Asianet News MalayalamAsianet News Malayalam

എംജി സർവകലാശാല സംഘർഷം; എസ്എഫ്ഐ വാദം പൊളിയുന്നു, പ്രതി സംഭവസ്ഥലത്തുണ്ടായിരുന്ന വീഡിയോ പുറത്ത്

പ്രതി ആർഷോയുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആർഷോ എന്നതിന്‍റെ വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

SFI AISF clash in MG University video out of the accused at scene
Author
Kottayam, First Published Oct 24, 2021, 7:05 AM IST

കോട്ടയം: എംജി സർവകലാശാല സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിയായ ആർഷോ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന എസ്എഫ്ഐ വാദം പൊളിയുന്നു. ആർഷോയുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആർഷോ എന്നതിന്‍റെ വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.  അതിനിടെ പ്രശ്നത്തിൽ ഒത്തുതീർപ്പിനുള്ള നീക്കവും സജീവമാണ്.

എഐഎസ്‍എഫ് വനിതാ നേതാവ് പേരെടുത്ത് വിളിച്ച് സംസാരിക്കുന്നത് എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്‍റും സംസ്ഥാന സമിതി അംഗവുമായ പി.എം. ആർഷോയോടാണ്. വിദൂര ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച ആർഷോയെ കാണാം. വനിതാ നേതാവിന്‍റെ സഹപാഠി കൂടിയാണ് ആർഷോ. ഈ നേതാവാണ് സംഘർഷ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് എസ്എഫ്ഐ വാദിക്കുന്നത്. ആക്രമണത്തിന് നേതൃത്വം കൊടുത്തത്  തന്നെ ആർഷോ ആണെന്നാണ് എഐഎസ്എഫ് ആരോപണം.

ആർഷോക്കെതിരെയുള്ള കേസുകളുടെ വിവരങ്ങളാണിത്.  33 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. ഇതിൽ 30 എണ്ണവും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷന് കീഴിൽ. കെഎസ്‍യു നേതാവായിരുന്ന നിസാമിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് ആർഷോ.

അതേസമയം, വിഷയത്തിൽ  സിപിഎം നേതാക്കൾ സിപിഐ തലത്തിൽ ഇടപെട്ടുള്ള ഒത്തുതീർപ്പ് നീക്കം നടക്കുന്നുവെന്നാണ് സൂചന. അതിന്‍റെ ഭാഗമായാണ് എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ സമാന ആരോപണം ഉന്നയിച്ച് കേസ് കൊടുത്തത്. എഐഎസ്എഫ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി ഒത്തുതീർപ്പിൽ എത്തിക്കാനാണ് നീക്കം . എന്നാൽ പാർട്ടി പിന്നിലുണ്ടെന്നും ഒത്തുതീർപ്പിന് ഒരു കാരണവശാലും വഴങ്ങില്ലെന്നും എഐഎസ്‍എഫ് നേതൃത്വം വ്യക്തമാക്കുന്നു. നിയമപരമായി മുന്നോട്ട് പോകാനാണ് എഐഎസ്എഫിന്‍റെ തീരുമാനം. ഇതുവരെയുള്ള പൊലീസ് നടപടി വനിതാ നേതാവിനും പ്രവർത്തകർക്കും നീതി നൽകുന്നതെന്നാണ് എഐഎസ്എഫ് വിലയിരുത്തൽ. തുടർ നടപടികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും നേതൃത്വം പറയുന്നു.  

 

Follow Us:
Download App:
  • android
  • ios