Asianet News MalayalamAsianet News Malayalam

സിഐടിയു തൊഴിലാളികളുടെ മർദ്ദനത്തിൽ നടപടി; ബിപിസിഎൽ പ്ലാന്‍റിലെ കരാർ ഡ്രൈവർമാരുടെ പണിമുടക്ക് പിൻവലിച്ചു

ലോഡ് ഇറക്കാൻ 20 രൂപ കൂലി കുറഞ്ഞെന്ന് പറഞ്ഞാണ് ഡ്രൈവറെ കയറ്റിറക്ക് തൊഴിലാളികൾ മർദ്ദിച്ചത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു.

Tanker drivers call off strike at kochi BPCL LPG Bottling plant
Author
First Published May 10, 2024, 11:13 AM IST

കൊച്ചി: ജോലിക്കിടെ ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊച്ചി ബിപിസിഎൽ പാചകവാതക പ്ലാന്‍റിലെ കരാർ  ഡ്രൈവർമാർ തുടങ്ങിയ പണിമുടക്ക് പിൻവലിച്ചു. ഡ്രൈവറെ മർദ്ദിച്ച സിഐടിയു കയറ്റിറക്ക് തൊഴിലാളികളെ സംഘടനയിലും, ഏജൻസിയിൽ  നിന്നും പുറത്താക്കും, ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് സമരം പിൻവലിച്ചത്. ബിപിസിഎൽ മാനേജ്മെന്‍റ്, കരാറുകാർ,ഏജൻസി പ്രതിനിധികൾ എന്നിവർ ഡ്രൈവർമാരുടെ സംഘടനയുമായി ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഇതോടെ ഏഴ് ജില്ലകളിലേക്ക് മുടങ്ങിയ പാചകവാതക വിതരണം വീണ്ടും തുടങ്ങി. ലോഡ് ഇറക്കുന്ന സമയത്ത് ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന സർക്കുലർ എല്ലാ ഏജൻസികൾക്കും അയക്കാനും തീരുമാനമായി. കൊടകര ശ്രീമോൾ ഏജൻസിയിൽ വെച്ച് സിഐടിയു കയറ്റിറക്കി തൊഴിലാളികൾ കാലടി സ്വദേശി ശ്രീകുമാറിനെ മർദ്ദിച്ചതിലായിരുന്നു പ്രതിഷേധം. ലോഡ് ഇറക്കാൻ 20 രൂപ കൂലി കുറഞ്ഞെന്ന് പറഞ്ഞാണ് ഡ്രൈവറെ കയറ്റിറക്ക് തൊഴിലാളികൾ മർദ്ദിച്ചത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു.

എട്ടാം തീയതി ഉച്ചയോടെയാണ് അമ്പലമുകളിലെ ബിപിസിഎൽ യൂണിറ്റിൽ നിന്ന് പാചകവാതക സിലിണ്ടറുമായി കാലടി സ്വദേശി ശ്രീകുമാർ കൊടകര ശ്രീമോൻ ഏജൻസിയിലെത്തിയത്. ലോഡിറക്കാൻ കരാർ പ്രകാരമുള്ള തുകയേക്കാൾ  20 രൂപ കൂടുതൽ ആവശ്യപ്പെട്ടാണ് വാക്തർക്കമുണ്ടായത്. തുടര്‍ന്ന് രണ്ട് കയറ്റിറക്ക് തൊഴിലാളികള്‍ ചേര്‍ന്ന് ശ്രീകുമാറിനെ മര്‍ദിക്കുകയായിരുന്നു. ഡ്രൈവറുടെ കഴുത്തില്‍ പിടിച്ചുകൊണ്ട് മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരാള്‍ ശ്രീകുമാറിനെ പിടിച്ചുവെക്കുകയും മറ്റൊരാള്‍ മര്‍ദനം തുടരുന്നതും ദൃശ്യത്തില്‍ കാണാം. 

മര്‍ദിക്കുന്നത് തടയാൻ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിയേറ്റ ശ്രീകുമാര്‍ താഴെ വീഴുകയായിരുന്നു. മുഖത്തും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും ശക്തമായി അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശ്രീകുമാര്‍ താഴെ വീണശേഷവും മര്‍ദിക്കാൻ ഒരുങ്ങിയെങ്കിലും സ്വകാര്യ ഏജൻസിയിലെ ജീവനക്കാരൻ സിഐടിയു കയറ്റിറക്ക് തൊഴിലാളികളെ പിടിച്ചുമാറ്റുകയായിരുന്നു.

Read More : 'കണ്ണിലും നെഞ്ചിലും പരിക്ക്, വീട്ടിൽ വന്നുപോയ അജ്ഞാതൻ ആര്?'; മായ മുരളിയുടെ മരണം, ഭർത്താവും മിസ്സിംഗ്, ദുരൂഹത!

Latest Videos
Follow Us:
Download App:
  • android
  • ios