Asianet News MalayalamAsianet News Malayalam

വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്നും രേഖപ്പെടുത്തിയത്  ഉയർന്ന താപനില. സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ഇവിടെ ചൂട് രേഖപ്പെടുത്തിയത്

Special attention should be paid as 5.5 degrees above normal in two districts and abnormal heat in other 6 districts
Author
First Published Apr 29, 2024, 10:24 PM IST

തിരുവനന്തപുരം: പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്നും രേഖപ്പെടുത്തിയത്  ഉയർന്ന താപനില. സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ഇവിടെ ചൂട് രേഖപ്പെടുത്തിയത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,  മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം രേഖപ്പെടുത്തി. ഈ ജില്ലകളിലും സമീപ ജില്ലകളിലും നാളെ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്പിന്റെ ഇന്ന് വൈകിട്ട് 05.30ന് പുറപ്പെടുവിച്ച താപനില മുന്നറിയിപ്പ് വ്യക്തമാക്കുന്നു. മറ്റു ജില്ലകളിലും സാധാരണയെക്കാൾ ചൂട് കൂടാൻ സാധ്യതയുണ്ട്. 

അതേസമയം, കനത്ത ചൂട് തുടരുന്നതിനിടെ അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ, എറണാംകുളം എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കേരളത്തിലുടനീളം മഴ ലഭിക്കും. ഒന്നാം തിയ്യതി മുതൽ മൂന്ന് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാംകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. 

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ 29 മുതൽ മെയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 - 5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് 03 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 

ഉഷ്ണതരംഗ സാധ്യത; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി; ക്ലാസുകൾ ഓൺലൈനിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios