയാക്കിയത്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും ആര്യാടനെയും മറ്റ് 23 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.  എന്നാല്‍ കുഞ്ഞാലിക്ക് മരണ മൊഴി നല്‍കാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലും കൃത്യമായ തെളിവുകളുടെ അഭാവത്തിലും ഹൈക്കോടതി ആര്യാടനെ വെറുതെ വിടുകയായിരുന്നു. സാക്ഷി മൊഴികള്‍ കണക്കിലെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഗോപാലന്‍ എന്നയാളാണ് കുഞ്ഞാലിയെ വെടിവെച്ചതെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും ആര്യാടന്‍ പറഞ്ഞു.  എന്നാല്‍ കുഞ്ഞാലിയെ വെടിവയ്ക്കാന്‍ ആര്യാടനാണ് ഗോപാലനെ ഏര്‍പ്പെടുത്തിയതെന്നാണ് അന്ന് കുഞ്ഞാലിക്കൊപ്പമുണ്ടായിരുന്ന സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എന്നാല്‍, കുഞ്ഞാലി വധത്തില്‍ പ്രതിയായിരുന്ന ആര്യാടന്‍ 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായി. ആര്യാടന്‍ മുഹമ്മദിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ അവസാനം വരെ വേട്ടയാടിയ സംഭവമായിരുന്നു കുഞ്ഞാലി വധം. 

മുസ്ലീം ലീഗുമായുള്ള ഏറ്റുമുട്ടല്‍

മലപ്പുറത്തെ കോണ്‍ഗ്രസിന്‍റെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു മുസ്ലിം ലീഗ്. സഖ്യകക്ഷിയാണെങ്കിലും മുസ്ലിം ലീഗിന്‍റെ വളര്‍ച്ച കോണ്‍ഗ്രസിന് രാഷ്ട്രീയമായ തിരിച്ചടിയായണെന്ന ബോധ്യമുണ്ടായിരുന്നു ആര്യാടന്‍ മുഹമ്മദിന്. അതുകൊണ്ടുതന്നെ ലീഗിനെ വിമര്‍ശിക്കാന്‍ ആര്യാടന്‍ മടിച്ചിരുന്നില്ല. പാണക്കാട് തങ്ങള്‍ മുതല്‍ അഞ്ചാം മന്ത്രി വിഷയത്തില്‍ വരെ ലീഗും ആര്യാടനും ഏറ്റുമുട്ടി. എന്നാല്‍, തെരഞ്ഞെടുപ്പുകളില്‍ ആര്യാടനെ ലീഗ് കൈവിട്ടില്ല. 

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു
 

Follow Us:
Download App:
  • android
  • ios