Asianet News MalayalamAsianet News Malayalam

ഇഡി മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? 24 മണിക്കൂറും മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നു: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

Rahul Gandhi against Kerala CM Pinarayi Vijayan
Author
First Published Apr 18, 2024, 1:32 PM IST

കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാൽ  ബിജെപി 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും അന്വേഷണ ഏജൻസികളെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താൻ ഓരോ ദിവസവും ആലോചിക്കുന്നത്. പാർലമെന്റിലേക്ക് പോകുമ്പോൾ ബിജെപി എം പിമാർ ഇയാൾ ഞങ്ങളെ അസ്വസ്ഥപെടുത്തുന്നു എന്ന് പറയും. അതിനു ഞാൻ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. ബിജെപി മാധ്യമങ്ങളെ ഉപയോഗിച്ച് എന്നെ വേട്ടയാടുകയാണ്. ലോക്സഭാ അംഗത്വം എടുത്തുകളഞ്ഞു. ഇ ഡി ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ആ വൃത്തികെട്ട വീട് വേണ്ടെന്ന സന്തോഷമാണ് എനിക്ക് തോന്നിയത്. ഈ രാജ്യത്ത് തനിക്ക് ലക്ഷക്കണക്കിന് വീടുകളുണ്ടെന്നും രാഹുൽ പറഞ്ഞു.

ഭരണഘടനയെ കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്ന രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു പാർട്ടിയും ചെയ്യാത്തത് ബിജെപി ചെയ്യുകയാണ്. ഭാഷ അടിച്ചേൽപ്പിച്ച് ബിജെപി ഓരോ കേരളീയനെയും അപമാനിക്കുന്നു. മലയാള ഭാഷയിൽ മലയാളിയുടെ  ചരിത്രവും എല്ലാ വികാരങ്ങളുമുണ്ട്. മലയാളം സംസാരിക്കേണ്ട എന്ന് പറയുമ്പോൾ ഏത് ഭാഷയിൽ കേരളം അതിന്റെ ചരിത്രം പറയും? കേരളത്തിലെ ദോശയും തമിഴ്നാട്ടിലെ ദോശയും വ്യത്യസ്തമാണെന്ന് മോദി മനസ്സിലാക്കണം. തമിഴ്നാടിന്റെ ചരിത്രം മനസ്സിലാക്കാതെ അവിടുത്തെ ദോശ ഇഷ്ടമാണെന്ന് മാത്രം മോദി പറയുന്നു. ഇന്ത്യയുടെ അടിസ്ഥാന ആശയം നശിപ്പിക്കാൻ മോദിക്ക് കഴിയില്ല. താൻ ഭാരത് ജോഡോ യാത്ര നടത്തി, 4000 കി മി നടന്നു. അതിന്റെ മുട്ടുവേദന ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios